|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൂന്നാംലോക ജീവിതയാഥാര്‍ഥ്യത്തിലേക്ക് ജാലകം തുറന്ന നയ്‌പോള്‍

Published : 13th August 2018 | Posted By: kasim kzm

ലണ്ടന്‍: കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ മൂന്നാംലോക ജീവിതങ്ങളുടെ ദുരനുഭവങ്ങളായിരുന്നു വി എസ് നയ്‌പോളിന്റെ പല രചനകളുടെയും ഇതിവൃത്തം. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്, ദി റിട്ടേണ്‍ ഓഫ് ഈവ പെരോണ്‍, ഇന്‍ എ ഫ്രീ സ്റ്റേറ്റ്, എ ബെന്‍ഡ് ഇന്‍ ദ റിവര്‍, ഇന്ത്യ വൂണ്ടഡ് സിവിലൈസേഷന്‍ തുടങ്ങി അനുവാചകരെ സ്വപ്‌നലോകത്തിലെത്തിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത ഒരുപിടി പുസ്തകങ്ങള്‍ നയ്‌പോളിന്റെ തൂലികയിലൂടെ ലോകം മുഴുവന്‍ ഏറ്റുവാങ്ങി.
അനുവാചകരെ കൊതിപ്പിച്ചും ചിന്തിപ്പിച്ചും കൂടെ കൂട്ടുക മാത്രമല്ല, തുറന്നുപറച്ചിലുകളിലൂടെയും വിവാദങ്ങളെയും ഒപ്പം കൊണ്ടുനടന്നു നയ്‌പോള്‍. വികസ്വര രാജ്യങ്ങളായ ഇന്ത്യക്കെതിരേയും കരീബിയന്‍ രാജ്യങ്ങള്‍ക്കെതിരേയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തെ കോടതി വിചാരണകള്‍ വരെയെത്തിച്ചു. ഇദ്ദേഹത്തിന് മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83ാം സ്ഥാനവും ഈ പുസ്തകത്തിനായിരുന്നു.
1990ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി നായ്‌പോളിനെ “സര്‍’ പദവി നല്‍കി ആദരിച്ചു. 2001ലാണ് സാഹിത്യ നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. മൂന്നാംലോക ജീവിതങ്ങളുടെ ദുരന്തങ്ങളാണു പ്രധാന ഇതിവൃത്തം എന്നതിനാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രയോക്താവായി നയ്‌പോളിനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഇതിലൂടെ ശരിയായ സാംസ്‌കാരിക വിമര്‍ശനമാണു നയ്‌പോള്‍ നടത്തുന്നതെന്ന് പറഞ്ഞാണ് ആരാധകര്‍ ഇതിനെ പ്രതിരോധിക്കുന്നത്.
കോളനിവല്‍ക്കരണത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരിണാമം വരച്ചുകാട്ടുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഫലംകണ്ടു. പലതും കഥേതര സാഹിത്യ സൃഷ്ടികളായിരുന്നു. അതിനാല്‍ കഥേതര നോവലെഴുത്തുകാരില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമായിത്തന്നെ അടയാളപ്പെടുത്തപ്പെട്ടു.
ജന്മസ്ഥലമായ ട്രിനിനാഡിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ 1930-40 കാലഘട്ടത്തിലെ ഇന്ത്യ-ട്രിനിനാഡ് കുടുംബങ്ങളുടെ കോളനിക്കാലത്തെ ജീവിതങ്ങളെക്കുറിച്ചുള്ള ചരിത്രരേഖകള്‍ കൂടിയാണ്. തന്നെ സംബന്ധിച്ചിടത്തോളം ഒെരഴുത്തുകാരന്റെ കൃതിയോടുള്ള താല്‍പര്യം അയാളുടെ ജീവിതത്തോടു തന്നെയുള്ള താല്‍പര്യം കൂടിയാണ്. ഒന്നിലുള്ള താല്‍പര്യം അടുത്തതിലേക്ക് നയിക്കുന്നു എന്നായിരുന്നു അദ്ദേഹം എഴുത്തിനെക്കുറിച്ച് പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss