|    Oct 20 Sat, 2018 3:14 am
FLASH NEWS

മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഫെബ്രുവരി 16 മുതല്‍

Published : 17th January 2017 | Posted By: fsq

 

കോഴിക്കോട്: മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റ ലോഗോ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. അടുത്ത മാസം പത്തുമുതല്‍ 16 വരെ ടാഗൂര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രോല്‍സവം. 33 ചലച്ചിത്രങ്ങളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മലയാളം സിനിമ, അടുത്തിടെ നിര്യാതരായ ആന്ദ്രേ വൈദ, പോള്‍ കോക്‌സ്, അബ്ബാസ് കിരസ്താമി, ഓംപുരി, ടി എ റസാഖ്, എന്നിവര്‍ക്ക് ആദരാഞ്ജലികളായി  ഹോമേജ് സിനിമകള്‍, ജെ സി ദാനിയേല്‍ പുരക്‌സാരം ലഭിച്ച കെ ജി ജോര്‍ജിന് ആദരവായി റെട്രൊസ്പക്ടീവ് വിഭാഗം എന്നിവയുണ്ടാവും. മേളയോടനുബന്ധിച്ച് എല്ലാദിവസവും സെമിനാര്‍, പ്രഭാഷണം, അഭിമുഖം, ഓപണ്‍ ഫോറം എന്നിവയിലേതെങ്കിലുമുണ്ടാവും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. ഡെലിഗേറ്റുകളല്ലാത്ത ചലച്ചിത്രാസ്വാദകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഫെബ്രുവരി ഒമ്പതുമുതല്‍ 16 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ അനുബന്ധ മേള സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ എട്ട് വരെ മലയാളം സിനിമകള്‍, മലയാളം സബ്‌ടൈറ്റില്‍ ചെയ്ത അന്യഭാഷാ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.മേളയിലേക്ക് പ്രവേശനം ഡെലിഗേറ്റ് പാസ് മുഖേനയായിരിക്കുമെന്ന് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ കൂടിയായ മേയര്‍ അറിയിച്ചു. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഈ മാസം 20 മുതല്‍ 24 വരെ നളന്ദ ഹോട്ടലിലെ സംഘാടക സമിതി ഓഫിസില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പാസിന് അപേക്ഷിക്കാം. സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ഫെസ്റ്റിവല്‍ ബുക്ക് എന്നിവ ഉള്‍ക്കൊള്ളിച്ച് ചലച്ചിത്ര അക്കാഡമി ഒരുക്കുന്ന വില്‍പനസ്റ്റാള്‍ മേളയിലുണ്ടാവും.കോഴിക്കോട് കോര്‍പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎഫ്എഫ്‌കെ മാതൃകയില്‍ 2013ല്‍ ആരംഭിച്ചതാണ് കെഐഎഫ്. കോഴിക്കോട് കോര്‍പറേഷന്‍, കേരള ചലച്ചിത്ര അക്കാഡമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വനി ഫിലിം സൊസൈറ്റി.  ബാങ്ക് മെന്‍സ് ഫിലിം ക്ലബ്, പ്രസ്‌ക്ലബ് ഫിലിം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എം ടി വാസുദേവന്‍ നായര്‍ മുഖ്യ രക്ഷാധികാരിയും ജില്ലയിലെ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, എ പ്രദീപ് കുമാര്‍, എം കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ ബാബു പറശേരി, ജില്ലാ കലക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയമാനും ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, പി എം സുരേഷ്ബാബു, പി വി ഗംഗാധരന്‍, ദീദി ദാമോദരന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമാണ്. ചെലവൂര്‍ വേണുവാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.  കെ ജെ തോമസ് കോ ഓഡിനേറ്ററാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss