|    Oct 24 Wed, 2018 3:51 am
FLASH NEWS

മുഹമ്മദ് മന്‍സൂര്‍ വധം:പ്രതികളെ കുറിച്ച് നിര്‍ണായക സൂചന; ഓട്ടോയും വാനും പിടികൂടി

Published : 29th January 2017 | Posted By: fsq

 

ഉപ്പള: കാസര്‍കോട് വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ സ്വര്‍ണ-റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ മുഹമ്മദ് മന്‍സൂറിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പോലിസിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ പരിചയമുള്ള ബായാര്‍ സ്വദേശിയായ ഒരാള്‍ ഫോണ്‍ ചെയ്തതനുസരിച്ചാണ് ബുധനാഴ്ച രാവിലെ മന്‍സൂര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കറന്തക്കാട് തന്റെ സ്‌കൂട്ടര്‍ നിര്‍ത്തി ബസ്സില്‍ ഉപ്പള കൈക്കമ്പയിലിറങ്ങി. ഇവിടെ വച്ച് ചിലര്‍ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി. കുറേ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം ഒരു മാരുതി വാനില്‍ കയറ്റുകയായിരുന്നു. മഞ്ചേശ്വരം മണ്ഡലം ആംആദ്മി പാര്‍ട്ടി സെക്രട്ടറി നസീര്‍ കോരിക്കാറിന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യത്തില്‍ കൊലയാളികളുടേയും വാഹനങ്ങളുടേയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേസന്വേഷണത്തിന് ഏറെ സഹായകമായി. മന്‍സൂറിനെ കൊണ്ടുപോയ ഓട്ടോറിക്ഷയും പിന്നീട് കടത്തിക്കൊണ്ടുപോയ മാരുതി വാനും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നു. കൊലപാതകത്തിന് പിന്നില്‍ കാസര്‍കോട് സ്വദേശിയായ ഒരാളും ഉണ്ടെന്ന നിഗമനത്തിലാണ് പോലിസ്. തമിഴ്‌നാട് ബന്ധമുള്ള വര്‍ഷങ്ങളായി ബായാറില്‍ താമസിക്കുന്ന ഒരാളാണ് മന്‍സൂറിനെ ഫോണില്‍ വിളിച്ച് ബാങ്കില്‍ സ്വര്‍ണാഭരണമുണ്ടെന്ന് അറിയിച്ചതായാണ് വിവരം. 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം കൊലപ്പെടത്തിയെന്നാണ് നിഗമനം. എന്നാല്‍ ഇദ്ദേഹത്തിന്റെ അരയില്‍ തിരുകിവച്ചിരുന്ന 3.10 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ല. ഇത് അന്വേഷണത്തിന്റെ ശ്രദ്ധതിരിച്ചുവിടാനാണെന്ന് പോലിസ് പറഞ്ഞു. പോലിസ് അന്വേഷണക്കുന്ന മുഖ്യപ്രതിയുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് നിലയിലാണ്. ഇയാള്‍ മൈസൂരിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലിസ് പറയുന്നത്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ രണ്ടുപേരെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന്റെ ലിവര്‍ കൊണ്ട് വാനില്‍ വച്ച് തലക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. വാനില്‍ വീണ രക്തം പിന്നീട് കഴുകിക്കളഞ്ഞതായും കണ്ടെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss