|    Mar 27 Mon, 2017 12:18 am
FLASH NEWS

മുഹമ്മദ് അയ്യൂബിന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: സംഘപരിവാര പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണസേന ഗുജറാത്തിലെ അഹ്മദാബാദില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അയ്യൂബിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ. അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറാവാതിരുന്ന പോലിസ് ഇന്‍സ്‌പെക്ടര്‍ റാണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഹ്മദാബാദിലെ വത്‌വ ഗ്രാമത്തിലുള്ള അയ്യൂബിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എസ്ഡിപിഐ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
വാടക കെട്ടിടത്തില്‍ വസിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. അയ്യൂബിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മുഴുവന്‍ പ്രതികളേയും ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയ്യൂബിന്റെ അമ്മാവന്‍ അതീഖ് മേവും കുടുംബവും സ്വീകരിച്ചു. അയ്യൂബിന്റെ പിതാവ് ഇസ്ഹാഖ്, മാതാവ് മീരജ് ബാനു, സഹോദരന്‍ മുഹമ്മദ് ആരിഫ്, അയ്യൂബിന്റെ ഭാര്യയേയും നാലും രണ്ടും വയസ്സുള്ള മക്കെളയും കണ്ട സംഘം, കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞു.
ബലികര്‍മം നിര്‍വഹിക്കാനായി മൃഗത്തെ കൊണ്ടുവന്ന വാഹനം തടഞ്ഞു അഹ്മദാബാദ് നഗരത്തില്‍വച്ച് അയ്യൂബിനെയും സുഹൃത്തിനേയും ഗോസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലിസ് അയ്യൂബിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
അയ്യൂബ് കൊല്ലപ്പെട്ടിട്ടും അക്രമികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരേ മോര്‍ച്ചറിയില്‍ നിന്ന് മൃതശരീരം ഏറ്റുവാങ്ങാതെ 5000ത്തോളം പേര്‍ പ്രതിഷേധിച്ചു. ഇവരില്‍ 130 പേരെ പോലിസ് നിയമവിരുദ്ധമായി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചുവെന്ന് സംഘത്തോട് പ്രദേശവാസികള്‍ പറഞ്ഞു. അയ്യൂബിന്റെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരായ ശംസാദ് പത്താന്‍, ഇംതിയാസ് പത്താന്‍ എന്നിവരെയും സംഘം സന്ദര്‍ശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക