|    Dec 18 Tue, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നാര്‍ ജനതയുടെ ജീവന്‍വച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു

Published : 21st November 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ കൈയേറ്റം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കെഎസ്ഇബി ചീഫ് എന്‍ജിനീയറെ സ്ഥലം മാറ്റിയപ്പോള്‍, ഭീഷണിയിലായത് മൂന്നാര്‍ ജനതയുടെ ജീവന്‍കൂടിയാണ്. ഏതുനിമിഷവും പൊട്ടാവുന്ന ജലബോംബിനു കീഴെയാണ് മൂന്നാര്‍ മേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ജീവിക്കുന്നത്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയുള്ള ജലമൊഴുക്ക് അടിയന്തരമായി നിര്‍ത്തിവയ്‌ക്കേണ്ടതുണ്ട്. അതിന് ഇതേ പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍ പദ്ധതി പ്രവര്‍ത്തനസജ്ജമാവണം.
ഭൂമിക്കടിയിലൂടെ നാലുകിലോമീറ്ററോളം നീളത്തിലുള്ള ടണലിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ചീഫ് എന്‍ജിനീയര്‍ പി എന്‍ ബിജുവിനെ, ദേവികുളം എംഎല്‍എയുടെ ഭൂമികൈയേറ്റത്തിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോയതിന്റെ പേരിലാണ് വൈദ്യുതിമന്ത്രി എം എം മണി അടക്കമുള്ളവര്‍ ഇടപെട്ട് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. ടണല്‍ നിര്‍മിക്കുന്നതിനിടെ തുടര്‍ച്ചയായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിട്ടും പ്രതിസന്ധി മറികടക്കാനായിരുന്നില്ല. എക്സ്റ്റന്‍ഷന്‍ പദ്ധതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ ഇവിടേെക്കത്തിയ ചീഫ് എന്‍ജിനീയര്‍ പി എന്‍ ബിജു, വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ടണല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കോണ്‍ക്രീറ്റ് കുടയൊരുക്കി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിടിച്ചിലിനെ അതിജീവിക്കാനും സാധിച്ചു. ഇനി അരക്കിലോമീറ്ററോളം ടണല്‍ നിര്‍മിച്ചാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. ഈ ടണലിലൂടെ തന്നെ പഴയതും പുതിയതുമായ പവര്‍ഹൗസുകളിലേക്കു വെള്ളമെത്തിക്കാനും ദുര്‍ബലമായ പെന്‍സ്റ്റോക്കുകള്‍ ഒഴിവാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഏറെ പരിചയസമ്പത്തുള്ള പി എന്‍ ബിജുവിനെ രാഷ്്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ തെറിപ്പിച്ചത്. പകരം എത്തിയിട്ടുള്ള ഉദ്യോഗസ്ഥരില്‍ അധികപേര്‍ക്കും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കി പരിചയവുമില്ല. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി ഇനിയും അനന്തമായി നീളുമെന്നതാണ് പരിണതഫലം.
ചീഫ് എന്‍ജിനീയറെ മാറ്റിയതിലൂടെ സര്‍ക്കാര്‍ മൂന്നാറിലെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയെന്ന ആക്ഷേപം ഉയര്‍ന്നുവന്നതും ഇതിനാലാണ്. കെഎസ്ഇബിയുടെ അധീനതയിലുള്ള ഭൂമി കൈയേറി ഇക്കാ നഗറെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് മൂന്നാര്‍ എംഎല്‍എയും സംഘവും വീടും കെട്ടിടങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇത് കെഎസ്ഇബിയുടെ ഭൂമിയാണെന്ന രേഖ കണ്ടെത്തിയ ചീഫ് എന്‍ജിനീയര്‍ പി എന്‍ ബിജു, സ്ഥലം തിരികെ പിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് സ്ഥലംമാറ്റപ്പെട്ടത്.
അതേസമയം, പള്ളിവാസല്‍ പദ്ധതിയുടെ പെന്‍സ്റ്റോക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസം കഴിയുന്തോറും ചോര്‍ച്ചയും വിള്ളലും വര്‍ധിക്കുകയാണ്. ഇത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. പെന്‍സ്റ്റോക്കുകള്‍ പൊട്ടിത്തെറിച്ചാല്‍, പ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് ഇനിയും കരകയറാനാവാത്ത മൂന്നാര്‍ മേഖലയ്ക്ക് താങ്ങാനാവില്ല. പെന്‍സ്‌റ്റോക്കുകളിലെ ചോര്‍ച്ചയെ തുടര്‍ന്ന് പള്ളിവാസലിലെ രണ്ട് ജനറേറ്ററുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണു നിര്‍ത്തിവച്ചത്. അപകടാവസ്ഥ ഒഴിവാക്കാന്‍ ദുര്‍ബല ഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്ന പണികള്‍ നടന്നുവരുകയാണ്. കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശക്തമായ മുന്നറിയിപ്പ് അവഗണിച്ചാണ് പള്ളിവാസലില്‍ ഉല്‍പാദനം നടത്തുന്നത്.
78 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ വൈദ്യുതപദ്ധതിയുടെ ആദ്യഘട്ടത്തിലെ അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളുടെ പെന്‍സ്‌റ്റോക്കുകള്‍ ഏതുസമയത്തും തകരാവുന്ന നിലയിലാണ്. പെന്‍സ്‌റ്റോക്കിലെ ചോര്‍ച്ച വര്‍ധിച്ചതോടെ പള്ളിവാസലിന്റെ ഉല്‍പാദനശേഷി 37.5 മെഗാവാട്ടില്‍ നിന്ന് 28 മെഗാവാട്ടായി കുറഞ്ഞിരുന്നു. പ്രതിദിനം ഒമ്പതുലക്ഷം യൂനിറ്റ് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന നിലയത്തില്‍ ഇപ്പോള്‍ പരമാവധി 6.3 ലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കാനേ കഴിയുന്നുള്ളൂ. 10 മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്‌റ്റോക്കിന്റെ കനം കുറഞ്ഞ് മൂന്നു മില്ലിമീറ്റര്‍ വരെയായി. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വൈദ്യുതി വകുപ്പിന്റെ മന്ത്രിയും കൂട്ടരുമാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്കു തുരങ്കംവയ്ക്കുന്ന രീതിയില്‍ എംഎല്‍എയ്ക്കു വേണ്ടി ചീഫ് എന്‍ജിനീയറെ സ്ഥലംമാറ്റിയതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss