|    Jun 23 Sat, 2018 4:02 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മുഹര്‍റം വിമോചനത്തിന്റെ മാസം

Published : 1st October 2017 | Posted By: fsq

സുബൈര്‍ കുന്ദമംഗലം

ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹര്‍റം. ഖലീഫ ഉമറിന്റെ കാലം മുതലാണ് ഹിജ്‌റ കാലഗണനയുടെ ആരംഭം. വിദൂര ദേശങ്ങളില്‍ ഭരണം നടത്തിയ ഗവര്‍ണര്‍മാര്‍ക്കും ഖലീഫക്കുമിടയില്‍ ആശയവിനിമയം നടത്താനും ഖലീഫയുടെ ഉത്തരവുകള്‍ മുന്‍ഗണനാക്രമം പാലിച്ചുകൊണ്ടു നടപ്പാക്കാനും മാസവും തിയ്യതിയും സൂചിപ്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. മുതിര്‍ന്ന സഹചരന്‍മാരുമായി വിഷയം ചര്‍ച്ച  ചെയ്ത ഖലീഫ വര്‍ഷഗണനയ്ക്ക് ഹിജ്‌റയാണ് ഉചിതമെന്നു തീരുമാനിച്ചു. ചരിത്രത്തില്‍ അവിസ്മരണീയവും സംഭവബഹുലവുമാണ് മുഹര്‍റം. സമ്മേളന മാസം (അല്‍മുഅ്തമര്‍) എന്നാണ് മുഹര്‍റം അറിയപ്പെട്ടിരുന്നത്. തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണുന്നതിനു വേണ്ടി അറബികള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുള്ളത് സ്മരിച്ചുകൊണ്ടായിരുന്നു അത്. മുഹര്‍റത്തെ ദുശ്ശകുനമായും വിലാപത്തിന്റെയും ദുഃഖാചരണത്തിന്റെയും മാസമായും കാണുന്നവരുണ്ട്. ഇതൊക്കെ അസംബന്ധങ്ങളാണ്. ചരിത്രഗതി തിരിച്ചുവിട്ട ഹിജ്‌റ മദീനയില്‍ ഇസ്‌ലാമിക സമൂഹത്തിനു മേല്‍വിലാസം നല്‍കി. ഹിജ്‌റ ഒളിച്ചോട്ടമായിരുന്നില്ല. അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു വിമോചനത്തിന്റെ ശാന്തിമന്ത്രം പ്രഖ്യാപിക്കാനുള്ള ധീരമായ തിരിച്ചറിവായിരുന്നു. മാനവവിമോചനത്തിന്റെ മുഗ്ധഗീതവുമായി ഇസ്‌ലാം നടത്തിയ ജൈത്രയാത്രയുടെ പ്രാരംഭം കുറിച്ച മഹാസംഭവമായിരുന്നു ഹിജ്‌റ. പോരാട്ടവിജയങ്ങളുടെ മാസമാണ് മുഹര്‍റം. ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി ഫറോവയ്‌ക്കെതിരേ പ്രവാചകന്‍ മൂസ നടത്തിയ സമരം വിജയം കണ്ടത് മുഹര്‍റത്തിലാണ്. ഭരണീയരെ അടിമകളും അധഃസ്ഥിതരുമാക്കി സ്വേച്ഛാധിപത്യം നടപ്പാക്കിയിരുന്ന ക്രൂരനായിരുന്നു ഫറോവ. ഇസ്രായേല്‍ ജനതയുടെ മോചകനായി പിറന്ന മൂസ തന്റെ ജനതയുമായി പലായനം ചെയ്തു. മൂസയെയും അനുയായികളെയും പിന്തുടര്‍ന്ന ഫറോവയെയും സൈന്യത്തെയും ദൈവം ചെങ്കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തു. മദീനയില്‍ എത്തിയ പ്രവാചകന്‍ മുഹമ്മദ് മൂസാനബിയുടെ അനുയായികള്‍- ജൂതന്‍മാര്‍- മുഹര്‍റം 10നു വ്രതമനുഷ്ഠിക്കുന്നതു കണ്ട് കാരണം അന്വേഷിച്ചു. ഫറോവയില്‍ നിന്ന് ഇസ്രായേല്‍ വംശത്തെ ദൈവം രക്ഷിച്ച ദിവസമാണ് അതെന്നും അതിന്റെ നന്ദിസൂചകമായാണ് വ്രതം അനുഷ്ഠിക്കുന്നതെന്നും അവര്‍ മറുപടി നല്‍കി. താനാണ് ജൂതന്‍മാരേക്കള്‍ മൂസാ നബിയോട് അടുത്തവനെന്നും അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9നും താന്‍ നോമ്പ് അനുഷ്ഠിക്കുമെന്നും നബി പ്രഖ്യാപിച്ചു. എന്നാല്‍, തന്റെ പ്രഖ്യാപനം നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അടുത്ത വര്‍ഷം മുഹര്‍റം 9നു മുമ്പുതന്നെ പ്രവാചകന്‍ ദിവംഗതനായി. പ്രവാചകന്റെ പ്രഖ്യാപനം അന്വര്‍ഥമാക്കിക്കൊണ്ടാണ് ചിലര്‍ മുഹര്‍റം 9, 10 ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത്. റജബ്, ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നീ മാസങ്ങളെപ്പോലെ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. ‘അല്ലാഹുവിന്റെ മാസം’ എന്നാണ് പ്രവാചകന്‍ മുഹര്‍റത്തെ വിശേഷിപ്പിച്ചത്. റമദാന്‍ വ്രതത്തിനു ശേഷം ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെട്ടത് മുഹര്‍റം നോമ്പിനാണ്. പ്രവാചകന്‍ അരുളി: ”റമദാനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം മാസത്തിലാണ്. അധികാരത്തിന്റെ ഭ്രാന്തുപിടിച്ച അമവി ഭരണകൂടത്തിനെതിരേ ശക്തമായ താക്കീതുമായി പ്രവാചകന്റെ പ്രമുഖ അനുയായികള്‍ രംഗത്തെത്തി. ഇസ്‌ലാമിക ജനാധിപത്യം കുരുതികൊടുക്കരുതെന്നും ഏകാധിപത്യം അനുവദിച്ചുകൂടെന്നും അവര്‍ പ്രഖ്യാപിച്ചു. മുആവിയയുടെ മകന്‍ യസീദിനെതിരേ രംഗത്തുവന്ന പ്രവാചക പൗത്രന്‍ ഹുസയ്‌നെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത മാസം കൂടിയാണ് മുഹര്‍റം. അതിദാരുണമായി രക്തസാക്ഷിത്വം വരിച്ചെങ്കിലും ഇമാം ഹുസയ്ന്‍ നേടിയ രാഷ്ട്രീയ വിജയം ഇസ്‌ലാമിക സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്നതാണ്. കര്‍ബല രാഷ്ട്രീയവിജയമാവുന്നതും മുഹര്‍റം വിമോചനത്തിന്റെ മാസമാവുന്നതും അങ്ങനെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss