|    Oct 17 Wed, 2018 9:24 pm
FLASH NEWS
Home   >  News now   >  

മുഹറം: ഏകാധിപത്യ വിരുദ്ധതയുടെ മാസം

Published : 30th September 2017 | Posted By: shins

ഇംതിഹാന്‍ ഒ അബ്ദുല്ല

 


ഇസ്‌ലാമിക ചരിത്രത്തില്‍ അധിനിവേശ വിരുദ്ധതയുടേയും അതിജീവനത്തിന്റെയും രക്തരൂക്ഷിതമായ ഏറെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. ഇസ്‌ലാം മുഹമ്മദ് നബിക്ക് മുമ്പേ നിലവിലുളളതിനാല്‍ അതിന്റെ പോരാട്ടചരിത്രങ്ങളും അദ്ദേഹത്തിന് മുമ്പേ ആരംഭിക്കുന്നു. ഫറോവയും അദ്ദേഹത്തിന്റെ ജനതയായ ഖിബ്തികളും ഈജിപ്തിന്റെ അധികാരം പിടിച്ചടക്കിയ വേളയില്‍ ഇസ്രയേല്‍ മക്കളെ അടിമകളാക്കി വെക്കുകയും അവരെ കൊടിയ പീഢനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫറോവ ഇസ്രായീല്യരില്‍ ജനിച്ചു വീഴുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെ അടിമകളാക്കി വെക്കുകയും ചെയ്തു. ഫറോവയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രഭൃതികളില്‍ നിന്നും ഇസ്രയേല്‍ ജനതയെ മോചിപ്പിക്കാന്‍ അല്ലാഹു ഇസ്രായീല്യരില്‍ തന്നെയുളള  മൂസായെ നിയോഗിച്ചു. മൂസാപ്രവാചകന്‍ സുവ്യക്തമായ നിരവധി ദൃഷ്ടാന്തങ്ങള്‍ സഹിതം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനും ഇസ്രായേല്‍ ജനതയെ മോചിപ്പിക്കാനും ഫറോവയോട് ആവശ്യപ്പെട്ടെങ്കിലും ഫറോവയുടെ ധാര്‍ഷ്ട്യം അതിനനുവദിച്ചില്ല. ദൈവിക കല്‍പന അനുസരിക്കാതെ അയാള്‍ കൂടുതല്‍ ധിക്കാരിയായി മാറി. ഇസ്രയേല്‍ മക്കള്‍ക്ക് ഈജിപ്തിന്റെ മണ്ണില്‍  ഒരു നിലയ്ക്കും സൈ്വര്യജീവിതം സാധ്യമല്ലെന്ന് ബോധ്യപ്പെട്ട മൂസ അവസാനം അവരെയും കൂട്ടി പലായനം ചെയ്യാന്‍ തീരുമാനിച്ചു. തന്റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ ജനതയെ ഫറോയവും പ്രഭൃതികളും പിന്തുടര്‍ന്നു. മുമ്പില്‍ ചെങ്കടലും പിന്നില്‍ ചെന്നായ്ക്കൂട്ടത്തെപ്പോലെ ഫറോവയും കൂട്ടരും. എന്തുചെയ്യണമെന്നറിയാതെ മൂസായും അനുയായികളും പകച്ചുനില്‍ക്കുമ്പോള്‍ കരയുടേയും കടലിന്റേയും സൃഷ്ടാവും നിയന്താവുമായ അല്ലാഹു മര്‍ദ്ദിതജനവിഭാഗങ്ങളോടുളള തന്റെ കാരുണ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റേയും നിദര്‍ശനമെന്നോണം ചെങ്കടല്‍ പിളര്‍ത്തി. മൂസയും അനുയായികളും ഫറോവയില്‍ നിന്നും രക്ഷപ്പെട്ട് സീനാമരുഭൂമിയിലെത്തി. ചെങ്കടല്‍ പിളര്‍ത്തി മൂസായും അനുയായികളും മുന്നേറുന്നത് കണ്ട ഫറോവയും കൂട്ടരും സമയം പാഴാക്കാതെ കടല്‍ പിളര്‍ന്ന അതേ വഴിയിലൂടെ അവരെ പിന്തുടര്‍ന്നു. പക്ഷേ  കരുണാമയനായ ദൈവം തമ്പുരാന്‍ തന്റെ പ്രവാചകനും മര്‍ദ്ദിതരായ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഒരുക്കിയ മാര്‍ഗം ധിക്കാരികള്‍ക്ക് പ്രയോജനപ്പെടുത്താനാവില്ലല്ലോ. ഫറോവയും കൂട്ടരും ചെങ്കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ അല്ലാഹു കടലിനെ പൂര്‍വ്വസ്ഥിതിയിലാക്കി. ഫറോവയും കൂട്ടരും ചെങ്കടലില്‍ മുങ്ങിച്ചത്തു. ലോക  ചരിത്രത്തിലെ ഏറ്റവും ധിക്കാരിയും അഹങ്കാരിയുമായ ഫറോവയില്‍ നിന്നും പ്രവാചകന്‍ മൂസായെയും അനുയായികളെയും അല്ലാഹു രക്ഷിച്ചത് മുഹറം പത്തിനായിരുന്നു.

ഇമാം ഹുസൈന്റെ കര്‍ബലയിലെ രക്തസാക്ഷിത്വം
ഇസ്‌ലാമിക ചരിത്രത്തില്‍ രക്തരൂക്ഷിത പോരാട്ടം കൊണ്ട് മുഹറം വീണ്ടും അടയാളപ്പെടുത്തപ്പെടുന്നത് പ്രധാനമായും പ്രവാചകനും സച്ചരിതരായ ഖലീഫമാര്‍ക്കും ശേഷമാണ്. അറബിക്കും അനറബിക്കും കറുത്തവനും വെളുത്തവനും തുല്യസ്ഥാനമുളള  ഇസ്‌ലാമില്‍ വംശീയ-കുംബമഹിമകള്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. അതുകൊണ്ടു തന്നെ ഇസ്‌ലാമില്‍ കുടുംബവാഴ്ചക്ക് സ്ഥാനവുമില്ല. പ്രവാചകന്റെ വിയോഗത്തിന് ശേഷം നിയുക്തരായ നാല് ഖലീഫമാരും തിരഞ്ഞെടുക്കപ്പെട്ടത് പൂര്‍ണ്ണമായും ജനഹിതമനുസരിച്ചും ഉത്തമ ഇസ്‌ലാമിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമായിരുന്നു. അവരാരും തന്നെ തങ്ങള്‍ക്കു ശേഷം തങ്ങളുടെ മക്കളെ സിംഹാസനത്തിലിരുത്താന്‍ ശ്രമിച്ചില്ല. എന്നല്ല മഹാനായ രണ്ടാം ഖലീഫ ഉമര്‍ മരണാസന്നനായപ്പോള്‍ അദ്ദേഹത്തിന്റെ മകനും പ്രഗല്‍ഭ പണ്ഡിതനും ഭരണാധികാരിയാവാന്‍ തികഞ്ഞ യോഗ്യനുമായ അബ്ദുല്ലാഹിബ്‌നു ഉമറിനെ യാതൊരു കാരണവശാലും ഖലീഫയാക്കരുത് എന്നദ്ദേഹം കര്‍ശനമായി നിഷ്‌കര്‍ഷിക്കുക കൂടി ചെയ്തിരുന്നു. എന്നാല്‍ നാലാം ഖലീഫ അലിക്ക് ശേഷം  ഖിലാഫത്ത് കൈക്കലാക്കിയ മുആവിയ ഈ കീഴവഴക്കങ്ങളെല്ലാം കാറ്റില്‍പറത്തി. അദ്ദേഹത്തിന് മുമ്പുളള ഖലീഫമാര്‍ക്ക് ഖിലാഫത്ത് ദൈവത്തോട് അണുകിട തെറ്റാതെ കണക്ക് ബോധിപ്പിക്കേണ്ട ഭാരിച്ച ഒരു ഉത്തരവാദിത്വമായിരുന്നു. യൂഫ്രട്ടീസ് നദിയുടെ കരയില്‍ ഒരാട്ടിന്‍കുട്ടി വിശന്ന് മരിച്ചാല്‍ പോലും താന്‍ സമാധാനം പറയേണ്ടി വരുമെന്നോര്‍ത്ത് പേടിച്ച് വിറച്ച് കരഞ്ഞിരുന്നു ഖലീഫ ഉമര്‍. അവരാരും തന്നെ  അധികാരത്തിന് പിന്നാലെ പോയവരായിരുന്നില്ല. മറിച്ച് അധികാരം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. തങ്ങളുടെ രാജ്യത്തെ ഏറ്റവും സാധാരണക്കാരനായ പൗരന്‍മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുളള ജീവിതസൗകര്യങ്ങള്‍ മാത്രമേ അവര്‍ ഉപയോഗിച്ചിരുന്നുളളൂ. അക്കാലത്തെ പ്രബല ശക്തികളായിരുന്ന പേര്‍ഷ്യാ-റോമാസാമ്രാജ്യങ്ങളുടെ അധിപന്‍മാരായ കിസ്രാകൈസര്‍മാരെ വിറപ്പിച്ചിരുന്ന അവര്‍ താമസിച്ചിരുന്നതാവട്ടെ മണ്‍കുടിലുകളിലും. എന്നാല്‍ പ്രവാചകന്റെ മക്കാവിജയത്തിന് ശേഷം മാത്രം ഇസ്‌ലാമിലേക്ക് വന്ന ഇസ്‌ലാമില്‍ മഹത്തായ ത്യാഗപരിശ്രമങ്ങളോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത മുആവിയ ആദ്യം അലിയുമായും പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ഹസനുമായും നടത്തിയ ഏറ്റുമുട്ടലുകളിലൂടെയും തന്റെ നയതന്ത്രജ്ഞതയിലൂടെയും അധികാരം സ്വന്തമാക്കി. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്ന അദ്ദേഹം പക്ഷെ തന്റെ മുന്‍ഗാമികളില്‍ നിന്നു വിഭിന്നമായി തന്റെ പുത്രന്‍ യസീദിനെ തനിക്ക് ശേഷം ഖലീഫയായി നിശ്ചയിച്ചു. ഇസലാമിക പ്രമാണങ്ങളുടേയോ കീഴ്‌വഴക്കങ്ങളുടേയോ പിന്തുണയില്ലാത്ത ഈ തീരുമാനം നടപ്പിലാക്കാനായി ബലാല്‍ക്കാരം ജനങ്ങളില്‍ നിന്ന് അനുസരണ പ്രതിജ്ഞ വാങ്ങി.
മുആവിയയുടെ ഈ തീരുമാനം സ്വാഭാവികമായും ഇസ്‌ലാമിക സമൂഹത്തില്‍  കടുത്ത പ്രതിഷേധത്തിനിടയാക്കി. ഖിലാഫത്തിനെ രാജവാഴചയിലേക്ക് പറിച്ചുനടലാണ് ഇതെന്നവര്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാമിക ഖിലാഫത്തിന് ഒരര്‍ത്ഥത്തിലും അര്‍ഹതയില്ലാത്ത യസീദിനെ അംഗീകരിക്കാന്‍ പലരും വിസമ്മതിച്ചു. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പ്രാവചക പൗത്രനും  നാലാംഖലീഫ അലിയുടെ മകനുമായ ഹുസൈന്‍.(പ്രമുഖ സഹാബിമാരായ അബ്ദുല്ലാഹിബ്‌നു ഉമര്‍,അബ്ദുല്ലാഹിബ്‌നു സുബൈര്‍,അബ്ദുറഹമാനു അബീബക്കര്‍,അബ്ദുല്ലാഹിബ്‌നു അബ്ബാസ് എന്നിവരായും യസീദിനെ എതിര്‍ത്ത മറ്റുളളവര്‍) സ്വര്‍ഗത്തിലെ യുവാക്കളുടെ നായകന്‍മാരെന്ന് അല്ലാഹുവിന്റെ ദൂതര്‍ വിശേഷിപ്പിച്ചവരിലൊരാള്‍. എന്റെ കരളിന്റെ കഷണമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഫാത്വിമത്തുസ്സുഹ്‌റായുടെ മകന്‍. അധികാരമോ തദ്ജന്യമായ സുഖസൗകര്യങ്ങളോ ആണ് അദ്ദേഹത്തിന്റെ ആവശ്യമെങ്കില്‍ പ്രവാചക കുടുംബമഹിമ ഉപയോഗിച്ചു കൊണ്ട് നിഷ്പ്രയാസം അദ്ദേഹത്തിന് അവ സാധിക്കാമായിരുന്നു. അത്തരത്തിലുളള ഏതൊരു ഒത്തുതീര്‍പ്പിനും യസീദും കൂട്ടരും ഒരുക്കവുമായിരുന്നു. പക്ഷെ ലോകത്തിലുളള സമസ്ത സമ്പത്തും മാലാഖമാര്‍ കണ്‍മുമ്പില്‍ ഹാജറാക്കിയിട്ടും വിരക്തിയുടേയും ദാരിദ്യത്തിന്റേയും മാര്‍ഗം തിരഞ്ഞെടുത്ത പ്രാവാചകന്റെ രക്തം സിരകളിലോടുന്ന ഹുസൈന്റെ ആവശ്യം ഭൗതികനേട്ടങ്ങളായിരുന്നില്ല. തന്റെ മാതാമഹനും പിതാവടക്കമുളള അദ്ദേഹത്തിന്റെ അനുചരന്‍മാരും അശ്രാന്തപരിശ്രമം നടത്തിയ ഇസലാമിനെ അതേ രൂപത്തിലും മഹിമയിലും നിലനിര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇസ്‌ലാമിക ഖിലാഫത്ത് തകര്‍ക്കപ്പെട്ട് രാജവാഴച സ്ഥാപിതമായാല്‍ ഇസ്‌ലാമാകുന്ന മനോഹരസൗധത്തിന്റെ ആദ്യത്തെ ആണിക്കല്ല് ഇളക്കപ്പെടുമെന്ന കാര്യത്തില്‍ ഹുസൈന് സംശയമൊന്നുമുണ്ടായിരുന്നില്ല.
യസീദിനെ എതിര്‍ത്തവരില്‍ ഹുസൈനും ഇബ്‌നു സുബൈറും മക്കയിലേക്ക് നീങ്ങി അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. നബിയുടെ പേരക്കുട്ടിയുടെ പിന്നാലെ ജനങ്ങള്‍ തടിച്ചു കൂടി. കൂഫയിലെ അലി പക്ഷക്കാര്‍ ഹുസൈനെ ഖലീഫയാവാന്‍ ക്ഷണിച്ചു കൊണ്ട് കത്തുകളെഴുതി. നൂറ്റി അമ്പതോളം കത്തുകള്‍ ഇപ്രകാരം ലഭിച്ചു. സ്ഥിതിഗതികള്‍ അന്വേഷിക്കാനായി ഹുെൈസന്‍ തന്റെ അര്‍ദ്ധസഹോദരനെ കൂഫയിലേക്കയച്ചു. കൂഫക്കാര്‍ അദ്ദേഹത്തോട് ഹുസൈനു വേണ്ടി ബൈഅത്ത് ചെയ്തു. വിവരമറിഞ്ഞ ഹുസൈന്‍ കുടുംബത്തെയും കൂട്ടി കൂഫയിലേക്ക് നീങ്ങി. ഗുണകാംക്ഷികള്‍ പലരും അദ്ദേഹത്തെ തടഞ്ഞെങ്കിലും ഈ സവിശേഷ സന്ദര്‍ഭത്തില്‍ കൂഫക്കാര്‍ തന്നിലേല്‍പിച്ച വിശ്വാസം പാഴാക്കാന്‍ പാടില്ലെന്നും ഇസ്‌ലാമിക ഖിലാഫത്ത് കുടുംബവാഴചക്ക് അടിപ്പെടരുതെന്നും കരുതി അദ്ദേഹം മുന്നോട്ട് നീങ്ങി. ഹുസൈന്റെ യസീദിനെതിരെയുളള നിലപാട് യസീദിന്റെയും കൂട്ടാളികളുടെയും ചെവിയിലെത്താതിരുന്നില്ല. യസീദ് കൂഫയിലെ ഗവര്‍ണ്ണറായിരുന്ന നുഅ്മാനെ മാറ്റി തല്‍സ്ഥാനത്ത് ഉബൈദ്ബ്‌നു സിയാദിനെ നിയമിച്ചിരുന്നു.സിയാദ് കൂഫയിലെത്തി കൂഫക്കാരെ കൂറുമാറ്റി. വഴിയിലുടനീളം ഗുണകാംക്ഷികള്‍ പ്രവാചകപൗത്രന് അപകടത്തെക്കുറിച്ച മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അദ്ദേഹം പിന്‍മാറാന്‍ തയ്യാറായില്ല. അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. സിയാദിന്റെ സൈന്യം ഹുസൈനെ തടഞ്ഞു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ മുഹറം പത്തിന് കര്‍ബലയില്‍ വെച്ച് ഹുസൈനും കുടുംബാംഗങ്ങളും ദാരുണമായി കൊല്ലപ്പെട്ടു.
കര്‍ബലയില്‍ ഇമാം ഹുസൈന്‍ വധിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഏകാധിപത്യത്തിനെതിരിലുളള  ലോകാവസാനം വരെയുളള ജനാധിപത്യപോരാട്ടങ്ങള്‍ക്ക് ശക്തമായ പ്രചോദനമായി നികൊളളുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss