|    Jun 23 Sat, 2018 2:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്നാറിലെ ഏലം പാട്ടഭൂമിയില്‍ റിസോര്‍ട്ട് ഉണ്ടായതെങ്ങനെ? ഹൈക്കോടതി ഉത്തരവ് പുനപ്പരിശോധിക്കും: സുപ്രിംകോടതി

Published : 28th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മൂന്നാറില്‍ ഏലം കൃഷിക്കായി പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ ഉണ്ടായതെങ്ങനെയെന്ന് സുപ്രിംകോടതി. റിസോര്‍ട്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്നും പി സി ഘോഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അനുവദിച്ച ആവശ്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍പെട്ട മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്‌സ് നയന്‍ എന്നീ റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.ചിന്നക്കനാലിലെ ക്ലൗഡ്‌സ് നയന്‍, പള്ളിവാസലിലെ മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ക്ക് എതിരേ ദൗത്യസംഘം സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 1936ലെ തിരുവിതാംകൂര്‍ ഏലം ചട്ടപ്രകാരം പ്രാഥമിക രജിസ്‌ട്രേഷന്‍ മാത്രമാണ് ഈ പാട്ടഭൂമിയില്‍ നടന്നിട്ടുള്ളത്. ഇവിടെ ഏലം കൃഷി ചെയ്യാനാണ് സ്ഥലം നല്‍കിയത്. അതില്‍ മാറ്റം വരുത്താനോ നിര്‍മാണപ്രവര്‍ത്തനം നടത്താനോ അനുവദിച്ചിട്ടില്ല. മാത്രമല്ല, തെളിവുകളും രേഖകളും പരിശോധിച്ച് ഉടമാവകാശം പതിച്ചുനല്‍കേണ്ടത് സിവില്‍ കോടതിയാണ്. എന്നാല്‍ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഫോട്ടോകോപ്പി വച്ചാണ് ഹൈക്കോടതി ഉടമാവകാശം പതിച്ചുനല്‍കിയതെന്നും സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഫോട്ടോകോപ്പി നോക്കിയാണ് ഭൂമിയുടെ ഉടമാവകാശം പതിച്ചുനല്‍കിയതെങ്കില്‍ ഹൈക്കോടതി വിധി പുനപ്പരിശോധിക്കുമെന്നു കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറും റിസോര്‍ട്ട് ഉടമകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss