|    Jan 22 Sun, 2017 3:40 pm
FLASH NEWS

മൂത്രമൊഴിക്കലും സ്വച്ഛ് ഭാരതും

Published : 6th April 2016 | Posted By: SMR

മുസ്തഫ കൊണ്ടോട്ടി

ഒന്ന് മൂത്രമൊഴിക്കാനായി തേളുകുത്തിയ കുരങ്ങനെപ്പോലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണം വിട്ട് പായുന്ന മനുഷ്യരെക്കുറിച്ച് ആരും എഴുതിയതായി അറിവില്ല. എങ്ങനെയൊക്കയോ കാര്യം കഴിച്ച് കാണുന്നവന്റെയൊക്കെ ചീത്തയുംകേട്ട് തലയും താഴ്ത്തി വരുന്ന ആ വിനീത പൗരന്‍മാരെക്കുറിച്ച് ആരെങ്കിലും ആകുലപ്പെട്ടിട്ടുണ്ടോ? ആര്‍ക്കെങ്കിലും ആവലാതിയോ ആശങ്കയോ ഉണ്ടോ? സ്വച്ഛ് ഭാരത് എന്നൊരു ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം തീരുന്നതാണോ ഈ പ്രശ്‌നം?
ശനിപിടിച്ചവനെ ഗ്രഹണിയും പിടികൂടി എന്ന് പറഞ്ഞപോലെ പ്രാഥമികാവശ്യങ്ങളുടെ അസൗകര്യങ്ങള്‍മൂലം പാതയോരങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഇന്ത്യന്‍ പൗരന്റെ സ്ഥിതി ഒന്നുകൂടി കഷ്ടമാവുകയാണ്. ഏപ്രില്‍ 30 മുതല്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ പിടികൂടി അവരില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേന്ദ്ര നഗര വികസനമന്ത്രാലയം ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കത്തെഴുതിക്കഴിഞ്ഞു. നഗരങ്ങളിലായിരിക്കും ആദ്യ ഇതു നടപ്പാക്കുക. പിന്നീട് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമത്രെ. എങ്കില്‍ പരീക്ഷണാര്‍ഥം ഗ്രാമങ്ങളില്‍ ഇതൊന്ന് പരീക്ഷിച്ചുകൂടേ? ഗ്രാമങ്ങളില്‍ പോവാന്‍ മാത്രമല്ല ഗാന്ധിജി പറഞ്ഞത്, ഗ്രാമങ്ങളില്‍നിന്ന് തുടങ്ങാനും പറഞ്ഞിട്ടുണ്ടല്ലോ? ഗ്രാമങ്ങള്‍ ആത്മാവാണെങ്കില്‍ ആത്മാവില്‍നിന്നല്ലേ കാര്യങ്ങള്‍ തുടങ്ങേണ്ടത്?
കുടിവെള്ളം കിട്ടാത്തിടത്ത് കിണര്‍കുഴിക്കല്‍ നിരോധിച്ചു എന്ന് പറഞ്ഞപോലെ പ്രാഥമിക കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി പൗരന്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടുന്ന നഗരങ്ങളില്‍ തന്നെ ആദ്യം ഇതു നടപ്പാക്കണം! എന്നാലല്ലേ ക്ലീന്‍ ഇന്ത്യ നടപ്പാവൂ. നിഴലിന്റെ മറപോലുമില്ലാത്ത നഗരങ്ങളില്‍ പൗരന്‍മാര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ അതു കാണാതെ, ഓടുന്നവന്റെ പിന്നാലെ പാഞ്ഞ് പിഴ ചുമത്തുന്നവരെ എന്തു വിളിക്കണം? പൂതപ്പാട്ടിലെ ഭൂതങ്ങളെന്നോ? ജനത്തിന് പൊതുസ്ഥലങ്ങളില്‍ തന്നെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇതിനായി പ്രത്യേക ഇടങ്ങള്‍ ഇല്ലെങ്കില്‍ കാണുന്നിടം തന്നെ കാര്യനിര്‍വഹണത്തിനു പറ്റിയ ഇടം എന്ന് കരുതും. അത്രയേയുള്ളൂ. ജനത്തിന് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയശേഷമല്ലേ ഇത്തരം നിയമങ്ങള്‍ നടപ്പാക്കേണ്ടത്?
എന്തുകൊണ്ടാണ് ജനം പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലുമൊക്കെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്? ഒന്ന്, പൗരന്റെ പ്രാഥമികാവശ്യങ്ങള്‍ക്കായും കാണുന്നിടത്ത് കാര്യം സാധിച്ച് നഗരങ്ങള്‍ നാറാതിരിക്കാനായും നിര്‍മിക്കപ്പെട്ട ശൗചാലയങ്ങള്‍ മുഴുവന്‍ നാറ്റത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലും കോഴിക്കോട്ടെ ഞെളിയന്‍പറമ്പിലും എറണാകുളത്തെ ബ്രഹ്മപുരത്തും തൃശൂരിലെ ലാലൂരിലും ആലപ്പുഴയിലെ സര്‍വോദയപുരത്തുമൊക്കെ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിച്ചത് കേരളം നാറാതെയിരിക്കാനായിരുന്നു. എന്നാല്‍, യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ജനത്തിന് ഒരുകാര്യം മനസ്സിലായത്. കേരളം മുഴുവന്‍ നാറുന്നുവെന്ന്. ഇതുപോലെ ശൗചാലയങ്ങള്‍ നാറുകയും വൃത്തിഹീനതയുടെ പര്യായവുമാവുമ്പോള്‍ ജനം മറ്റിടങ്ങള്‍ കണ്ടെത്തും. ഇതിന് ജനത്തെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടോ?
മറ്റൊന്ന് ശൗചാലയങ്ങളുടെ ആളോഹരി ലഭ്യതയാണ്. നഗരങ്ങളിലെത്തുന്ന 1,000 പേര്‍ക്ക് ഒന്ന് എന്ന തോതില്‍പോലും ശൗചാലയങ്ങള്‍ ലഭ്യമല്ല. പിന്നെ ജനം എന്തുചെയ്യും? കാണുന്നിടത്തൊക്കെ കാര്യം സാധിക്കും. ഇതിനു പരിഹാരം പിഴചുമത്തലാണോ, അതോ ശൗചാലയങ്ങള്‍ പണിയലാണോ? സ്വച്ഛ് ഭാരത് എന്നൊരു ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം സ്വച്ഛ് ഭാരത് വരില്ല.
ഇന്ത്യക്കാരന് ചില പൊതുസ്വഭാവങ്ങളുണ്ട്. പാശ്ചാത്യര്‍ പരസ്യമായി ചെയ്യുന്ന പലതും ഇന്ത്യക്കാരന്‍ രഹസ്യമായേ ചെയ്യൂ. പാശ്ചാത്യര്‍ രഹസ്യമായി ചെയ്യുന്ന പലതും ഇന്ത്യക്കാരന്‍ പരസ്യമായി ചെയ്യും. മൂത്രമൊഴിക്കുന്നത് അതിഗോപ്യമായി ചെയ്യേണ്ട ഒരു കര്‍മമാണെന്ന് ഇന്ത്യക്കാരന് ഇതുവരെ തോന്നിയിട്ടില്ല. തന്‍മൂലം കാണുന്നിടത്തൊക്കെ അവന്‍ കാര്യം സാധിക്കും. ഇന്ത്യയിലെ ഏതെങ്കിലുമൊരു പൊതു പള്ളിക്കൂടത്തില്‍ ആവശ്യത്തിന് മൂത്രപ്പുരകളുണ്ടോ? തന്‍മൂലം കുട്ടിയാവുമ്പോള്‍ തന്നെ പൊതുസ്ഥലങ്ങളില്‍ കാര്യം സാധിക്കാനാണ് അവന്‍ പഠിച്ചിട്ടുള്ളത്, അവനെ പഠിപ്പിച്ചിട്ടുള്ളത്. ഈ സ്വഭാവമാണ് ഒരു സൗകര്യവും ഒരുക്കാതെ ഒരുമാസംകൊണ്ട് മാറ്റിയെടുക്കണമെന്ന് സ്വച്ഛ് ഭാരതിന്റെ പേരില്‍ സര്‍ക്കാര്‍ പറയുന്നത്. മാത്രവുമല്ല, ഒരിന്ത്യന്‍ പ്രധാനമന്ത്രി തന്നെ മൂത്രം കുടിച്ചാലുള്ള ഗുണം അവനെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. താണവനെ തീണ്ടിയാല്‍ തീണ്ടല്‍ മാറാനുള്ള പഞ്ചഗവ്യത്തിലെ ഒരു പ്രധാന ചേരുവ മൂത്രമാണല്ലോ. അത് ഗോവിന്റേതായാലും മനുഷ്യന്റേതായാലും മൂത്രം തന്നെ.
മൂത്രമൊഴിക്കലിനെ ഒരു പ്രതിഷേധമായി സാര്‍ത്ര് മാറ്റിയിട്ടുണ്ട്. തനിക്കിഷ്ടപ്പെടാത്ത ഒരു എഴുത്തുകാരന്റെ ശവകുടീരത്തിലേക്ക് മൂത്രമൊഴിച്ചാണ് സാര്‍ത്ര് തന്റെ പ്രതിഷേധം തീര്‍ത്തത്. മൂത്രം വീഴുന്ന ശബ്ദത്തെ നിശാകാലപ്രാര്‍ഥനയുടെ സ്വരമായിട്ട് ഫിറ്റ്‌സ് ജെറാള്‍ഡ് കല്‍പന ചെയ്‌തെന്ന് കെ പി അപ്പന്‍ എഴുതിയിട്ടുണ്ട്. എം മുകുന്ദനും മൂത്രമൊഴിക്കുന്നതിലെ കലാംശം തന്റെ ഒരു കഥയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും മൂത്രമൊഴിച്ചാലാണല്ലോ ശിക്ഷയും പിഴയും. ഇതു പേടിച്ച് സ്വന്തം ഉടുപ്പില്‍ മൂത്രമൊഴിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിയമത്തിന് എന്തുചെയ്യാനാവും? ഇത്തരം ഒരു സമരമുറ ജനം സ്വീകരിച്ചാല്‍ എങ്ങനെ പിഴചുമത്തും?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക