|    Aug 20 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്നാര്‍ വിഷയം വകുപ്പുമന്ത്രി അറിയാതെ ഒന്നും നടക്കില്ല

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  സര്‍ക്കാര്‍ വിവാദങ്ങളുടെ ഫാക്ടറിയായി മാറിയിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ അധികാര കൈയേറ്റം നടക്കുന്നുവെന്നും കാനം വിമര്‍ശിച്ചു. മൂന്നാര്‍ വിഷയത്തില്‍ മന്ത്രിയെ കൂടാതെ യോഗം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മന്ത്രിയെ ഉള്‍പ്പെടുത്താതെ യോഗം നടത്തിയെങ്കില്‍ അത് അര്‍ഥശൂന്യമാണ്. റവന്യൂ വിഷയങ്ങളില്‍ ആരൊക്കെ യോഗം ചേര്‍ന്നാലും വകുപ്പ് മന്ത്രിയറിയാതെ ഒന്നും നടക്കില്ലെന്നും കാനം പ്രതികരിച്ചു.കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പി സദാശിവം വിളിച്ചുവരുത്തിയപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി ഓടിച്ചെല്ലുകയാണുണ്ടായത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മധ്യത്തിലുള്ള ഏജന്റാണ് ഗവര്‍ണര്‍. അതിനപ്പുറം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആജ്ഞാപിച്ച് വശത്താക്കാന്‍ ശ്രമിക്കുന്നത് നിയമപരമായി പരിശോധിക്കണം. സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് പേടിച്ച് പറയേണ്ടത് പറയാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രവര്‍ത്തന രീതിയെയും കാനം വിമര്‍ശിച്ചു. ഇല്ലാത്ത അധികാരം  മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരായാലും ഉപയോഗിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ പദവി ഹെഡ്്മാസറ്ററിന്റേതുപോലെയല്ല. അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഉല്‍പന്നമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും എന്നാല്‍, ആ സര്‍ക്കാര്‍ തന്നെ വിവാദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും കാനം കുറ്റപ്പെടുത്തി. ജനപക്ഷ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച രീതിയില്‍ മുന്നോട്ടുപോവാന്‍ സാധിക്കും. പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയണം. കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയവരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്നും തൊഴിലാളികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത് ഇടതു സര്‍ക്കാരിന് യോജിച്ചതാണോ എന്നും കാനം ചോദിച്ചു. തൊഴിലാളികള്‍ക്കെതിരേയുള്ള നയം സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക