|    Oct 19 Fri, 2018 7:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരേ സംഘപരിവാര അക്രമം; ജനകീയമായി തടയും: പോപുലര്‍ഫ്രണ്ട്

Published : 13th August 2016 | Posted By: SMR

കോഴിക്കോട്: മതപരിവര്‍ത്തന കേന്ദ്രമെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ സലഫി സെന്റര്‍, മഞ്ചേരിയിലെ സത്യസരണി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ നടത്തുമെന്നു പറഞ്ഞ മാര്‍ച്ച് ജനകീയമായി തടയുമെന്ന് പോപുലര്‍ഫ്രണ്ട്. കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള നിഗൂഢപദ്ധതിയുടെ ഭാഗമാണിതെന്ന് സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു.
ഇത്തരം നീക്കങ്ങളെ മുസ്‌ലിംസമുദായം ഒരുമിച്ച് ചെറുത്തുതോല്‍പ്പിക്കും. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അധികാര, അവകാശങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടാണ് മുസ്‌ലിംസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിലും വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ പടര്‍ത്താനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. ഗോ രക്ഷയുടെ പേരില്‍ രാജ്യത്ത് പലയിടത്തും മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടന്ന  സംഘപരിവാര ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തങ്ങളുടെ നികൃഷ്ട പദ്ധതികള്‍ നടത്തിയെടുക്കാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്.
നുണപ്രചാരണങ്ങളിലൂടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഉത്തരേന്ത്യന്‍ ശൈലി കേരളത്തില്‍ വിലപോവില്ല. നിയമവിധേയമായും സുതാര്യമായും പ്രവര്‍ത്തിക്കുന്നവയാണ് കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ എല്ലാം. യാതൊരുവിധ നിഗൂഢതയും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കില്ല. അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിയമസംവിധാനങ്ങളുണ്ട്. അത് അധികാരികള്‍ നോക്കിക്കൊള്ളും. അതിന് ആര്‍എസ്എസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
രാഷ്ട്രീയ മാറ്റങ്ങളെപോലെ ആശയപരമായ മാറ്റങ്ങള്‍ തന്നെയാണ് മതംമാറ്റങ്ങളും.  മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഇസ്‌ലാമിനെകുറിച്ച് പ്രാഥമിക കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന മതപാഠശാലകളാണ് സത്യസരണിയുള്‍പ്പെടെയുള്ള മുസ്‌ലിംസ്ഥാപനങ്ങള്‍.
കേരളത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും അഞ്ച് ഹൈന്ദവ കേന്ദ്രങ്ങള്‍ക്കും രണ്ട് മുസ്‌ലിംസ്ഥാപനങ്ങള്‍ക്കും ഒരു ബുദ്ധമത കേന്ദ്രത്തിനുമാണ് മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത്തരം വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ട് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മതേതര പൊതുസമൂഹം തിരിച്ചറിയണം.
അതേസമയം രണ്ടാം മാറാട് കലാപത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ബി നൗഷാദ്, സംസ്ഥാനസമിതിയംഗം പി നൂറുല്‍ അമീന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss