|    Jan 16 Mon, 2017 6:29 pm

മൂന്നാംമുന്നണി വേരുറപ്പിക്കില്ലെന്ന് അഭിപ്രായ സര്‍വേ

Published : 16th May 2016 | Posted By: swapna en

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: എന്‍ഡിഎ അവകാശപ്പെടുന്ന മോദിതരംഗം കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് വിലയിരുത്തല്‍. താമര വിരിയുമെന്ന് ബിജെപി അടിയുറച്ച് വിശ്വസിക്കുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് അഭിപ്രായ സര്‍വേകള്‍.
സാമുദായിക അടിയൊഴുക്കുകളാണ് അവസാന ലാപ്പില്‍ വിധിനിര്‍ണയിക്കുക. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം പതിവുപോലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നേറ്റത്തിനു തന്നെയാണു സാധ്യത. പരസ്യത്തിലൂടെയും പ്രചാരണത്തിലൂടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രതീക്ഷയായ  രാജഗോപാലിനുപോലും മുന്നേറ്റം ഉണ്ടാക്കാനാവില്ല. കടുത്ത മല്‍സരം നടക്കുന്ന നേമം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.
എല്‍ഡിഎഫ് വിട്ടുവന്ന വി സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് കൊടുത്തതില്‍ യുഡിഎഫിലുള്ള അതൃപ്തി പ്രചാരണത്തിലും നിഴലിച്ചു. എന്നാല്‍, രാജഗോപാലിന് വോട്ട് നല്‍കി ബിജെപിയെ ഉയര്‍ത്തിക്കൊണ്ടുവരാനും നേമത്തുകാര്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ വി ശിവന്‍കുട്ടിക്കൊപ്പം മണ്ഡലം നില്‍ക്കുമെന്നാണു സൂചന. നേമത്ത് ലഭിച്ച ഈ ഉപകാരസ്മരണ തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരത്ത്  എല്‍ഡിഎഫ്  വീട്ടും. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിന് കൊടുക്കേണ്ട വോട്ട് യുഡിഎഫിന്റെ വി എസ് ശിവകുമാറിനു നല്‍കിയാവും കടം വീട്ടുക. എന്‍ഡിഎ സ്ഥാനാര്‍ഥി എസ് ശ്രീശാന്തിന് തിരുവനന്തപുരത്ത് ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് സര്‍വേകള്‍ പറയുന്നു. അണ്ണാ ഡിഎംകെയി ലെ  ബിജു രമേശിന് ലഭിക്കുന്ന തമിഴ് വോട്ടുകളുടെ എണ്ണവും ശിവകുമാറിന്റെ വിജയത്തെ ബാധിക്കും. 30,000ഓളം തമിഴ് വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഭാഗ്യമാണ് വിധി നിര്‍ണയിക്കുക. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യ സാധ്യതയാണ്. ബിജെപിക്ക് മൂന്നാംസ്ഥാനമായിരിക്കും ലഭിക്കുക.  കഴക്കൂട്ടവും കാട്ടാക്കടയും ബിഡിജെഎസ് ജനവിധി തേടുന്ന കോവളവുമാണ് ബിജെപിക്ക് പ്രതീക്ഷയുള്ള മറ്റു മണ്ഡലങ്ങള്‍. എന്നാല്‍, ഇവിടെയെല്ലാം അവര്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് സര്‍വേകള്‍ പറയുന്നത്. നിലവില്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യുഡിഎഫ് – ഒമ്പത്, എല്‍ഡിഎഫ് – അഞ്ച് എന്നിങ്ങനെയാണ് സീറ്റ് നില. ഈ സ്ഥിതി തുടരുമെങ്കിലും നാലു മണ്ഡലങ്ങളില്‍ വിജയം പരസ്പരം മാറുന്ന അവസ്ഥയാണ്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ മുന്നേറുമെന്നാണു വിലയിരുത്തല്‍. കോവളത്ത് സിറ്റിങ് എംഎല്‍എ ജമീല പ്രകാശത്തിന് വിജയസാധ്യത കുറവാണെന്ന് സര്‍വേ പറയുന്നു. യുഡിഎഫിന്റെ അഡ്വ. വിന്‍സന്റ് മണ്ഡലം പിടിച്ചെടുക്കാനാണു സാധ്യത. നെടുമങ്ങാട്ടും സ്ഥിതി ഫോട്ടോഫിനിഷിലേക്കാണ് നീങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 615 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക