|    Dec 10 Mon, 2018 12:27 pm
FLASH NEWS
Home   >  Sports  >  Football  >  

മൂന്നാമതാവാന്‍ ബെല്‍ജിയവും ഇംഗ്ലണ്ടും; പരിക്ക് ഇംഗ്ലണ്ടിന് തിരിച്ചടി

Published : 14th July 2018 | Posted By: vishnu vis

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ക്രൊയേഷ്യയോട് സെമിയില്‍ തോറ്റ ഇംഗ്ലണ്ടും ഫ്രാന്‍സിനോട് സെമിയില്‍ തോറ്റ ബെല്‍ജിയവും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കളിക്കളത്തില്‍ വീണ്ടും തീപാറും. ഇത് രണ്ടാം തവണയാണ് ഇരു ടീമും ഈ ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ 1-0ന്റെ ജയം ബെല്‍ജിയത്തോടൊപ്പം നിന്നു. ലോകകപ്പിനോട് വിടപറയുമ്പോള്‍ മൂന്നാം സ്ഥാനമെങ്കിലും സ്വന്തമാക്കണമെന്നുറച്ച്  ഇപ്പോള്‍ മികച്ച താരങ്ങളെ അണി നിരത്തി ടീം ഇറങ്ങുമ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടി കയറും. ഇന്ന് ജയിക്കുന്നതോടു കൂടി 1986 ന് സ്വന്തമാക്കിയ നാലാം സ്ഥാനമെന്ന റെക്കോഡ് ബെല്‍ജിയത്തിന് തിരുത്തിക്കുറിക്കാനാവുമെന്നുള്ളതിനാല്‍ എന്ത് വില കൊടുത്തും  ജയിക്കാനുള്ള വാശിയോടെയാവും ടീം ഇന്നിറങ്ങുക. അതേയസമയം, മുമ്പ് 1966ല്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ഇന്നത്തെ ജയത്തോടെ മൂന്നാം സ്ഥാനവുമായി നാട്ടിലേക്ക് തിരിക്കാനുറച്ചാവും ബൂട്ടണിയുക. ഈ ലോകകപ്പില്‍ ഇരുവരും ഏഴ് മല്‍സരങ്ങളില്‍ കളിച്ചപ്പോള്‍ ബെല്‍ജിയം ഒന്നിലും ഇംഗ്ലണ്ട് രണ്ടെണ്ണത്തിലും പരാജയപ്പെട്ടിട്ടുണ്ട്. ഇരു ടീമുകളും ഈ ടൂര്‍ണമെന്റില്‍ ആറ് ഗോള്‍ വഴങ്ങിയെങ്കിലും ഗോളടിക്കുന്നതില്‍ ബെല്‍ജിയം ഒരു പിടി മുന്നിലാണ്. സുവര്‍ണ തലമുറ 14 ഗോളുകളും ഇംഗ്ലീഷ് പട 12 ഗോളുകളുമാണ് ഇതുവരെ മല്‍സരത്തിലുടനീളം അടിച്ചു കൂട്ടിയത്. ബെല്‍ജിയവും ഇംഗ്ലണ്ടും അവസാനമായി കളിച്ച ഏഴ് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനാണ് മികച്ച റെക്കോഡുള്ളത്. മൂന്ന് ജയവും മൂന്ന് സമനിലകളും ഒരു തോല്‍വിയും ബെല്‍ജിയത്തിനെതിരേ അവര്‍ നേടിയെടുത്തു. ഇന്ന് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളവരുടെ ഗോള്‍ഡണ്‍ ബൂട്ടിനായുള്ള പോരാട്ടത്തിനും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ ആരാധകര്‍ സാക്ഷിയാവും. നിലവില്‍ ആറ് ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നെ മറികടക്കാന്‍ നാലു ഗോളുമായി രണ്ടാം സ്ഥാനത്തുള്ള റോമലു ലുക്കാക്കുവിന് ഇന്ന് ഗോളുകള്‍ നേടിയേ മതിയാവൂ. നായകന്‍ തന്നെയാണ് ഇംഗ്ലീഷ് ടീമിന്റെ കുന്തമുനയും. അവസാനമായി നടന്ന നാല് ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം മൂന്നില്‍ കൂടുതല്‍ ഗോളുകളാണ് വലയില്‍ വീണത്. ഇതില്‍ മൂന്ന് മല്‍സരങ്ങളിലും നാലില്‍ കൂടുതല്‍ ഗോളും പിറന്നിട്ടുണ്ട്. ഇന്നു നടക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തിലും ഗോള്‍മഴ ഉണ്ടാവുമെന്നാണ് ഇതിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിക്കുകളൊന്നുമില്ലാതെ ബെല്‍ജിയം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ മൂന്ന് താരങ്ങളുടെ പരിക്കാണ് ഇംഗ്ലീഷ് ടീമിനെ അലട്ടുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തില്‍ വന്‍മതില്‍ പോലെ നിന്ന കൈല്‍ വാക്കറും ടീമിന്റെ ആശ്വാസ ഗോള്‍ നേടിയ കീറന്‍ ട്രിപ്പിയറും മധ്യനിര താരം ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സനും പരിക്ക് മൂലം ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss