|    Oct 23 Mon, 2017 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഹമ്മദ് അലി അനുസ്മരണം: ഇ പി ജയരാജനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ലോകപ്രശസ്ത ബോക്‌സിങ് താരം മുഹമ്മദ് അലി അന്തരിച്ച ദിവസം ചാനലിനു നല്‍കിയ അനുശോചന സന്ദേശത്തിനിടെ പിഴവു സംഭവിച്ച വിഷയത്തില്‍ കായികമന്ത്രി ഇ പി ജയരാജന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസിയില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നിങ്ങള്‍ ജയരാജനോടു ചെയ്തതു ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി ചോദിച്ചത്.
ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല അത് മറച്ചുവയ്ക്കാനുളള ധാര്‍മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. യാത്രയിലായിരുന്ന ജയരാജന്‍ എന്താണ് നടന്നതെന്ന് വ്യക്തമായി കേട്ടിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോഴിക്കോടു പോവാന്‍ ഇരിക്കുമ്പോഴാണ് പൈലറ്റ് വന്ന് കെ ആര്‍ നാരായണന്‍ മരിച്ച വിവരം ധരിപ്പിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ അവിടെ ഇറങ്ങി തന്റെ ഓഫിസിലേക്ക് തിരിച്ചു പോന്നു. വാതില്‍ക്കല്‍ തന്നെ മൈക്കുമായി ചാനല്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. കെ ആര്‍ നാരായണന്റെ നിര്യാണത്തില്‍ അനുശോചനം റിപോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നും പറഞ്ഞു. ഓഫിസില്‍ കയറി കാര്യങ്ങള്‍ ഒന്നു തിരക്കട്ടെ, ശേഷം ഓഫിസില്‍ വച്ചു തന്നെ പ്രതികരിക്കാം എന്നു മറുപടി നല്‍കി. കെ എം മാണി അനുശോചിച്ചു എന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
ഓഫിസിലെത്തി സ്‌പെഷ്യല്‍ ബ്രാഞ്ചിനോടും മറ്റും അന്വേഷിച്ചപ്പോള്‍ കെ ആര്‍ നാരായണന്‍ മരിച്ചിട്ടില്ല എന്നറിയിച്ചു. പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് നാരായണന്‍ മരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുപറ്റുന്നത് സ്വാഭാവികമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ഉചിതമായി ഇടപെടണമെന്നും ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ അപ്രകാരം ചെയ്യുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക