|    Jan 17 Tue, 2017 6:50 pm
FLASH NEWS

മൂന്നാര്‍ ദൗത്യപരാജയം: വിഎസിനുമേലുള്ള സമ്മര്‍ദ്ദം മൂലമെന്ന് കെ സുരേഷ്‌കുമാര്‍

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വിഎസിനു മേലുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് കെ സുരേഷ്‌കുമാര്‍ ഐഎഎസ്. ദൗത്യം അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത ഉ—ദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും പങ്കുണ്ട്. സിപിഐയുടെ നിര്‍ബന്ധമുള്ളതിനാല്‍ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് വിഎസ് നേരിട്ട് പറഞ്ഞെന്നും കെ സുരേഷ്‌കുമാര്‍ സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയോഗിച്ച മൂന്നുപേരില്‍ പ്രമുഖനായിരുന്നു സുരേഷ്‌കുമാര്‍. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത് വിഎസാണ്. മൂന്നാറിലേത് സുതാര്യ ഇടപെടല്‍ മാത്രമായിരുന്നു. മൂന്നുമാസം നിശ്ചയിച്ച ദൗത്യം 28ാമത്തെ ദിവസം അവസാനിപ്പിക്കേണ്ടി വന്നു. സിപിഐയുടെ ഓഫിസിനടുത്തെത്തിയപ്പോഴാണോ ഇടപെടല്‍ ഉണ്ടായതെന്ന ചോദ്യത്തിന് അത് ഓഫിസ് ആയിരുന്നില്ലെന്നും പല നിലകളുള്ള ഹോട്ടല്‍ ആയിരുന്നുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
സിവില്‍ സര്‍വീസിന്റെ കാലം കഴിഞ്ഞെന്ന ബോധ്യവുമായാണ് 27 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് സ്വയം പിന്‍മാറുന്നത്. ലോട്ടറി മേഖലയിലേയും വിദ്യാഭ്യാസ മേഖലയിലേയും ഇടപെടലുകള്‍ സംതൃപ്തി നല്‍കുന്നവയാണ്. അനുഭവങ്ങള്‍ പുസ്തകമാക്കും. 11 മാസമായി അവധിയിലായിരുന്നു. നാലുമാസം മുമ്പാണു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. രണ്ടുവര്‍ഷം സേവന കാലാവധി ബാക്കിയിരിക്കെയാണ് ഇന്നലെ സുരേഷ്‌കുമാര്‍ സ്വയം വിരമിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. നിലവില്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ ഇതര സംസ്ഥാന ലോട്ടറികളെയും ഓണ്‍ലൈന്‍ ലോട്ടറികളെയും സംസ്ഥാനത്തു നിന്നു നാടുകടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ സെക്രട്ടറിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക