|    Jun 27 Tue, 2017 12:22 pm
FLASH NEWS

മുഹമ്മ-കുമരകം ബോട്ട് സര്‍വീസിന് വീണ്ടും അവഗണന

Published : 11th November 2016 | Posted By: SMR

കുമരകം: മുഹമ്മ-കുമരകം റൂട്ടിലെ ബോട്ട് സര്‍വീസിനെ ജല ഗതാഗത വകുപ്പ് വീണ്ടും അവഗണിക്കുന്നു. രണ്ട് സ്റ്റീല്‍ ബോട്ടുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി ഒരു ബോട്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഏകദേശം 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിലെ സര്‍വീസിനിടയില്‍ ബോട്ടിന് എന്തെങ്കിലും തകരാറോ അപകടമോ സംഭവിച്ചാല്‍ യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കാന്‍ ഇപ്പോള്‍ സംവിധാനവുമില്ല. കായലില്‍ പോള നിറഞ്ഞ മൂലം ബോട്ടിന്റെ പ്രൊപ്പല്ലറില്‍ പോളയും വാഴ, വല, സ്റ്റീല്‍ ബൗഡന്‍ മുതലായവയും ചുറ്റിപ്പിടിച്ച് ബോട്ട് കായലില്‍ നിന്നു പോവുന്നത് പതിവാണ്. ഇങ്ങനെ തകരാര്‍ സംഭവിക്കുന്ന ബോട്ടിനെ രണ്ടാമത്തെ ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബോട്ടിന് ഇത്തരത്തില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ യാത്രക്കാരെ കരയിലെത്തിക്കാല്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. ഇപ്പോള്‍ കായലില്‍ മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കോളു കൊള്ളുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്. കൂടാതെ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന രണ്ടു ബോട്ടുകളും യാത്രക്കാരെ കൂടാതെ എട്ട് ടൂ വീലറുകളും കയറ്റാവുന്നതാണ്. കോട്ടയത്തെ വിവിധ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വളരെ ആശ്വാസകരമാവുന്നതോടൊപ്പം ഒരു ടൂ വീലറിന് 25/-രൂപ നിരക്കില്‍ ഒരു ട്രിപ്പിന് 200/-രൂപ വീതം വകുപ്പിന് അധികം ലഭിക്കുന്നുമുണ്ട്. ഇങ്ങനെ സര്‍വീസ് നടത്തുന്നതു മൂലം വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന സര്‍വീസ് ഇപ്പോള്‍ ലാഭത്തിന്റെ പാതയിലാണ്. ഒരു ബോട്ട് മാത്രം സര്‍വീസ് നടത്തുന്നത് മൂലം സ്ഥിരയാത്രക്കാര്‍ക്കു ലക്ഷ്യ സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നു. ബോട്ട് മുടക്കം പതിവായത് വീണ്ടും സ്ഥിര യാത്രക്കാരെ ബോട്ടില്‍ നിന്നകറ്റാനും കാരണമാവുന്നു. മുഹമ്മ- കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നിരവധി തവണ ജല ഗതാഗത വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ബോട്ട് സര്‍വീസ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയൊരു ദുരന്തത്തിനു കാത്തുനില്‍ക്കാതെ, കേടായ ബോട്ടിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കുകയോ ഇതിനു സാധ്യമല്ലെങ്കില്‍ പകരം മറ്റൊരു ബോട്ട് അടിയന്തരമായി അനുവദിക്കുയോ ചെയ്ത് രണ്ടു സര്‍വീസുകളും ഉടന്‍ ആരംഭിക്കണമെന്ന് മുഹമ്മ-കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ബി ബിജുകുമാര്‍, സെക്രട്ടറി ആര്‍ ബിജു എന്നിവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക