|    Jun 25 Mon, 2018 1:50 pm
Home   >  Editpage  >  Lead Article  >  

മൂക്കിന്‍തുമ്പത്തെ സ്വാതന്ത്ര്യസമരം

Published : 20th November 2015 | Posted By: SMR

slug-a-bസാക്ഷരതയും സാമാന്യബോധവും തമ്മില്‍ പറയത്തക്ക ബന്ധമില്ലെന്നറിയാം. എങ്കിലും അവ ബദ്ധവൈരികളാണെന്നു തിരിച്ചറിയുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. 21ാം നൂറ്റാണ്ടിലും ഈ ദൈവലോകരുടെ മുഖ്യ സൂക്കേടു നോക്കുക- വികാരം. സംഗതി വേണ്ടേ എന്നു ചോദിച്ചാല്‍, വേണം. എത്രകണ്ട്, എങ്ങനെയൊക്കെ എന്നാണ് ചോദ്യമെങ്കില്‍ കുഴയും. വികാരം കയറി അസ്ഥിക്കു പിടിക്കുന്നതാണ് പൊളിറ്റിക്കലി കറക്ട് എന്നായിരിക്കുന്നു നടപ്പു കേരളീയ ജീവിതാവസ്ഥ.
ഏറ്റവും പുതിയ ഉദാഹരണം ഫാറൂഖ് കോളജിലെ ഇരിപ്പുതര്‍ക്കം. ക്ലാസ്മുറിയില്‍ ആണും പെണ്ണും ഒരേ ബെഞ്ചിലിരിക്കാമോ എന്നതായി പൊടുന്നനെ നമ്മുടെ ആഗോളപ്രശ്‌നം. ഏതോ ചില പിള്ളേര് അടുത്തടുത്ത് ഇരിക്കുന്നുവെന്നു കണ്ട ഏതോ മാഷിനു വികാരം പൊട്ടുന്നു. പിള്ളേരോട് മാറിയിരിക്കാന്‍ കല്‍പിക്കുന്നു. മാറിയിരുന്നവരില്‍ ഒരുവനു വികാരം പൊട്ടുന്നു, മാഷിന്റെ ചേതോവികാരത്തെ ചോദ്യം ചെയ്യുന്നു. അതു കേട്ടതും മാഷിന്റെ വികാരം മൂര്‍ച്ഛിക്കുന്നു. പ്രിന്‍സിപ്പലിന് സംഗതി കത്തിക്കയറുന്നു. പയ്യന്‍സിനെ പടിക്കു പുറത്താക്കുന്നു.
അവന്‍ കോടതി കയറുന്നു. കോളജ് മൂപ്പന്മാരുടെ വികാരം കോടതിക്ക് അത്ര പിടിക്കൂന്നില്ല. പ്രതിയെ തിരിച്ചെടുക്കാന്‍ കല്‍പിക്കുന്നു. അതോടെ ടെലിവിഷന്‍ ചാനലുകളിലേക്കു വികാരം പടര്‍ന്നുപിടിക്കുന്നു. ആങ്കര്‍മാര്‍ വികാരവിശ്വംഭരന്മാരാകുന്നു. പിള്ളേര് അടുത്തിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നതായി ദേശീയ ചോദ്യം. ഗോഗ്വാവിളിക്ക് രണ്ടു ടീമിനെ ഇറക്കുന്നു. ചാനല്‍ വിരുതന്മാര്‍ തൊട്ട് ‘മനശ്ശാസ്ത്ര’ വേഷമിട്ട ഉരുപ്പടികള്‍ വരെ ഒരു ടീം. (ഈ ശാസ്ത്രം തന്നെ മറ്റൊരു ഉഡായിപ്പാണെന്നത് വേറെ വിഷയം). അടുത്തിരിപ്പിനെ എതിര്‍ക്കുന്നവര്‍ മറ്റൊരു ടീം. ഇരുപക്ഷവും മാറ്റുരയ്ക്കുന്നത് വികാരത്തിന്‍മേല്‍. കൂട്ടത്തില്‍ പുരോഗമനവാദികള്‍ക്കാണ് വികാരം പിടിച്ചാല്‍ കിട്ടാത്ത തലത്തിലേക്കു പൊങ്ങിപ്പോകുന്നത്. ഈ പൂഴിക്കടകന്‍ അടിയിലൂടെ പ്രതിയായ പയ്യന്‍സ് ഹീറോയാകുന്നു- സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍.
ഫാറൂഖ് കോളജ് മുസ്‌ലിം മാനേജ്‌മെന്റ് വകയായതാണ് ഈ കലിതുള്ളലിനു മൈലേജ് ഉണ്ടാക്കിക്കൊടുത്തത്. ആഗോള ചര്‍ച്ച കൊടുമ്പിരിക്കൊള്ളുമ്പോള്‍ അതാ വരുന്നു എറണാകുളം മഹാരാജാസ് കോളജിലെ വികാരവെടി. പിള്ളേര് അടുത്തിരിക്കാന്‍ പാടില്ലെന്നു പ്രിന്‍സിപ്പല്‍. ടിയാന്റെ കോലം കത്തിക്കുന്നു ശിഷ്യഗണം. പക്ഷേ, മഹാരാജാസിലെ തീ ന്യൂസ്‌റൂമിലേക്ക് പടരുന്നില്ല. കാരണം, അവിടെ വര്‍ഗീയ ഇന്ധനത്തിനു സ്‌കോപ്പില്ല.
ഇതിനിടെ കയറിവരുന്നു, മറ്റൊരു സമാന ഹീറോയുടെ ദുരന്തകഥ. ചുംബനസമരക്കാരന്‍ പയ്യന്‍ ഒരു പെണ്‍വാണിഭത്തിലെ വില്ലനാകുന്നു. പോലിസുകാര്‍ക്ക് ആവേശം, ചുംബനസമരവിരുദ്ധര്‍ക്ക് അത്യാവേശം, ചാനല്‍പ്പടയ്ക്ക് ആവേശാതിരേകം- മൊത്തത്തില്‍ വികാരത്തിന്റെ നാഷനല്‍ ഗെയിംസ്. പുതിയ വില്ലനെ ചവിട്ടിമെതിച്ചു മിടുക്കന്മാരാവുന്നതിലാണ് വികാരമല്‍സരം. കേസ് അന്വേഷിക്കുന്ന പോലിസുകാരന്‍ വരെ ചാനലുകളില്‍ ഓടിനടന്ന് ആര്‍പ്പുവിളിക്കുന്നു.
തമാശയതുമല്ല, പോലിസുകാരന്‍ ആരോപിക്കുന്ന കേസുകെട്ട് വിഴുങ്ങി കല്‍പന പുറപ്പെടുവിക്കുന്നതില്‍ പഴയ ചുംബനസമര വീരന്മാരും ഒട്ടും പിന്നിലല്ല. ഫാറൂഖ് കോളജ് ഹീറോക്ക് നാളെ വില്ലന്‍ റോള്‍ കിട്ടിയാലും നടപടിക്രമം ഇങ്ങനെയൊക്കെത്തന്നെയാവും. പുതിയ സ്വാതന്ത്ര്യസമരങ്ങള്‍ വന്നുകൊണ്ടിരിക്കും, പുതിയ ഹീറോകളുണ്ടാവും, മാധ്യമപ്പട വാഴ്ത്തിപ്പാടും, വില്ലനാവുന്ന മുറയ്ക്ക് നിലത്തിട്ടു മെതിക്കും, സ്വാതന്ത്ര്യസമരം പരണത്തുവയ്ക്കും.
വൈകാരികമായ ഗ്രഹണിദീനത്തിന്റെ പിടിയിലാണ് കേരളം. നവമധ്യവര്‍ഗ പി േള്ളര്‍ക്ക് ഉണ്ടിരിക്കുമ്പോള്‍ ഓരോ വിളികള്‍ വരും- ഈ നാട്ടില്‍ ഒന്നും ശരിയല്ല, സ്വാതന്ത്ര്യമില്ല, സാംസ്‌കാരികമായി നിലവാരമില്ല ഇത്യാദി. പണ്ടായിരുന്നെങ്കില്‍ പ്രതിഷേധിക്കാന്‍ നാട്ടിലിറങ്ങി ആളെ സംഘടിപ്പിക്കണം, വീട്ടിലും നാട്ടിലും ശത്രുക്കളെ നേരിടണം, സാമൂഹിക-രാഷ്ട്രീയ-ചരിത്ര യാഥാര്‍ഥ്യങ്ങള്‍ പഠിക്കണം. ആകെ മെനക്കെട്ട അധ്വാനം. ഇപ്പോ ആ ജാതി അലമ്പൊന്നുമില്ല. നെറ്റ് കണക്ഷന്‍ മാത്രം മതി. സമാന ഐറ്റങ്ങളെ പിടീന്നു കിട്ടും.
രാഷ്ട്രീയ-സാമൂഹിക-ചരിത്ര ഗ്രന്ഥക്കെട്ടൊന്നും വായിച്ചു നേരം കളയേണ്ട. നാട്ടിലെ യാഥാര്‍ഥ്യം എന്തു കുന്തമായാലും നമുക്കു നമ്മുടെ വഴി. സ്വാതന്ത്ര്യം എന്നാല്‍ ഞാന്‍, എന്റേത്, കൂടിപ്പോയാല്‍ എന്റേതു മാതിരിയുള്ളത്. ഞാനാണ് ലോകത്തിന്റെ അച്ചുതണ്ട്. സമൂഹം കേറി എനിക്കിട്ടു പാരവയ്ക്കുന്നു. എന്റെ ലോകത്ത് അധിനിവേശം നടത്തുന്നു.
‘ഞാനിന്നു പല്ലു തേച്ചില്ല, നാളെ തേക്കുമോ എന്നുറപ്പില്ല, അല്ലെങ്കില്‍ത്തന്നെ പല്ലുതേപ്പ് അനിവാര്യമായ ഒരാവശ്യമാകുന്നുണ്ടോ? എന്തുകൊണ്ടത് റദ്ദാക്കിക്കൂടാ?’- ഈ ലൈനിലാണ് ഫേസ്ബുക്കിലെ അവനവന്‍ പുരാണം- 24/7 ലൈവ്. ജീവിതം ഫേസ്ബുക്കിലാണ്. അതുകൊണ്ടുതന്നെ വഴിനടക്കുന്നത് ഇപ്പോള്‍ മനുഷ്യരല്ല, ഓരോ ഫേസ്ബുക്കികളാണ്. ഈ പ്രതീതിയാഥാര്‍ഥ്യങ്ങള്‍ പുറംയാഥാര്‍ഥ്യങ്ങളോട് മുഖാമുഖം വരുമ്പോള്‍ സംഘര്‍ഷമുണ്ടാവുക സ്വാഭാവികം.
പ്രതീതിയാഥാര്‍ഥ്യമായി അഭിരമിച്ചുകഴിയുന്നവരെ സംബന്ധിച്ചു പൊതുകാര്യം എന്ന സങ്കല്‍പം തന്നെ തുലോം ശുഷ്‌കമാണ്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളോട് തല്‍ക്ഷണം പ്രതികരിക്കുന്നതായി തോന്നും. സത്യത്തില്‍ ഇതും ഒരു തോന്നിപ്പിക്കല്‍ മാത്രമാണ്. കാരണം, അപ്പോഴും അച്ചുതണ്ട് മേല്‍പറഞ്ഞ ‘ഞാന്‍’ തന്നെ. രാഷ്ട്രീയത്തെ പരമപുച്ഛം, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ സംബന്ധിച്ച വകതിരിവ് ശുഷ്‌കം. 24 മണിക്കൂര്‍ നെറ്റ് കണക്ഷന്‍ സ്തംഭിച്ചാല്‍ അസ്തമിക്കുന്നതാണ് ഈ ലോകം. തൊട്ടയലത്ത് മനുഷ്യന്‍ പട്ടിണി കിടന്നാല്‍ ജീവിതകാലത്ത് അറിയില്ല. അല്ലെങ്കില്‍ ടി പട്ടിണി മരണത്തിലേക്ക് എത്തുകയും പട്ടിണിമരണം നെറ്റിലെത്തുകയും വേണം. ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് അഭിനവ വോള്‍ട്ടയര്‍മാരായി സ്വാതന്ത്ര്യം കണ്ടുപിടിച്ചുതരുന്നതും അതുവച്ച് സമൂഹത്തെയിട്ട് കുരങ്ങുകളിപ്പിക്കുന്നതും. പൊതുസമൂഹം ഈ കുരങ്ങുകളിക്കു കിടന്നുകൊടുക്കുന്നു എന്നിടത്താണ് ഫലിതം.
ഫാറൂഖ് കോളജ് പ്രശ്‌നം തന്നെ നോക്കൂ. ഒന്നിച്ചിരിക്കുന്ന ചില പിള്ളേരെ കണ്ടാല്‍ ഒരു മാഷിനും വികാരം ജ്വലിക്കേണ്ട കാര്യമില്ല. അയാള്‍ മുന്നില്‍ കാണേണ്ടത് രണ്ടു ലിംഗസ്വത്വങ്ങളെയല്ല, തന്റെ രണ്ടു വിദ്യാര്‍ഥികളെയാണ്. അങ്ങനെ സരളമായി കണ്ടിരുന്നെങ്കില്‍ ഇമ്മാതിരി പുകിലുണ്ടാവുമായിരുന്നോ? മുതിര്‍ന്നവര്‍ പറയുന്ന ന്യായം ഒറ്റനോട്ടത്തില്‍ ദൂരക്കാഴ്ചയുള്ളതെന്നു തോന്നുമെങ്കിലും അതിലും വികാരം തന്നെയാണ് പ്രശ്‌നം.
പ്രശ്‌നം, ഈ രണ്ടുരുപ്പടികളെ ആ പരുവത്തിലാക്കി വച്ചിടത്താണ്. തീരെ ചെറിയ ക്ലാസുകള്‍ തൊട്ട് ഇടകലര്‍ത്തി ഇരുത്തി ശീലിപ്പിച്ചുനോക്കൂ. ഒരു തലമുറ അങ്ങനെ പ്രായപൂര്‍ത്തി നേടുന്നതോടെ തീരാവുന്നതേയുള്ളൂ ഈ തീപ്പിടിത്തപ്രശ്‌നം. ഈ വിവേകമുദിക്കേണ്ടിയിരുന്നത് മുതിര്‍ന്ന തലകളിലായിരുന്നു. പകരം അവര്‍ വികാരം കൊണ്ട് കലി തുള്ളി, വടിയെടുത്തു. പിള്ളേരോ? ഇങ്ങനെയൊരു രണ്ടിരിപ്പിന്റെ അടിസ്ഥാനം തിരയേണ്ടത് കോളജിലല്ല, സ്വന്തം പുരയിലാണെന്ന നേര് പിടിയില്ല. ഇരിപ്പിന്റെ സ്വാതന്ത്ര്യത്തില്‍ ‘ഫേസ്ബുക്ക്’ രാഷ്ട്രീയം കളിച്ചു. എങ്കില്‍പ്പിന്നെ മാഷിനെ തല്ലിയിട്ടുതന്നെ കാര്യം. തുടര്‍ന്നുള്ള സ്വാതന്ത്ര്യപ്രസംഗങ്ങള്‍ കേട്ടാല്‍ തോന്നും റൂസ്സോയും വോള്‍ട്ടയറുമൊക്കെ ദേ ഫാറൂഖ് കവലയില്‍ ഭൂജാതരായി നില്‍ക്കുന്നെന്ന്.
ഓര്‍ക്കുക, ചുംബനസമരം കത്തിനില്‍ക്കുമ്പോള്‍ത്തന്നെയാണ് സെക്രേട്ടറിയറ്റുപടിക്കല്‍ ഒരുകൂട്ടം മനുഷ്യര്‍ നില്‍പുസമരത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ചുംബനക്കാരോ പ്രതിയോഗികളോ ചാനല്‍ചര്‍ച്ചാ പ്രതിഭകളോ ‘മനശ്ശാസ്ത്ര’ ഉരുപ്പടികളോ അവരെ തിരിഞ്ഞുനോക്കിയില്ല. യാദൃച്ഛികമായിരുന്നില്ല ആ അവഗണന. സെക്രേട്ടറിയറ്റ് പടിക്കല്‍ നിന്നത് യഥാര്‍ഥ മനുഷ്യരായിരുന്നു, ഫേസ്ബുക്കികളല്ല. നാട്ടിലെ യാഥാര്‍ഥ്യത്തിനു മുന്നില്‍ പ്രതീതിയാഥാര്‍ഥ്യങ്ങള്‍ക്ക് വികാരമുദിക്കില്ല.
സത്യത്തില്‍, പ്രതീതിയാഥാര്‍ഥ്യങ്ങളില്‍ അഭിരമിച്ചുപോയ ഒരു കൂട്ടരുടെ യാഥാര്‍ഥ്യ സങ്കല്‍പങ്ങളും പ്രതീതികളായിപ്പോവുന്നതാണ് ഇവിടത്തെ ദുരന്തം. സ്വാതന്ത്ര്യം വെര്‍ച്വലാണെന്ന അതീതയാഥാര്‍ഥ്യം ഈ ശിശുക്കള്‍ തിരിച്ചറിയണമെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ കേവലാവസ്ഥകളും ചരിത്രവും ചരിത്രനിര്‍മാണത്തെക്കുറിച്ച് കാല്‍ നിലത്തുറപ്പിച്ച വകതിരിവും വേണം. അത് ശിശുക്കള്‍ക്കില്ലെങ്കില്‍ ഉത്തരവാദികള്‍ രണ്ടു കൂട്ടരാണ്- ശിശുപാലകരായി വേഷം കെട്ടുന്ന രക്ഷിതാക്കളും അധ്യാപകരും. ശിശുപാലകര്‍ തന്നെ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വടിയെടുത്ത് ആക്രോശിക്കുമ്പോള്‍ ആരാണിവിടെ ശിശുക്കളല്ലാതായി ഉള്ളത്?
കുട്ടികളോട് വിവേകത്തോടെ പെരുമാറാന്‍ വേണ്ട ഉപാധി പരമ്പരാഗത വടിയും റൂള്‍മുനയുമല്ല. സ്‌നേഹം, ക്ഷമ, ഉള്‍ക്കൊള്ളല്‍ ഇത്യാദി പഴഞ്ചന്‍ ആയുധങ്ങള്‍ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല. എന്റെ സ്വാതന്ത്ര്യം എന്റെ മൂക്കിന്‍തുമ്പത്ത് അവസാനിക്കുന്നതാണെന്നും മറ്റു മൂക്കുകള്‍ക്ക് സമാന സ്വാതന്ത്ര്യവും സമാന ജൂറിസ്ഡിക്ഷനുമാണുള്ളതെന്നും തിരിച്ചറിയാത്തതു മാത്രമല്ല നമ്മുടെ കുട്ടികളുടെയും മുതിര്‍ന്നുപോയ കുട്ടികളുടെയും പ്രശ്‌നം. ഇപ്പറയുന്ന മൂക്ക് എന്തിനുള്ളതാണെന്നും അതുവച്ച് എന്തൊക്കെ ചെയ്യാമെന്നുമുള്ള വകതിരിവില്ലായ്മ കൂടിയാണ്. ഈ പ്രശ്‌നം കലശലായുള്ള മറ്റൊരു നിര്‍ണായക കൂട്ടുപ്രതിയെക്കൂടി പറയാതെ ശരിയാവില്ല: മാധ്യമങ്ങള്‍, വിശേഷിച്ചു ടിവി ചാനലുകള്‍.
കാംപസ് രാഷ്ട്രീയം നിരോധിക്കാന്‍ കുഴലൂതിയവരാണ് ഇക്കൂട്ടര്‍. അരാഷ്ട്രീയതയും ‘സ്വന്തം സ്വാതന്ത്ര്യം സിന്ദാബാദു’കാരുമായി കലാലയങ്ങള്‍ ചുരുങ്ങുന്നു. കാര്യങ്ങളുടെ മുന്‍ഗണനാക്രമം തിരിയാത്ത വാര്‍ത്താപ്രക്ഷേപണം സ്വയം ഫേസ്ബുക്ക് പതിപ്പുകളായിത്തീരുന്നതിന്റെ ദുരന്തഫലങ്ങളിലൊന്നാണിത്. ഓരോ ചാനലും വിളിച്ചുപറയുന്നത്, എന്നെ നോക്കൂ, ഞാനെന്തൊരു മിടുക്കന്‍ എന്നാണ്. അല്ലാതെ, ഈ പ്രമേയം നോക്കൂ എന്നല്ല. അപ്പോള്‍ പ്രശ്‌നം മാധ്യമസാക്ഷരതയിലെ ശിശുത്വം കൂടിയാണ്. ഓരോ പ്രമേയത്തിനും എത്രകണ്ട് അളവും തൂക്കവും കൊടുക്കണമെന്ന നിശ്ചയമില്ലായ്മയില്‍ വികാരം തന്നെ ഹീറോ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss