|    Oct 20 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുഹമ്മദന്‍സിനെ നയിക്കാന്‍ ഇനി സുല്‍ത്താന്‍ അഹമ്മദില്ല

Published : 12th September 2017 | Posted By: fsq

 

ടി   പി   ജലാല്‍

മലപ്പുറം: ‘ആരു വന്നാലും പോയാലും ഈ ക്ലബ്ബ് ഒരിക്കലും അടച്ചു പൂട്ടരുത്. ഇത് നാടിന്റെ നിധിയാണ്, അത് കാത്തു സൂക്ഷിക്കണം’- ഇന്ത്യന്‍ കാല്‍പന്ത് ചരിത്രത്തില്‍ അസാമാന്യ ഭരണാധികാരിയായി മാറിയ സുല്‍ത്താന്‍ അഹമ്മദിന്റെ വാക്കുകളാണിത്. കൊല്‍ക്കത്തയിലെ ചേരിയില്‍ പ്രാദേശികമായി രൂപം കൊണ്ട ഒരു സാധാരണ ഫുട്‌ബോള്‍ ക്ലബ്ബ്, മുഹമ്മദന്‍സ് സ്‌പോര്‍ടിങിനെ ലോകം അറിയുന്ന നിലയില്‍ ഉയര്‍ത്തിയ നിശ്ചയ ദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു സുല്‍ത്താന്‍ അഹമ്മദ്. കഴിഞ്ഞ നാലാം തിയ്യതി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോഴേക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം പോലും മറന്നു കഴിഞ്ഞിരുന്നു ആ പേര്. മുഹമ്മദന്‍സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് പദവിയിലിരിക്കെയാണ് സുല്‍ത്താന്‍ അഹമ്മദിന്റെ വേര്‍പാട്. യുപിഎ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായും രണ്ടു തവണ കോണ്‍ഗ്രസ് എംഎല്‍എയായും സേവനം അനുഷ്ഠിച്ചെങ്കിലും രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം സ്‌നേഹിച്ചത് കായിക മേഖലയെ ആയിരുന്നു. ഒന്നേ കാല്‍ നൂറ്റാണ്ട് പഴക്കമുണ്ടായിട്ടും മുഹമ്മദന്‍സിന്റെ വളര്‍ച്ച മുരടിച്ച സമയം. സ്‌പോണ്‍സര്‍മാരോ ഫണ്ടോ ലഭിക്കാതെ ക്ലബ്ബ് തളര്‍ന്നപ്പോഴും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ക്ലബ്ബ് നിലനിര്‍ത്താന്‍ സുല്‍ത്താന്‍ അശ്രാന്തം പരിശ്രമിച്ചു. ക്ലബ്ബിന് മദ്യത്തിന്റേയും മറ്റും സ്‌പോണ്‍സര്‍ഷിപ്പ് വേണ്ടെന്ന നിലപാടും സുല്‍ത്താന്‍ അഹമ്മദിന്റേതായിരുന്നു. 1984ലെ ഫെഡറേഷന്‍ കപ്പിന് ശേഷമാണ് ടീമിന്റെ ഗ്രാഫ് താഴ്ന്നത്. ക്ലബ്ബിന്റെ പ്രസിഡന്റായും രക്ഷാധികാരിയായും 2009ല്‍ സുല്‍ത്താന്‍ ചുമതലയേറ്റ സമയത്ത് ഐ ലീഗിലും രണ്ടാം ഡിവിഷനിലും മുഹമ്മദന്‍സ് പിന്നിലായിരുന്നു. അവസാനം ടീം പിരിച്ചുവിടാന്‍ തീരുമാനിച്ചപ്പോള്‍ സുല്‍ത്താന്‍ ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു. സ്വന്തം നിലയിലും മമത സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാവുന്ന സഹായവും കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഉലുബരിയ മണ്ഡലം എംപിയായ 64കാരന്‍ ആ ക്ലബ്ബിനെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിച്ചു. കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാരും പിന്തുണച്ചതോടെ വലിയൊരു ഞെരുക്കത്തില്‍ നിന്ന് മുഹമ്മദന്‍സ് കരകയറി. ഇഎംടിഎ എന്ന മൈനിങ് കമ്പനി മുഹമ്മദന്‍സിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായത് സുല്‍ത്താന്റെ പരിശ്രമങ്ങളുടെ വിജയമായിരുന്നു. ഖജാഞ്ചിയായിരുന്ന അമീറുദ്ദീന്‍ ബോബിയെ സുല്‍ത്താനു പകരക്കാരനായി തിരഞ്ഞെടുത്തിട്ടുണ്ട്. സുല്‍ത്താന്‍ അഹമ്മദിന്റെ ഇളയ മകന്‍ ഷരീഖ് അഹമ്മദാണ് പുതിയ സെക്രട്ടറി.  പ്രസിഡന്റിന്റെ മരണം വിടവുണ്ടാക്കിയെങ്കിലും ക്ലബ്ബ് പതിയെ തിരിച്ചുവരുമെന്നാണ് മാനേജര്‍ ബിലാല്‍ അഹമ്മദ് ഖാന്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss