|    Dec 12 Tue, 2017 9:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂന്നാര്‍ കാറ്ററിങ് കോളജില്‍ റാഗിങ്; ആറ് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു; 80 കുട്ടികള്‍ കോളജ് ഉപേക്ഷിച്ചു

Published : 1st December 2016 | Posted By: SMR

തൊടുപുഴ: മൂന്നാര്‍ കാറ്ററിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗിങിനിരയാക്കി. സംഭവത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ആലപ്പുഴ സ്വദേശി ജോണ്‍ മാത്യൂവിന്റെ (17) കൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റു. എറണാകുളം സ്വദേശി മിറാജ് മാത്യു, പത്തനംതിട്ട സ്വദേശി അച്ചു ബാബു, എറണാകുളം സ്വദേശി അക്ഷയ് കൃഷ്ണ, കണ്ണൂര്‍ സ്വദേശി റോഷന്‍ സിബി, കോതമംഗലം സ്വദേശി റിട്ടോ ജോണി എന്നിവര്‍ക്കു തലയ്ക്കും നെഞ്ചിലും പരിക്കേറ്റു. ഇവര്‍ രാജകുമാരി ഗവ. ആശുപത്രിയില്‍ ചികില്‍സതേടി. 80ഓളം വിദ്യാര്‍ഥികള്‍ റാഗിങ് ഭയന്ന് കോളജ് വിട്ടതായും അറിയുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അസഭ്യം പറഞ്ഞതാണു സംഭവങ്ങള്‍ക്കു തുടക്കം. ഒന്നാംവര്‍ഷക്കാര്‍ ഇതു ചോദ്യംചെയ്യുകയും ചെറിയതോതില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ ഹോസ്റ്റല്‍മുറിയില്‍ അതിക്രമിച്ചുകയറിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷക്കാരെ കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നു. ട്യൂബ്‌ലൈറ്റും സിസിടിവി കാമറയും ഓഫ് ചെയ്ത ശേഷമായിരുന്നു മര്‍ദനം നടത്തിയതെന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈ സമയം കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നു മര്‍ദനമേറ്റവര്‍ പരാതിപ്പെട്ടു. അധികൃതരോട് പരാതിപ്പെട്ടപ്പോള്‍, രാവിലെ 10നു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്നു വിദ്യാര്‍ഥികള്‍ മുറികളിലേക്കു മടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ ഏഴിനു വീണ്ടും കത്തി, കമ്പിവടി, ബ്ലെയ്ഡ് തുടങ്ങിയ ആയുധങ്ങളുമായി എത്തി മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നു.
കത്തികൊണ്ടുള്ള കുത്തേറ്റാണ് ജോണ്‍ മാത്യുവിന്റെ കൈത്തണ്ടയില്‍ മുറിവേറ്റത്. മുമ്പും ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പരിക്കേറ്റവര്‍ പറയുന്നു. കോളജില്‍ നിന്ന് ഇറങ്ങിപ്പോയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ അധ്യാപകര്‍ വിളിച്ച് കുട്ടികളെ കോളജില്‍ നിന്നു പുറത്താക്കുമെന്ന് ഭീഷിണിപ്പെടുത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക