|    Oct 18 Thu, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്നാര്‍ : മുഖ്യമന്ത്രിയുടെ തീരുമാനം തള്ളി റവന്യൂ മന്ത്രി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാര്‍ കേസുകളില്‍ ഹരിത ട്രൈബ്യൂണലില്‍ ഹാജരാവാന്‍ പുറത്തുനിന്നുള്ള അഭിഭാഷകനെ നിയമിക്കാനുള്ള നീക്കമാണ് റവന്യൂ മന്ത്രി തള്ളിയത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നത് റവന്യൂ വകുപ്പ് തന്നെയായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സിപിഐ പ്രതിനിധിയായ അഡീഷനല്‍ എ ജി രഞ്ജിത് തമ്പാന്‍ തന്നെ കേസില്‍ ഹാജരാവണമെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച കേസുകള്‍ 22ന് ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെ എജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഹാജരാവാന്‍ പുറത്തുനിന്നുള്ള അഭിഭാഷകനെ പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതിനെ എതിര്‍ത്താണ് റവന്യൂമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട  സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് അഡീഷനല്‍ എജിയുടെ നിലപാടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം സര്‍വകക്ഷി സംഘം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കിയത്. ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി സംഘവുമായുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമായാണ് അഡീഷനല്‍ എജി നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു സംഘത്തിന്റെ പരാതി. ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകര്‍ കൈക്കൊണ്ട നിലപാട് സര്‍ക്കാരിന്റേതല്ലെന്നും അതു തിരുത്തുന്നതിന് ഒരു അവധികൂടി കോടതിയോട് ആവശ്യപ്പെടണമെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടിരുന്നു. എജിക്കെതിരെ സര്‍വകക്ഷിയോഗത്തിന്റെ ശക്തമായ നിലപാടുണ്ടായതിനെത്തുടര്‍ന്നാണ് മറ്റൊരു അഭിഭാഷകനെ നിയമിക്കാന്‍ നീക്കം നടന്നത്. എന്നാല്‍, സര്‍ക്കാര്‍ നയമാണ് അഭിഭാഷകര്‍ കോടതിയില്‍ പറയാറുള്ളതെന്നും അതില്‍ നിന്നു വ്യത്യസ്തമായി ഈ വിഷയത്തില്‍ വല്ലതുമുണ്ടോയെന്ന് പരിശോധിക്കാമെന്നുമായിരുന്നു സംഘത്തോട് റവന്യൂ മന്ത്രി മറുപടി പറഞ്ഞത്. ഇതിനിടെയാണ് എജിയെ മാറ്റി പുറത്തു നിന്നുള്ള അഭിഭാഷകനെ നിയമിക്കാന്‍ നീക്കം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss