|    Jan 23 Mon, 2017 10:46 pm

മൂന്നംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നു നിഗമനം

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണു പോലിസിന്റെ പ്രാഥമിക നിഗമനം. എംസി റോഡില്‍ മരുതൂര്‍ പാലത്തിന് സമീപത്ത് കൃഷ്ണ ബേക്കറിയുടമയുടെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജില്‍ അനില്‍രാജ് (40), ഭാര്യ അരുണ (35), മകള്‍ അലീസ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച നിലയിലാണ്. ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹം കട്ടിലിലും അനില്‍രാജിന്റെ മൃതദേഹം നിലത്തുമാണ് കിടന്നിരുന്നത്. മണ്ണന്തല മാര്‍ ബസേലിയോസ് കോളജിലെ ബേസിക് എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലെ ഇന്‍സ്‌പെക്ടറാണ് അനില്‍രാജ്. ഇതേ കോളജിലെ ഇലക്ട്രോണിക്‌സ് ലാബില്‍ ലാബ് അസിസ്റ്റന്റാണ് അരുണ. മകള്‍ അലീസ സെന്റ് ഗൊറേറ്റീസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ 13 വര്‍ഷമായി കോളജില്‍ ജോലിചെയ്യുന്ന അനില്‍രാജ് ആറു വര്‍ഷം മുമ്പാണ് ധനുവച്ചപുരം മൂവേലിക്കല്‍ സ്വദേശിനിയായ അരുണയെ വിവാഹം കഴിച്ചത്. ഒന്നര വര്‍ഷമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. ജോലിക്കു പോവാനുള്ള സൗകര്യത്തിനാണ് ഇങ്ങോട്ടേക്ക് താമസം മാറിയത്. ഇന്നലെ വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നി പാലുമായെത്തിയ ആള്‍ നടത്തിയ തിരച്ചിലില്‍ വീട്ടിനുള്ളില്‍നിന്ന് ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൂവരെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇടുങ്ങിയ മൂന്നു മുറികളുള്ള വീടാണിത്. വെന്റിലേറ്ററുകളില്ലാത്ത വീട്ടിനുള്ളില്‍ ഹാളിലാണ് ഫ്രിഡ്ജ് വച്ചിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഡോര്‍ പുറത്തേക്ക് തുറന്ന നിലയിലായിരുന്നു. ഫ്രിഡ്ജിന്റെ പിന്‍വശത്ത് ചുവരില്‍ കരിയും പുകയും പടര്‍ന്നിട്ടുണ്ട്. മുറിക്കുള്ളിലെ കസേരയും ഫ്രിഡ്ജിനുള്ളിലെ സാധനങ്ങളും ചിതറി തെറിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
മണ്ണന്തല പോലിസ് സ്ഥലത്തെത്തിയശേഷം സംഭവം ഉന്നത പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ വിക്രം, കഴക്കൂട്ടം അസി. കമ്മീഷണര്‍ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസെത്തി അന്വേഷണം ആരംഭിച്ചു. വൈകീട്ടോടുകൂടി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാത്രി എട്ടരയോടെ ധനുവച്ചപുരം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക