|    Dec 12 Tue, 2017 8:05 am
Home   >  Todays Paper  >  Page 5  >  

മൂന്നാര്‍ കൈയേറ്റം : റവന്യൂമന്ത്രിയെ അറിയിക്കാതെ ഉന്നതതല യോഗം വിളിച്ചു

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: റവന്യൂമന്ത്രിയെ ഒഴിവാക്കി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് ഉന്നതതലയോഗം വിളിച്ചു. ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും അഡ്വക്കറ്റ് ജനറലും നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥും പങ്കെടുത്തു. മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം. യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും പങ്കെടുത്തു. യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഓഫിസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. അഡ്വക്കറ്റ് ജനറല്‍, അഡീഷനല്‍ എജി, നിയമസെക്രട്ടറി എന്നിവര്‍ക്കൊപ്പം റവന്യൂവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. കോടതിയില്‍ നിലനില്‍ക്കുംവിധമാവണം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളെന്ന അഭിപ്രായമുയര്‍ന്നു. ഇതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. കൃഷിയാവശ്യത്തിന് നല്‍കിയ ഭൂമിയില്‍ നിരവധിപേര്‍ വീടുവച്ചിട്ടുണ്ട്. ഇത് ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ ഇവരെ ഒഴിപ്പിക്കാനാവില്ലെന്നതിനാല്‍ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വേണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഡീഷനല്‍ എജി രഞ്ജിത് തമ്പാനോട് യോഗം ആവശ്യപ്പെട്ടു. മൂന്നാര്‍ ടൗണ്‍ഷിപ്പിന്റെ പ്രത്യേക പദവി, അതിനായി അതോറിറ്റി സ്ഥാപിക്കണോ തുടങ്ങിയവയും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നു. എന്നാല്‍ ഇതില്‍ ഒട്ടുമിക്ക കാര്യങ്ങളിലും നയപരമായ തീരുമാനം വേണം. അതിന് മുഖ്യമന്ത്രിയും റവന്യൂ, വനം മന്ത്രിമാരും പങ്കെടുക്കുന്ന ചര്‍ച്ചയും ആവശ്യമാണ്. കൂടാതെ ഇടതുമുന്നണിയുടെ അംഗീകാരവും തേടേണ്ടതുണ്ട്. അതേസമയം, ഇത്തരമൊരു യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രിയുടെ ഓഫിസ് പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ നേരത്തെ വിവരമറിയിക്കാതെ യോഗം വിളിച്ചുചേര്‍ത്തതിനോട് സിപിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക