|    Oct 16 Tue, 2018 5:53 pm
FLASH NEWS
Home   >  Sports  >  Football  >  

മൂന്നാം കിരീടം തേടി ‘എന്റെയും നിങ്ങളുടെയും കൊല്‍ക്കത്ത’

Published : 5th November 2017 | Posted By: ev sports


എം എം  സലാം

പേരും രൂപവുമെല്ലാം മാറ്റിയാണ് ഐഎസ്എല്‍ നാലാം സീസണിലേക്ക് കാല്‍പ്പന്തുകളിയുടെ തറവാട്ടുകാരെത്തുന്നത്. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ബംഗാളി ജനതയുടെ സ്വന്തം ടീമായ കൊല്‍ക്കത്ത തങ്ങളുടെ ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം തോനുന്ന പേര് കൂടിയാണ് ഇത്തവണ സ്വീകരിച്ചിട്ടുള്ളത്. എന്റെയും നിങ്ങളുടേയും കൊല്‍ക്കത്ത എന്നര്‍ത്ഥം വരുന്ന അമര്‍തമര്‍ കൊല്‍ക്കത്ത (എടികെ) എന്ന പേര് സ്വീകരിച്ചാണ് നിലവിലെ ചാംപ്യന്‍മാര്‍ നാലാം സീസണ് തയ്യാറെടുക്കുന്നത്. സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെയായിരുന്നു ടീമിന്റെ പേരുമാറ്റം.

 പേര് മാറിയെങ്കിലും പെരുമ കൈവിടാതെ

പേരുമാറിയെങ്കിലും പോരാട്ട വീര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് സീസണിനു മുമ്പുള്ള ടീമിന്റെ സന്നാഹ മല്‍സരങ്ങള്‍ തെളിയിക്കുന്നത്. ഇതു വരെ നടന്ന മൂന്ന് പരിശീലന മല്‍സരങ്ങളിലും ടീം വിജയിച്ചിരുന്നു. കഴിഞ്ഞ ദിവസം  തുര്‍ക്‌മെനിസ്താന്റെ അണ്ടര്‍ 19 ടീമിനോടും വിജയിച്ചാണ് കൊല്‍ക്കത്ത ഇക്കുറി വരവറിയിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടിലും കിരീടമണിയുകയും ഒന്നില്‍ സെമിഫൈനല്‍ വരെയെത്തുകയും ചെയ്ത ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമാണ് കൊല്‍ക്കത്ത. ആദ്യ സീസണില്‍ കേരളബ്ലാസ്‌റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കലാശപ്പോരാട്ടത്തില്‍ തകര്‍ത്തായിരുന്നു ടീമിന്റെ കിരീടധാരണം. രണ്ടാം സീസണിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ടീം കാഴ്ച വച്ചത്. സെമിയില്‍ ചെന്നെയ്ന്‍ എഫ്‌സിയോട് രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെ ടീമിന്റെ പോരാട്ടം അവസാനിച്ചു. എന്നാല്‍ മൂന്നാം സീസണില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍  കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് ടീം രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു.

അപകടകരമായ മുന്നേറ്റം; വിട്ടു കൊടുക്കാത്ത പ്രതിരോധം
ഏറ്റവും മികച്ച മുന്നേറ്റനിരയുമായാണ് എല്ലാ സീസണുകളിലും കൊല്‍ക്കത്തയെത്തുന്നത്.  അയര്‍ലന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ റോബികീനെ മാര്‍ക്വിതാരമായി മുന്നില്‍നിര്‍ത്തിയാണ് കൊല്‍ക്കത്തയുടെ പടയൊരുക്കം. 18 വര്‍ഷം നീണ്ട ദേശീയ ടീമിനൊപ്പമുള്ള അനുഭവസമ്പത്ത്. കൂടാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍,വെസ്റ്റ്ഹാം, ആസ്റ്റണ്‍വില്ല, ടോട്ടനം തുടങ്ങിയ ടീമുകളോടൊപ്പമുള്ള മല്‍സര പരിചയവും കൊല്‍ക്കത്തയ്ക്കു മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതോടൊപ്പം ഇന്ത്യന്‍ താരങ്ങളായ ജയേഷ് റാണ, റോബിന്‍സിങ്, പോര്‍ച്ചുഗീസ് താരം സെക്വിന, ഫിന്‍ലന്റിന്റെ അല്‍ബേനിയന്‍ താരം ജാസി കുക്വി, എന്നിവര്‍ കൂടിച്ചേരുമ്പോള്‍ എതിരാളികളുടെ ഗോള്‍മുഖം വിറക്കുമെന്നുറപ്പ്. ആറ് ഇന്ത്യന്‍ താരങ്ങളെ അണിനിരത്തിയാണ് കൊല്‍ക്കത്ത പ്രതിരോധനിര കെട്ടിപ്പടുത്തത്. അന്‍വര്‍ അലി, അഷുതോഷ് മെഹ്ത്ര, അഗസ്റ്റിന്‍മെല്‍വിന്‍ ഫെര്‍ണാണ്ടസ്, കീഗന്‍ പെരേര, എന്‍ മോഹന്‍രാജ്, പ്രബീര്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ നിന്നുള്ള ടോം തോര്‍പ്പെ, സ്പാനിഷ് താരം ജോര്‍ഡി ഫിഗ്വെരാസ് മോണ്ടെല്‍ എന്നിവരുടെ മല്‍സരപരിചയവും എതിരാളികളെ തടയിടാന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നു.  കാള്‍ബാക്കര്‍, കോണോര്‍ തോമസ് എന്നീ ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം റൂബര്‍ട്ട് നോണ്‍ഗ്രാം, ശങ്കര്‍സാം പിങ്കിരാജ്, ബിബിന്‍സിങ് താങ്ജം, ഡാരന്‍ കല്‍ഡേറിയ, യൂജിങ്‌സണ്‍ലിങ്‌തോ, ഹിതേശ് ശര്‍മ, റൊണാള്‍ഡ് സിങ് ഷെയ്ഖം, എന്നിവരാണ് മധ്യനിര കാക്കാനെത്തുന്നത്.

സ്പാനിഷ് പരിശീലകനെ മാറ്റി ഇംഗ്ലീഷ് പ്രതിഭ

സ്പാനിഷ് ലാ ലിഗ ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ സഹകരണമുണ്ടായിരുന്ന കൊല്‍ക്കത്ത ടീം ഇതുവരെയുള്ള മൂന്നു സീസണുകളിലും സ്പാനിഷ് പരിശീലകരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇതിന് മാറ്റം വരുത്തി. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റ നിര താരമായിരുന്ന ടെഡി ഷെറിങ്ങാമാണ് ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റത്.1998-99 സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടി ചരിത്രം കുറിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീം അംഗമായിരുന്നു ഇപ്പോള്‍ 51 വയസ്സുള്ള ടെഡി ഷെറിങ്ങാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss