|    Oct 21 Sun, 2018 10:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂന്നാര്‍ കൈയേറ്റം : അഡീഷനല്‍ എജിയുടെ നിലപാട് സര്‍വകക്ഷി തീരുമാനത്തിന് വിരുദ്ധമെന്ന്

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായാണ് അഡീഷനല്‍ എജിയുടെ നിലപാടെന്നാരോപിച്ച് സര്‍വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും കണ്ട് നിവേദനം നല്‍കി. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് എ കെ മണി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും കണ്ടത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച കേസ് ഈ മാസം 22ന് ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് അഡീഷനല്‍ എജി രഞ്ജിത് തമ്പാനെതിരേ സര്‍വകക്ഷി സംഘം പരാതിയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയത്. സിപിഐയുടെ പ്രതിനിധിയാണ് രഞ്ജിത് തമ്പാന്‍. ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി സംഘവുമായുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമായാണ് അഡീഷനല്‍ എജി നിലപാട് സ്വീകരിക്കുന്നതെന്നാണ് സംഘത്തിന്റെ പരാതി. ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകര്‍ കൈക്കൊണ്ട നിലപാട് സര്‍ക്കാരിന്റേതല്ലെന്നും അതു തിരുത്തുന്നതിനു കൂടുതല്‍ സാവകാശം തേടണമെന്നുമുള്ള ആവശ്യമാണു സംഘത്തിന്റേത്. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ഈ വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായി സംഘാംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നയമാണ് അഭിഭാഷകര്‍ കോടതിയില്‍ പറയാറുള്ളതെന്നും അതില്‍ നിന്നു വ്യത്യസ്തമായി ഈ വിഷയത്തില്‍ വല്ലതുമുണ്ടോയെന്നു പരിശോധിക്കാമെന്നുമായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. എന്നാല്‍ വന്‍കിട റിസോര്‍ട്ടുകളുടെയും ഭൂമാഫിയയുടെയും ഇടപെടലാണു പുതിയ നീക്കത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss