|    Mar 23 Thu, 2017 9:58 pm
FLASH NEWS

മൂത്തൂറ്റിന്റെ വിദേശ സാമ്പത്തിക ഇടപാട്; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചേക്കും

Published : 14th August 2016 | Posted By: SMR

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിദേശത്തുള്ള ഇവരുടെ സ്ഥാപനങ്ങളിലേക്കും ആദായനികുതി വകുപ്പ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാല്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മൂന്ന് മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ഉടമകളെ അടുത്ത ആഴ്ച ആദായനികുതി അന്വേഷണ വിഭാഗം ചോദ്യം ചെയ്യും. സംശയത്തെ തുടര്‍ന്ന് മുത്തൂറ്റിന്റെ ഏതാനും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. വിദേശത്ത് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം വേണ്ടിവരുമെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്.
വിദേശത്ത് നടത്തുന്ന ബിസിനസുകള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണോ എന്നും ഇതില്‍ നിന്നുള്ള വരുമാനം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇതേക്കുറിച്ചുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മുത്തൂറ്റ് ഉടമകളുടെ വിശദീകരണം ലഭിച്ചാല്‍ മാത്രമേ ക്രമക്കേട് സ്ഥിരീകരിക്കാന്‍ സാധിക്കൂ. എന്നാല്‍, ആഗസ്ത് അഞ്ചു മുതല്‍ ഒമ്പത് വരെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെന്നും പരിശോധനയില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമ വിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്തുകയോ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക