|    Apr 21 Sat, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നാറിന്റെ മാറു പിളര്‍ന്ന് ഭൂമാഫിയ

Published : 2nd April 2017 | Posted By: fsq

ഷാനവാസ് കാരിമറ്റം

മൂന്നാറിലെ പൂച്ചകളുടെ ഓപറേഷന്‍ എന്തായിരുന്നു? എന്തിനായിരുന്നു?

1990-2006 കാലഘട്ടത്തിലാണ് മൂന്നാറില്‍ വ്യാപകമായി ഭൂമികൈയേറ്റം നടന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറുക, കൈവശപ്പെടുത്തുക, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇതുവഴി സ്വകാര്യ വ്യക്തികള്‍ കൊള്ളലാഭമുണ്ടാക്കുക തുടങ്ങിയ നീക്കങ്ങള്‍ മൂന്നാറില്‍ വ്യാപകമായി നടന്നു. സര്‍ക്കാര്‍ പാട്ടഭൂമി ഉള്‍പ്പെടുന്ന ഏലമലക്കാടുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ പണിതു കച്ചവടം നടത്തുന്നതും ഇതേ കാലഘട്ടത്തിലാണ്. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പലവട്ടം ഉന്നയിച്ച ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിഎസിനു മുഖ്യമന്ത്രിയാകേണ്ടിവന്നു.

മുഖ്യമന്ത്രിയായപ്പോള്‍ മൂന്നാര്‍ വിഷയം ഏറ്റെടുത്ത അദ്ദേഹം കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തു. ഭരണപക്ഷത്തെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ചരിത്രപരമായ നീക്കത്തിനു വിഎസ് തുടക്കം കുറിച്ചത്. 2007 ഏപ്രില്‍ മാസത്തിലാണ് മന്ത്രിസഭ മൂന്നാറിലെ കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ തീരുമാനിക്കുന്നത്. മന്ത്രിസഭാ യോഗതീരുമാനത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദൗത്യം പൂര്‍ണതോതില്‍ നടപ്പാക്കുന്നതിനും വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനെ മൂന്നാറിലേക്ക് അയക്കാനും തീരുമാനിച്ചു.

യോഗത്തില്‍ എ സുരേഷ് കുമാര്‍ ഐഎഎസിന്റെ പേര് വിഎസ് നിര്‍ദേശിച്ചു. കോടിയേരി ബാലകൃഷ്ണന്‍ തീരുമാനം എഴുതി തയ്യാറാക്കി.

സുരേഷ്‌കുമാര്‍

തുടര്‍ന്നു മെയിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.  മുമ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് കൊടുക്കുക മാത്രമാണ് ചെയ്തിരുന്നത്. ഒരിക്കലും ശക്തമായ നടപടിയിലേക്ക് അതു നീങ്ങിയിരുന്നില്ല. കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അല്ലാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയുമാണ് അധികാരകേന്ദ്രങ്ങളില്‍ ബന്ധമുണ്ടായിരുന്ന കൈയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിവച്ചത്.

സര്‍ക്കാര്‍ നിയോഗിച്ച വിവിധ അന്വേഷണ കമ്മീഷനുകള്‍ എല്ലാംതന്നെ ഇതു കൈയേറ്റമാണെന്ന് റിപോര്‍ട്ട് കൊടുത്തിരുന്നു. രാജന്‍ മധേക്കര്‍ റിപോര്‍ട്ട്, നിവേദിത പി ഹരന്‍ റിപോര്‍ട്ട്, സനല്‍ കുമാര്‍ റിപോര്‍ട്ട് എന്നിവയിലെല്ലാം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാന കാബിനറ്റ് യോഗം അവിടത്തെ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തി മൂന്നാറിലേക്ക് അയച്ചു. അദ്ദേഹത്തെ സഹായിക്കാനായി ഐജി ഋഷിരാജ് സിങിനെയും നിയോഗിച്ചു.

പ്രദേശത്തെ അനധികൃത കൈയേറ്റങ്ങളുടെ മുഴുവന്‍ ലിസ്റ്റും എടുക്കുന്നതിനും റവന്യൂ വകുപ്പിന്റെ ചുമതലകള്‍ കാര്യക്ഷമമായി നോക്കുന്നതിനും രാജു നാരായണസ്വാമിയെ കലക്ടര്‍ ആയി നിയമിക്കുകയും ചെയ്തു. മൂന്നാര്‍ ദൗത്യസംഘം മൂന്നാറിലും സമീപപ്രദേശങ്ങളിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുകയാണ് ചെയ്തത്. ദൗത്യസംഘം മൂന്നാറിലെ സര്‍ക്കാര്‍ അതിഥിമന്ദിരം താല്‍ക്കാലിക ക്യാംപ് ഓഫിസ് ആക്കി മാറ്റി. കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം ഒഴിപ്പിക്കല്‍ നടത്തുകയായിരുന്നു ലക്ഷ്യം. സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ അതതു വകുപ്പുകളാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനു നീക്കം നടത്തിയത്. കൈയേറ്റവും കുടിയേറ്റവും തമ്മില്‍ വ്യത്യാസമുണ്ട്.

ലോകത്ത് വേറെയെങ്ങും സ്ഥലമില്ലാത്തവന്‍ ഉപജീവനത്തിനു വേണ്ടി ഒരല്‍പം സ്ഥലം ഉപയോഗിക്കുകയും താമസിക്കുകയും ചെയ്യുന്നതിനെ കുടിയേറ്റമായി കണക്കാക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ സ്വന്തമായി ഭൂമിയും വീടും സ്ഥാപനങ്ങളുമുള്ളവര്‍ അമിത ലാഭം കിട്ടാന്‍ വേണ്ടി സംസ്ഥാനത്തിന്റെ ഭൂമി കൈയേറിയാല്‍ അതിനെ കൈയേറ്റമായേ കണക്കാക്കാന്‍ കഴിയൂ. ഇത് രണ്ടും ഒന്നായി കാണാന്‍ കഴിയില്ല. ഒരുപോലെ കാണണമെന്നു പറയുന്നവന്‍ സത്യത്തില്‍ വാദിക്കുന്നത് കൈയേറ്റക്കാരനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.

ഇത്തരം വാദം ഉന്നയിക്കുന്നവരുടെ പിന്‍മുറക്കാരാണ് കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി നീങ്ങുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെതിരേ ഭീഷണിയും കൈയൂക്കുമായി നീങ്ങുന്നത്.

ഭാഗം 2 :

കൈയേറ്റ രാഷ്ട്രീയം; പുറത്താവുന്നത് ഇരട്ടത്താപ്പ്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss