|    Mar 22 Thu, 2018 1:40 pm
Home   >  Editpage  >  Middlepiece  >  

മൂന്നാര്‍ സമരം: വിജയിച്ചതാര്?

Published : 31st October 2015 | Posted By: SMR

നിഷാദ് എം ബഷീര്‍

മൂന്നാറിലെ തോട്ടംതൊഴിലാളി സമരത്തെ ഐതിഹാസിക സമരമെന്നും മുല്ലപ്പൂ വിപ്ലവമെന്നുമൊക്കെയാണ് കേരളം ഒന്നടങ്കം വിശേഷിപ്പിച്ചത്. സമരം താല്‍ക്കാലികമായെങ്കിലും കെട്ടടങ്ങുമ്പോള്‍ ബാക്കിയാവുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. കപട രാഷ്ട്രീയം മടുത്തുകഴിഞ്ഞ സാധാരണക്കാര്‍, വിശേഷിച്ചും ഇതുവരെ നിശ്ശബ്ദരായിരുന്ന സ്ത്രീതൊഴിലാളികള്‍ ബദലിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയെന്നതിന്റെ സൂചനകളാണ് മൂന്നാര്‍ സമരത്തിലൂടെ പുറത്തുവരുന്നത്. കൊടിക്കൂറകളുടെയും വാഗ്ദാനക്കസര്‍ത്തുകളുടെയും കീഴിലല്ലാതെ സ്വന്തം ജീവിതത്തിനും തൊഴിലവകാശത്തിനും വേണ്ടി പുതിയൊരു രാഷ്ട്രീയം സാധ്യമാണെന്ന് അവര്‍ ചരിത്രമെഴുതി. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ക്കും തൊഴിലാളി യൂനിയനുകള്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തൊഴിലുടമകള്‍ക്കും അതൊരു ദുസ്സൂചനയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കു മുന്നില്‍ ഒരു പരിധിവരെയെങ്കിലും അടിയറവു പറയേണ്ടിവന്ന തൊഴിലാളി സമൂഹത്തെയാണ് നാം അവസാനം കണ്ടത്.
മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അവകാശപ്പോരാട്ടങ്ങള്‍ക്കുമൊടുവില്‍ കാര്യമായ ഒരു നേട്ടവുമില്ലാതെ സമരം അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ യൂനിയനുകളില്‍നിന്ന് ഒരിക്കല്‍ക്കൂടി തൊഴിലാളികള്‍ വഞ്ചനയുടെ രുചിയറിഞ്ഞു. കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ (കെഡിഎച്ച്പി) കമ്പനി തൊഴിലാളികളുടെ ബോണസ് കഴിഞ്ഞ തവണ നല്‍കിയ 19 ശതമാനത്തില്‍നിന്നു 10 ശതമാനമായി വെട്ടിക്കുറച്ചതാണ് മൂന്നാറിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഒരുശതമാനം വര്‍ധനയായിരുന്നു തൊഴിലാളികളുടെ ആവശ്യം. 500 രൂപ ദിവസക്കൂലിയും അവര്‍ മുന്നോട്ടുവച്ചു. ദാരിദ്ര്യത്തില്‍ കഴിയുന്ന അവരുടെ ന്യായമായ ആവശ്യം നേടിക്കൊടുക്കാന്‍ തൊഴിലാളി യൂനിയനുകള്‍ വൈമുഖ്യം കാണിച്ചതോടെയാണ് തൊഴിലാളികള്‍ നേരിട്ടു സമരത്തിനിറങ്ങിയത്. കണ്ണന്‍ദേവനിലെ 13,000ഓളം വരുന്ന സ്ഥിരം തൊഴിലാളികളില്‍ ഭൂരിപക്ഷമായ കൊളുന്തു നുള്ളുന്ന സ്ത്രീകള്‍ സ്വന്തം വീട്ടിലെ പുരുഷന്‍മാരെപ്പോലും പുറത്തുനിര്‍ത്തി പോരാട്ടം തുടങ്ങിവച്ചു. അത് പൊമ്പിളൈ ഒരുമൈ സഖ്യമായി.
സമരത്തിന് വാര്‍ത്താപ്രാധാന്യമേറുകയും കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നുള്ള തിരിച്ചറിവുമാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ സമരവേദികളിലേക്ക് നയിച്ചത്. എന്നാല്‍, പിന്തുണയ്ക്കാനെത്തിയ നേതാക്കന്‍മാരെയെല്ലാം അവര്‍ ആട്ടിപ്പായിച്ചു. സ്ഥലം എംഎല്‍എയ്ക്കുപോലും നാണംകെട്ട് സമരവേദിയില്‍നിന്ന് ഇറങ്ങിപ്പോവേണ്ടിവന്നു. മൂന്നാറിലെ തോട്ടങ്ങളില്‍ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ പാറിച്ചിട്ടുള്ളത് എഐടിയുസിയുടെ പതാകയാണ്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ ആദ്യം ഒമ്പതുദിവസം ജീവിതസമരത്തിലേര്‍പ്പെട്ടപ്പോള്‍ പേരിനൊരു ബിജിമോള്‍ മാത്രമാണെത്തിയത്. മൂന്നാറിലേക്ക് പോവാനുള്ള ധൈര്യമുണ്ടായില്ല ആര്‍ക്കും. കമ്പനിയില്‍നിന്ന് സ്വത്തും പാരിതോഷികവും പറ്റിയവരുടെ പട്ടിക തൊഴിലാളികള്‍ പുറത്തുവിട്ടപ്പോള്‍ തലയില്‍ മുണ്ടിട്ടുപോലും നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു തൊഴിലാളി യൂനിയന്‍ നേതാക്കള്‍. മൂന്നാര്‍ സമരത്തിന്റെ അലയൊലി കേരളത്തിലെ പല തോട്ടംമേഖലയിലും പ്രതിഫലിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നത് തൊഴിലാളി സംഘടനകള്‍ക്കു തന്നെയാണ്. സമരം സ്വയം ഏറ്റെടുത്തുകൊണ്ട് തങ്ങള്‍ ഒപ്പമുണ്ടെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ അവര്‍ മല്‍സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനൊപ്പം തൊഴിലാളികളുടെ കൂട്ടായ്മയെ, പ്രത്യേകിച്ച് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സഖ്യത്തെ തകര്‍ക്കുകയെന്നത് തൊഴിലാളി യൂനിയനുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നവുമായിരുന്നു. ഇക്കാര്യത്തില്‍ കൊടിയുടെ നിറംനോക്കാതെ യൂനിയനുകളെല്ലാം ഒരു കുടക്കീഴിലായി.
പിന്നീടാണ് തിരക്കഥ ആരംഭിക്കുന്നത്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പുതന്നെ 500 രൂപ ദിവസക്കൂലി നല്‍കുന്നത് തോട്ടംമേഖലയെ തകര്‍ക്കുമെന്ന പ്രസ്താവനയുമായി തൊഴില്‍മന്ത്രി ഷിബു ബേബിജോണാണ് രംഗം കൊഴുപ്പിച്ചത്. തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുത്ത് മുറവിളികളുമായി തൊഴിലാളി സംഘടനകളും പിന്നാലെയെത്തി. ആദ്യ പിഎല്‍സി യോഗം പരാജയപ്പെട്ടതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് തൊഴിലാളി സംഘടനകള്‍ മൂന്നാറില്‍ അനിശ്ചിതകാല സമരം പുനരാരംഭിച്ചു. എന്നാല്‍, യൂനിയനുകളുടെ വഞ്ചന മണത്ത പൊമ്പിളൈ ഒരുമൈ സമരത്തില്‍നിന്നു വിട്ടുനിന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് സ്ത്രീതൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു ഇത്. വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടില്ലെന്ന് മനസ്സിലായപ്പോഴാണ് പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ രണ്ടാംഘട്ട സമരം തുടങ്ങുന്നത്. തൊഴിലാളി സംഘടനകളും സ്ത്രീകൂട്ടായ്മയും രണ്ടിടങ്ങളിലായിരുന്നു സമരം. പിഎല്‍സിയില്‍ പങ്കെടുപ്പിക്കണമെന്ന് പൊമ്പിളൈ ഒരുമൈ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ദിവസക്കൂലി 232ല്‍ നിന്ന് 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ചുനിന്നതാണ് പല ചര്‍ച്ചകളും പരാജയപ്പെടാനിടയാക്കിയത്.
സര്‍ക്കാരിനാവട്ടെ കൃത്യമായ ഫോര്‍മുല ഒരു യോഗത്തിലും മുന്നോട്ടുവയ്ക്കാനായില്ല. സര്‍ക്കാര്‍ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച പ്രത്യേക പാക്കേജും കടലാസിലൊതുങ്ങുകയാണുണ്ടായത്. അനുനയത്തിന്റെ ഭാഗമായി തോട്ടം നികുതിയിലും തൊഴിലാളികള്‍ക്ക് നല്‍കുന്ന ചികില്‍സാ സഹായത്തിലും ഇളവു വരുത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും തോട്ടം ഉടമകള്‍ വഴങ്ങിയില്ല. 300 രൂപ പോലും നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss