|    Dec 14 Thu, 2017 10:45 pm
FLASH NEWS
Home   >  Fortnightly   >  

മുഹര്‍റം: ചരിത്രത്തിലെ സമരമുഖങ്ങള്‍

Published : 12th October 2015 | Posted By: G.A.G

യാസീന്‍ സെയ്ദ്


ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസമായ മുഹര്‍റം നിര്‍ണ്ണായകങ്ങളായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നത്തെയും മര്‍ദ്ദിതരുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ധനവും ഊര്‍ജ്ജവുമായിത്തീര്‍ന്ന ഫറോവനിസത്തില്‍നിന്നുള്ള ഇസ്രായേല്യരുടെ മോചനവും മുഹമ്മദ് നബിയുടെയും സഖാക്കളുടെയും മദീന പലായനവും, കര്‍ബലയും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഹസ്രത്ത് ഉമറിന്റെ ഭരണകാലത്താണ് ഒരു പുതിയ കലണ്ടറിനെക്കുറിച്ച ആലോചനയുണ്ടായത്. പുതുതായി രൂപപ്പെടുത്തുന്ന കലണ്ടര്‍ അവലംബമാക്കേണ്ട സംഭവമെന്തായിരിക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

മുഹമ്മദ് നബിയും അനുചരന്മാരും മദീനയിലേക്ക് നടത്തിയ പലായനം -ഹിജ്‌റ- കലണ്ടറിന്റെ അടിയാധാരമാവണമെന്ന് തീരുമാനിക്കപ്പെട്ടു. മൗലാന അബുല്‍ ഹസന്‍ അലി നദ്‌വി പറയുന്നു: ”ഇസ്‌ലാമിക കാലഘട്ടത്തിന്റെ സമാരംഭം അടയാളപ്പെടുത്തിയത് യുദ്ധവിജയങ്ങള്‍കൊണ്ടല്ല. പ്രവാചകന്റെ ജനനമരണങ്ങള്‍കൊണ്ടുമല്ല. വേദഗ്രന്ഥത്തിന്റെ അവതരണംപോലുമല്ലായിരുന്നു അതിന്റെ അവലംബം. മുസ്‌ലിം കലണ്ടറും ഇസ്‌ലാമിക കാലഘട്ടവും പലായനത്തോടു ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. പലായനം ഒരു മഹാ ത്യാഗമായിരുന്നു. സത്യവും അസത്യവും തമ്മിലുള്ള സമരത്തിന്റെ നൈരന്തര്യമാണത്. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു അത്.”വിശ്വാസ സംരക്ഷണാര്‍ത്ഥം സ്വന്തം നാട് ഉപേക്ഷിക്കുകയും മറ്റൊരു ഭൂപ്രദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്നതിനെയാണ് പലായനം എന്നു പറയുന്നത്. മക്കക്കാരുടെ പ്രാകൃതത്വവും പാരുഷ്യവും മതത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തി.

മതത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ മക്കയുടെ പശ്ചാത്തലം അനുയോജ്യമല്ലായിരുന്നു. ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ മുഹമ്മദ് നബിയുമായുണ്ടാക്കിയ ഉടമ്പടികളാണ് പലായനത്തിനു മുന്നോടിയായി വര്‍ത്തിച്ചത്. മക്കയുടെ പരിമിതിയില്‍നിന്നും മദീനയുടെ വിശാലതയിലേക്കുള്ള പലായനം ഇസ്‌ലാമിന് അന്തസ്സും അപരിമേയമായ സാദ്ധ്യതകളും നേടിക്കൊടുത്തു. മക്കയില്‍ മതം വിശ്വാസികളുടെ വ്യക്തിജീവിതത്തിലൊതുങ്ങി. മദീനയില്‍ മതം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മഹാസാദ്ധ്യതകളെ സ്വാംശീകരിക്കുകയുമുണ്ടായി. രക്ത-കുടുംബ ബന്ധങ്ങളുടെ അടിത്തറയിലാണ് ഗോത്രങ്ങള്‍ നിലനിന്നിരുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന നയം മക്കക്കാര്‍ക്ക് സ്വീകാര്യമല്ലായിരുന്നു. എന്നാല്‍ മദീനയില്‍ തീര്‍ത്തും മാനവികമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക രൂപീകരണം സാദ്ധ്യമായി.

നാട്, സമുദായം, ഗോത്രം, വര്‍ഗ്ഗം, ജാതി, കുടുംബം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായി വ്യക്തികളും സംഘങ്ങളും ഒന്നുചേര്‍ന്ന് വേറിട്ടൊരു സമൂഹമായി. നിങ്ങള്‍ എന്താണോ അതുതന്നെയായിരിക്കാനുള്ള സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും മദീനാ കരാറിലൂടെ നബി സര്‍വ്വര്‍ക്കും വകവെച്ചുകൊടുത്തു. ഓരോ മത-വംശീയ വിഭാഗത്തിനും സാംസ്‌കാരികവും നിയമപരവുമായ പൂര്‍ണ്ണ സ്വയംഭരണം അത് വാഗ്ദാനം ചെയ്തു. ഒരു ബഹുസ്വര സമൂഹത്തില്‍ പല നിയമ വ്യവസ്ഥകളും പ്രാബല്യത്തില്‍ കൊണ്ടുവരാം എന്നതിനുള്ള പ്രമാണമായി മുഹമ്മദ് നബി ആവിഷ്‌കരിച്ച മദീനാ ചാര്‍ട്ടറിനെ പരിഗണിക്കുന്നവരുണ്ട്. സങ്കുചിതമായ ഗോത്രാഭിമുഖ്യത്തില്‍നിന്നും സാര്‍വ്വദേശീയതയിലേക്ക് മാനവരാശിയെ നയിച്ചുവെന്നതാണ് ഹിജ്‌റയുടെ ഏറ്റവും വലിയ നേട്ടം. ഈ ലോകത്തെ ഒരു ദേശമായും മാനവരാശിയെ ഒരു വംശമായും കാണുന്ന സാര്‍വ്വദേശീയ ബോധത്തെയാണ് പലായനം വിളംബരം ചെയ്യുന്നത്.

ഭൂപ്രദേശങ്ങളോടുള്ള കൂറും സ്‌നേഹവും മനുഷ്യരില്‍ ഊട്ടിയുറപ്പിക്കപ്പെട്ടവയാണ്. എന്നാല്‍ മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളെയും മാനസിക വികസനത്തെയും മുരടിപ്പിക്കുംവിധം പ്രാകൃതമായ ചുറ്റുപാടില്‍ കഴിഞ്ഞുകൂടുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നാണ് പലായനം നല്‍കുന്ന പാഠം. ഒരു പ്രദേശത്തോടോ ജനതയോടോ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരു രാജ്യത്തെയും രാജ്യനിവാസികളെയും സൗഹാര്‍ദ്ദപൂര്‍വ്വം കാണാന്‍ കഴിയണമെന്ന സന്ദേശവും പലായനം നല്‍കുന്നുണ്ട്.* * * ആട്ടിടയന്മാരുടെ സ്ഥാനം ചെന്നായ്ക്കള്‍ കവര്‍ന്നെടുത്ത കാലത്തിന്റെ കെടുതിയില്‍ നിന്നു ജനങ്ങളെ മോചിപ്പിച്ച ഭരണകര്‍ത്താവ് കൂടിയാണ് മുഹമ്മദ് നബി. നീതിപാലനം, നിയമസംരക്ഷണം, അധികാരാവകാശങ്ങളുടെ സമീകൃതവും സന്തുലിതവുമായ നിര്‍ണയം എന്നിങ്ങനെ ജനകീയ ഭരണകൂടത്തിന്റെ മുഴുവന്‍ സവിശേഷതകളും അദ്ദേഹം സ്ഥാപിച്ച ഇസ്‌ലാമിക രാഷ്ട്രത്തിനുണ്ടായിരുന്നു. അധികാരം ധാര്‍മികതയാല്‍ നിയന്ത്രിക്കപ്പെടുക, ഭരണസിരാകേന്ദ്രങ്ങളില്‍ നീതിമാന്മാര്‍ അവരോധിക്കപ്പെടുക, മനുഷ്യര്‍ക്കിടയില്‍ സമത്വം സ്ഥാപിക്കപ്പെടുക എന്നീ ജനാഭിലാഷങ്ങളുടെ പൂര്‍ത്തീകരണമാണ് പ്രവാചകന്‍ നേതൃത്വം നല്‍കിയ ഭരണത്തിലൂടെ സാധ്യമായത്. മുഹമ്മദ് നബിയുടെ മരണാനന്തരം സച്ചരിതരായ പിന്‍ഗാമികള്‍ ഇസ്‌ലാമിക ഖിലാഫത്തിനെ മാതൃഘടനയില്‍ നിലനിര്‍ത്തി. കാര്യക്ഷമത, മുന്‍ഗണനാക്രമം, ദൈവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ഉസ്മാന്റെയും അലിയുടെയും കാലഘട്ടങ്ങളില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ രൂക്ഷമായപ്പോഴും ഖിലാഫത്തിന്റെ മൗലിക സ്വഭാവം പരിരക്ഷിക്കപ്പെട്ടു.

അലി വധിക്കപ്പെട്ടതോടെ ഖിലാഫത്തിന്റെ പ്രതാപകാലത്തിന് അന്ത്യമായി. അലിക്കു ശേഷം ഹസന്‍ ഖലീഫയായി നിയോഗിതനായി. ജനകീയാഭിപ്രായം അംഗീകരിക്കാന്‍ മുആവിയ തയ്യാറല്ലായിരുന്നു. മുആവിയയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നുവയ്ക്കാനായി ഖുര്‍ആനും പ്രവാചകചര്യയും ഖിലാഫത്തു റാശിദയുടെ രീതിയും അവലംബിച്ച് ഭരണം നടത്തുക, തന്റെ പിന്‍ഗാമിയായി മുആവിയ ആരെയും നിശ്ചയിക്കാതിരിക്കുക, അലിയുടെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കുക എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹസന്‍ മുആവിയക്ക് ഭരണച്ചുമതല ഏല്‍പ്പിച്ചുകൊടുത്തു. എന്നാല്‍, മുആവിയ ജനകീയ ഭരണം അട്ടിമറിച്ച് രാജഭരണത്തിന് അസ്തിവാരമിട്ടു. താന്‍ ജീവിച്ചിരിക്കെ മകന്‍ യസീദിനെ ഭരണകര്‍ത്താവായി അംഗീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. മുആവിയയുടെ മരണശേഷം തന്നെ ഭരണകര്‍ത്താവായി അംഗീകരിക്കാന്‍ യസീദ് ജനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. മനുഷ്യന്റെ രാഷ്ട്രീയചരിത്രത്തിലെ വിശിഷ്ടവും വ്യതിരിക്തവുമായ മുഹമ്മദ് നബിയുടെ ഭരണമാതൃകയോടുള്ള യസീദിന്റെ വെല്ലുവിളിയായിരുന്നു അത്. എന്തു വില നല്‍കിയും മര്‍ദ്ദനത്തെയും കിരാതത്വത്തെയും പ്രതിരോധിക്കേണ്ടത് തന്റെ ബാധ്യതയായി ഹുസയ്ന്‍ മനസ്സിലാക്കി. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ ബലിയര്‍പ്പിച്ചായാലും രാജാധിപത്യത്തിനെതിരേ പടപൊരുതുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. കൂഫക്കാര്‍ ഹുസയ്‌നു സര്‍വ പിന്തുണയും നല്‍കി.

യസീദ്, ഉബൈദുല്ലാഹിബ്‌നു സിയാദിനെ ഗവര്‍ണറായി നിശ്ചയിക്കുകയും ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഹുസയ്‌ന്റെ പ്രതിനിധിയായി കൂഫയിലെത്തിയ മുസ്‌ലിം ഇബ്‌നു ഉഖൈലിനെ സിയാദ് കൊന്നു. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും എളുപ്പം വഴങ്ങുന്നവരായിരുന്നു കൂഫക്കാര്‍. അതിനാല്‍, കൂഫയിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കാന്‍ പലരും ഹുസയ്‌നെ ഉപദേശിച്ചു. മക്കയില്‍ വച്ച് കൊല്ലപ്പെടുന്നതിനെക്കാള്‍ തനിക്കിഷ്ടം മറ്റേതെങ്കിലും പ്രദേശത്തുവച്ച് കൊല്ലപ്പെടാനാണ് എന്നായിരുന്നു ഹുസയ്‌ന്റെ മറുപടി. മുഹര്‍റം 10 പുലര്‍ന്നു. ഹുസയ്ന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു: ”നാഥാ, ഈ പ്രതിസന്ധിയില്‍ നീ മാത്രമാണ് പ്രതീക്ഷയും അവലംബവും.” ഹുസയ്‌ന്റെ അനുയായികള്‍ ഓരോരുത്തരായി കര്‍ബല രണാങ്കണത്തില്‍ നിലംപതിച്ചുകൊണ്ടിരുന്നു. യസീദിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ അസ്ഗര്‍, ഹുസയ്‌ന്റെ കൈകളില്‍ കിടന്നു മരിച്ചു. സ്ത്രീകളും കുട്ടികളും അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കെ സിനാന്‍ തന്റെ വാള്‍ത്തലപ്പുകൊണ്ട് ഹുസയ്‌ന്റെ ശിരസ്സെടുത്തു. ധര്‍മസമരത്തിന്റെ മഹാസാധ്യതകളെ കുറിച്ചാണ് കര്‍ബല വാചാലമാവുന്നത്.

മുഹാജിറിന്റെയും മുജാഹിദിന്റെയും ശഹീദിന്റെയും മഹനീയ സ്ഥാനങ്ങള്‍ അലങ്കരിച്ച കര്‍ബലയിലെ ഹുസയ്ന്‍, വിശ്വാസത്തിന്റെ സമഗ്രത ആശ്ലേഷിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ്. സത്യാസത്യ സംഘട്ടനങ്ങളുടെ തുടര്‍ച്ചയിലെ സവിശേഷമായ കണ്ണിയാണു കര്‍ബല. വിഭവങ്ങളൊക്കെയും സമാഹരിക്കണമെന്നുതന്നെയാണു വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ആയുധശക്തിയും ആള്‍ശക്തിയുമില്ലാതെയും ശത്രുവിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ പരിണതിയെക്കുറിച്ച് ആശങ്കപൂണ്ട് സമരമുന്നണിയില്‍ നിന്നു മാറിനില്‍ക്കരുതെന്ന പാഠമാണ് കര്‍ബല നല്‍കുന്നത്. ദൈവദാസന്മാര്‍ സാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ട ശിരസ്സുകള്‍ ഏകാധിപതികള്‍ക്കു മുമ്പില്‍ കുനിയണമെന്നു ശാഠ്യം പിടിക്കുന്ന നിഷ്ഠുരമായ നിയമവാഴ്ചയാണല്ലോ രാജാധിപത്യം. അതിനെതിരേ പൊരുതാനുള്ള പ്രേരണയായി കര്‍ബല വര്‍ത്തിക്കുന്നു.ഹിജ്‌റയും കര്‍ബലയും കവിതകളില്‍ഈ സംഭവങ്ങള്‍ക്ക് ജനമനസ്സുകളില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനും അവയടുടെ ഉള്ളടക്കങ്ങളെ കുറിച്ച് അറിവ് പകരുന്നതിനും ചരിത്രകൃതികള്‍ക്കും ആഖ്യായികകള്‍ക്കുമുള്ളതില്‍നിന്നും ഒട്ടും കുറവല്ലാത്ത ഒരു പങ്ക് കവിതകളും ഗാനങ്ങളും ഗദ്യകവിതകളും നിര്‍വ്വഹിച്ചിട്ടുണ്ട്.

ഉയിര്‍പ്പിന്റെ പ്രേരകശക്തിയാകാന്‍ കവിതക്കും സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട് എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.ആരാണ് നിന്റെ നാമമല്ലാതെ മറ്റൊന്നില്ല എന്നു മൊഴിഞ്ഞവര്‍നിനക്കുവേണ്ടി യുദ്ധം ചെയ്തതുംഅതിന്റെ ഈറ്റുനോവറിഞ്ഞതുംആരുടെ പടവാളാണ്ഒരേയൊരു മഹത്വത്തിനായിവിശ്വത്തെ കീഴടക്കിയത്.” ആരാണ് മാനവികതയെ ചങ്ങലയില്‍നിന്നുംമോചിപ്പിച്ചത്അവര്‍ നിന്റെ പ്രപിതാക്കളായിരുന്നുപക്ഷേ, പറയൂ നീ ആരാണ് ശൂന്യ ഹസ്തങ്ങളോടെ പ്രഭാതത്തെകാത്തിരിക്കുന്ന നീയാര്‍”മഹാ കവി ഇഖ്ബാലിന്റെ ഈ വരികളില്‍ വിശ്വാസികളുടെ സമരചരിത്രം കോറിയിട്ടിട്ടുണ്ട്. അതിനു പുറമെ അവരുടെ എല്ലാ തലമുറകളെയും സമരസജ്ജമാക്കുന്ന പ്രചോദനവും ആ വരികളില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഹിജ്‌റയുമായി ബന്ധപ്പെട്ട് രചന നടത്തിയവര്‍ നബിക്ക് വരവേല്‍പ് നല്‍കാന്‍ അദ്ദേഹത്തിന്റെ വരവും കാത്ത് ആകാംക്ഷാഭരിതരായി നില്‍ക്കുന്ന മദീനാ നിവാസികളെ ചിത്രീകരിച്ചിട്ടുണ്ട്.

മദീനയിലെ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുന്ന, തങ്ങള്‍ക്ക് അവകാശാധികാരങ്ങള്‍ നല്‍കുന്ന, വിമോചകനായിട്ടായിരുന്നു പ്രവാചകനെ കണ്ടത്. പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച ഭാര്യമാരെ വിവാഹമോചനം ചെയ്തിരുന്നു അറേബ്യയിലെ പുരുഷന്മാര്‍. ”ആണ്‍കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുകയെന്നത് ഞങ്ങളുടെ കഴിവില്‍ പെട്ടതല്ലല്ലോ. കുഞ്ഞുങ്ങളെ ആണായും പെണ്ണായും പടക്കുന്നത് ദൈവമാണല്ലോ. എന്നിട്ടും എന്തേ നിങ്ങള്‍ ഞങ്ങളെ പിരിഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞ് കരയാന്‍ മാത്രമെ അന്ന് സ്ത്രീകള്‍ക്ക് കഴിയുമായിരുന്നുള്ളൂ. ആ സാഹചര്യങ്ങളെ മാറ്റിമറിച്ച ഒരു വിമോചകനെ കാണാന്‍ പെണ്‍കുട്ടികള്‍ എത്രമാത്രം ഉത്സുകരായിരുന്നു എന്നതാണ് വളരെ പ്രസിദ്ധമായ ഈ വരികളിലൂടെ വ്യക്തമാവുന്നത്.

വിടയുടെ ഭൂവതില്‍നിന്നും തിങ്കളുദിച്ചു നമ്മളില്‍നന്ദിനിറഞ്ഞുപരന്നുദൗത്യത്തിന്‍ തിരുദൂതനായി വന്നു നിയോഗിതന്‍ അങ്ങു വന്ദ്യമാം കാര്യങ്ങള്‍ക്കായിശ്രേഷ്ഠമായ്തീര്‍ന്നു മദീനസ്വാഗതം ദൂതരേ നൂനംനേരത്തെ തന്റെ സന്ദേശവാഹകനായി പ്രവാചകന്‍ മിസ്അബുബ്‌നു ഉമൈറിനെ മദീനയില്‍ നിയോഗിച്ചിരുന്നു. ഇസ്‌ലാമിനെയും അതിന്റെ മൂലപ്രമാണങ്ങളെയും കുറിച്ച് മദീനാ നിവാസികള്‍ക്ക് അദ്ദേഹം പറഞ്ഞുകൊടുത്തിരുന്നു. അതിനൊപ്പം പ്രവാചകനെക്കുറിച്ചും. തന്റെ ജന്മദേശത്തോട് വിടപറഞ്ഞ് തങ്ങളിലേക്ക് വരുന്ന പ്രവാചകനെ കാണാന്‍ എത്രമാത്രം ആകാംക്ഷാഭരിതരായിരുന്നു മദീനാ നിവാസികള്‍ എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു.യസ്‌രിബെന്നൊരു പട്ടണത്തില്‍മുശ്‌രിഫായൊരു നബി വരുന്നേഅതു മുതലാ പട്ടണത്തിനുമദീനയെന്നു പേരു വന്നേനിരനിരയായൊട്ടകങ്ങള്‍വരിവരിയായ് നീങ്ങിടുന്നേകുല ചുമയ്ക്കും തല കുലുക്കിതംറു മരവും കാത്തുനിന്നേതിളതിളങ്ങും താരകങ്ങള്‍ഒളി വിതറും ചന്ദ്രികയുംതിരുനബിയെ സല്‍ക്കരിക്കാന്‍ഝടുതിയില്‍ ഉദിച്ചു നിന്നേകൊതി പെരുത്ത വിരുവിരുതര്‍ചിലര്‍ മരത്തില്‍ കേറി നിന്നേ(കെ.സി. അശ്‌റഫ്) കുടുസ്സായ ദേശീയത മാനവ ഐക്യത്തെ ശിഥിലമാക്കുന്നു എന്ന് നിരീക്ഷിക്കുന്ന ഇഖ്ബാല്‍ മുസ്‌ലിം ദേശീയതയുടെ പൊരുള്‍ വ്യക്തമാക്കുന്നു.

പലായനം വിശാലതയിലേക്കുള്ള യാത്രയാണ്.പ്രപഞ്ചത്തിലെ ഓരോ കണികയും നിരന്തരമായ ചലനത്തിലാണ് യാത്രാ സംഘങ്ങള്‍ക്ക് വിശ്രമമറിയില്ലവിശാലതയിലേക്ക് പ്രയാണം ചെയ്യുന്ന യാത്രാസംഘങ്ങള്‍പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കുന്നു.ചലനം ജീവിതത്തിന്നിറവും മണവും നല്‍കുന്നു. ചലനമാണ് സത്യംസാഹോദര്യത്തിന്റെ അടിത്തറകള്‍ അവര്‍ തകര്‍ത്തുഅവര്‍ രാജ്യത്തിന്റെ അടിത്തറയില്‍ദേശീയത സ്ഥാപിച്ചുഅങ്ങിനെ മാനവസമൂഹംകലഹിക്കുന്ന വര്‍ഗമായിമനുഷ്യത്വം പഴംപുരാണമായിമനുഷ്യര്‍ പരസ്പരം അപരിചിതരായിമനുഷ്യന്റെ ആത്മാവ് ചോര്‍ന്നുപോയിഅവന്‍ ശരീരം മാത്രമായി അവശേഷിച്ചുമനുഷ്യന്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിഇപ്പോഴുള്ളത് രാജ്യങ്ങള്‍ മാത്രം. നമ്മുടെ പ്രവാചകന്‍മാതൃരാജ്യത്തുനിന്നും പലായനം ചെയ്തുദേശീയതയുടെ ഇസ്്‌ലാമിക സ്വരൂപം കാണിച്ചുതന്നു ഞങ്ങളുടെ ജന്‍മദേശം സിറിയയോ തുര്‍ക്കിയോ ഇന്ത്യയോ അല്ലഇസ്്‌ലാമാണ്. നമ്മുടെ പ്രവാചകന്‍ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്തുകൊണ്ടു മുസ്്‌ലിം ദേശീതയുടെ കെട്ടുകളഴിച്ചുപിതൃഗേഹത്തില്‍ നിന്നും അദ്ദേഹം യാത്ര ചെയ്തത്എന്തുകൊണ്ടെന്നറിയാമോശത്രുവെ ഭയന്നോടിതെന്നു കരുതാമോഅല്ലമുസ്്‌ലിമിന്റെ ജീവിതത്തിന്റെ നിയമമാണ് പലായനംമുസ്്‌ലിം ജീവിതത്തിന്റെ കരുത്തും നിലനില്‍പ്പും പ്രദാനം ചെയ്യുന്നതുപലായനമത്രെ!ജലകണത്തെ വെടിയുകസമുദ്രത്തെ കീഴടക്കുക.

രക്തം വാര്‍ന്നെന്നു വരാം പൂവാണ് നിന്റെ ലക്ഷ്യം. പരിമിതകളെ അതിജീവിക്കുകലോകത്തിന്റെ വിശാലതയിലേക്കു കുതിക്കുക.കര്‍ബലയിലെ ത്യാഗവും ഇമാം ഹുസൈന്റെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും പ്രമേയമാക്കിനിരവധി വിലാപകാവ്യങ്ങള്‍ പ്രകാശിതങ്ങളായിട്ടുണ്ട്. ഇമാം അല്‍ഹാഫിളു ഇബ്‌നു കസീര്‍ (ഇശിതിശ്ഹാദു ഹുസൈന്‍), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ (റഉസുല്‍ ഹുസൈന്‍), ഇമാം അബീ ജഅഫര്‍ മുഹമ്മദുബ്‌നു ജരീര്‍ അത്വബരി (ഇശ്തിശ്ഹാദു ഹുസൈന്‍), താഹാ ഹുസൈന്‍ (അലിയ്യുന്‍ വബനൂഹു), മുഹമ്മദ് അലി ഖുത്തുബ് (ഹുസൈനുബ്‌നു അലി) തുടങ്ങിയവര്‍ തങ്ങളുടെ കൃതികളില്‍ ഈ വിലാപകാവ്യങ്ങളില്‍നിന്നുള്ള വരികള്‍ ഉദ്ധരിക്കുന്നുണ്ട്. ചരിത്ര വസ്തുതകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ ‘കവി വിവരിച്ചതുപോലെ’ എന്നു പറഞ്ഞുകൊണ്ട് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും കവിയാരാണെന്നു പറയാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവെ ഈ ഗ്രന്ഥകര്‍ത്താക്കള്‍ അവലംബിച്ചിട്ടുള്ളത്.

മുകളില്‍ പരാമര്‍ശിച്ച ഗ്രന്ഥകര്‍ത്താക്കളില്‍ ചിലര്‍ ഉദ്ധരിച്ച കവിതാശകലങ്ങളുടെ വിവര്‍ത്തനമാണ് ചുവടെ: 1ഹുസൈന്‍,ഉത്തമനായ മാര്‍ഗദര്‍ശിയാണ് താങ്കള്‍ മുസ്്തഫയുടെ അരുമയായ പൗത്രന്‍ മുഹമ്മദിന്റെ അനുഗ്രഹീതങ്ങളായ അധരങ്ങള്‍ആ കവിള്‍ത്തടങ്ങളെ പുളകമണിയിച്ചിട്ടുണ്ട് ഹുസൈന്‍,മുസ്്തഫയുടെ ഉദാരശീലംഅനന്തരമെടുത്തവനാണ് താങ്കള്‍.താങ്കള്‍അനാഥകളെ കാരുണ്യംകൊണ്ട് പുതപ്പിച്ചു.ഹുസൈന്‍,താങ്കളുടെ കണ്ണടഞ്ഞപ്പോള്‍മനുഷ്യരഖിലവും അനാഥമായി. 2മുഹമ്മദ്മാലാഖമാര്‍ അങ്ങയെഅനുഗ്രഹിക്കവേഇതാ താങ്കളുടെ ഹുസൈന്‍രക്തം പുരണ്ടുകൈകാലുകള്‍ ഛേദിക്കപ്പെട്ട നിലയില്‍ അപമാനിതനായി കിടക്കുകയാണ്.മുഹമ്മദ്അങ്ങയുടെ പുത്രിമാരെ യുദ്ധതടവുകാരായി തടഞ്ഞുവെച്ചിരിക്കുകയാണ്കശാപ്പു ചെയ്യപ്പെട്ട അങ്ങയുടെ കുടുംബംകിഴക്കു പടിഞ്ഞാറന്‍ കാറ്റു പടര്‍ത്തുന്ന പൊടിപടലങ്ങള്‍പുരണ്ടു കിടക്കുകയാണ്. 3ഹുസൈന്റെ ഘാതകരേ കഠിനമായ ശിക്ഷഏറ്റുവാങ്ങിയവരാണ് നിങ്ങള്‍ആകാശ ലോകത്തധിവസിക്കുന്നവര്‍നിങ്ങള്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കുകയാണ് 4മുഹമ്മദിന്റെ പൗത്രാരക്തപങ്കിലമായ താങ്കളുടെ ശിരസ്സുമായിഅവര്‍ എത്തിയിരിക്കുന്നു.അങ്ങയുടെ ശിരസ്സുമായിഅവര്‍ എത്തിയിരിക്കുന്നു.

ദാഹാര്‍ത്തനായിരിക്കേഅവര്‍ താങ്കളെ വധിച്ചപ്പോള്‍തഹ്‌ലീലിനേയും തക്ബീറിനെയുമാണ്അവര്‍ കൊലപ്പെടുത്തിയത്. 5എന്റെ അനന്തിവരോട്് എന്താണ് നിങ്ങള്‍ ചെയ്തുകൂട്ടിയത്എന്നു പ്രവാചകന്‍ ചോദിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങള്‍ക്കുത്തരം. ‘അസ്ഗറിനുവേണ്ടി ദാഹജലം തേടി യസീദിന്റെ പട്ടാളക്യാംപിലേക്കു പോവുന്ന ഹുസൈനെക്കുറിച്ചു സലാമത്ത് അലിദാബിര്‍ വിവരിക്കുന്നതിങ്ങനെ. ദാഹജലത്തിനു പിടയുന്നു പൊന്നുമോന്‍തപ്തമനസ്സാല്‍ ഇടറുന്നിമാംഹുസയിന്‍എതിരേ യസീദിന്റെ സൈന്യമാണേഒരുവേള ചോദിച്ചുനോക്കാംഇത്തിരി വെള്ളം തരാതിരിക്കുമോ മാനുഷര്‍ എന്നൊരു പ്രതീക്ഷ.എതിരും അതിരും അവഗണിച്ചു അവരോട് ചോദിച്ചു. വെള്ളമിത്തിരി ഈ കുട്ടിക്കുതന്നാലുംനാവു വരളുന്നുണ്ടസ്ഗറാം പൊന്നുമോന്‍വെള്ളത്തിനായിതാ കെഞ്ചുന്നു കാണുക.സ്വബ്‌റിന്‍ കരുത്താല്‍ ഇമാം ഹുസയിന്‍ തേടുന്നു വെള്ളം ഒരിറ്റു വെള്ളം.അസ്ഗര്‍ സ്വബ്‌റിന്‍ മകനാണെന്നറിയുകഅസ്ഗര്‍ മനസ്സിന്റെ മുത്താണെന്നറിയുകഅസ്ഗര്‍ ബാനുവിന്‍ കരളാണെന്നറിയുകഎതിരാളികള്‍ നീട്ടുന്ന വാള്‍മുന കണ്ടിട്ടും ഉലയാകരുത്തിന്റെ ഹുസയിനാണ് താതനുംവെള്ളം… നാവു വരളുന്നു, ദേഹം തളരുന്നുകരുണ അറിയാത്ത കശ്മലര്‍ എയ്യുന്നഅമ്പിന്‍ പൊലിഞ്ഞു നീ പോയെങ്കിലും”നീ വരുന്നുണ്ടോരോ മനസ്സിലുംതീ പറക്കും വസന്തമായെപ്പോഴും.”വിശ്വാസികള്‍ക്കെന്നും ആവേശം പകരുന്ന ഓര്‍മ്മകളുമായാണ് മുഹര്‍റം ആഗതമാവുന്നത്.

മുഹര്‍റത്തിന്റെ പത്താം പുലരിയെക്കുറിച്ച് നവീദ് അഹമദ് പാടുന്നു:ഹുസൈന്‍വീരനായ അലിയുടെ വീരപുത്രാആ ബലിദാനം, ആ രക്തസാക്ഷിത്വംഅങ്ങയുടെ ധന്യമായ ജീവിതചര്യകള്‍ഇന്നും സച്ചരിതരെഹര്‍ഷപുളകിതരാക്കുന്നുസത്യത്തിന്റെ കാവലിനായിതാങ്കള്‍ തെരഞ്ഞെടുത്തരക്തസാക്ഷിത്വത്തിന്റെരീതിയും മാര്‍ഗ്ഗവുംഓ ഹുസൈന്‍ഇന്നും സച്ചരിതരെ ഹര്‍ഷപുളകിതരാക്കുന്നുകര്‍ബലയുടെ മണല്‍ത്തരികള്‍മര്‍ദ്ദകനെതിരിലുള്ളഅങ്ങയുടെ നിശ്ചയദാര്‍ഢ്യത്തെവിളംബരം ചെയ്തുകൊണ്ടിരിക്കുന്നുഅലിയുടെ പ്രിയപുത്രാഅങ്ങയുടെ രക്തസാക്ഷിത്വംഹൃദയങ്ങളിലെല്ലാം ശോകഗാനത്തിന്‍ഈണം കൊടുക്കുന്നുആ ഈണം രക്തത്തുള്ളികളെ കണ്ണീരാക്കുന്ന വിലാപമായി മാറുന്നു.ഉലകമിതില്‍ സച്ചരിതര്‍ ഉള്ളോളവുംവിശ്വാസിയുടെ ജീവിതത്തിന്റെവിശ്വാസിയുടെ പോരാട്ടത്തിന്റെ മാതൃകയായി,പ്രതീകമായിതാങ്കള്‍ ജനമനസ്സുകളില്‍ ജീവിച്ചുകൊണ്ടിരിക്കുംകര്‍ബലയുടെ മണല്‍ത്തരികളുടെസങ്കീര്‍ത്തനവും ശ്രവിച്ച്വീണ്ടും മുഹര്‍റത്തിന്റെപത്താംപുലരി ആഗതമാവുന്നുഓ ഹുസൈന്‍അങ്ങേക്ക് സ്മരണാഞ്ജലിയുമായിമുഹര്‍റത്തിന്റെ പത്താംപുലരിആഗതമാവുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക