|    Dec 11 Mon, 2017 8:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുസ്‌ലിം സ്ത്രീകള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ വ്യാകുലത കാപട്യം: എ എസ് സൈനബ

Published : 6th November 2016 | Posted By: SMR

തലശ്ശേരി: മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വ്യാകുലത കാപട്യമാണെന്ന് എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ. ‘ഏക സിവില്‍കോഡ് ദേശവിരുദ്ധം’ എന്ന പ്രമേയത്തില്‍ എന്‍ഡബ്ല്യൂഎഫ് ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി  വാചാലനാവുന്ന പ്രധാനമന്ത്രി ഒരേസമയം രക്ഷകന്റെയും രാക്ഷസന്റെയും റോളാണ് അഭിനയിക്കുന്നത്.
ഓരോ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് വ്യക്തിജീവിതം ക്രമീകരിക്കാന്‍ ഭരണഘടന  മൗലികാവകാശമായി രേഖപ്പെടുത്തിയിരിക്കെ ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു മതവിഭാഗത്തില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ രാഷ്ട്രീയം പൊതുസമൂഹം തിരിച്ചറിയണം. ഇതിലെ രാഷ്ട്രീയം മനസ്സിലായതിനാലാണ് ‘ഫാഷിസ്റ്റുകളുടെ മുതലക്കണ്ണീര്‍ നമുക്കു വേണ്ട’ എന്ന  പ്രമേയത്തില്‍ ദേശവ്യാപകമായി എന്‍ഡബ്ല്യൂഎഫ് കാംപയിന്‍ സംഘടിപ്പിക്കുന്നത്.
ഫാഷിസ്റ്റുകളുടെ രാഷ്ട്രീയക്കളിയില്‍ എന്നും കഥാപാത്രങ്ങളും അന്തിമമായി ഇരകളും മുസ്‌ലിംകളും മുസ്‌ലിം സ്ത്രീകളും ദലിതുകളുമാണെന്നതിന് ചരിത്രവും സമകാലിക സംഭവങ്ങളും സാക്ഷിയാണ്. ഖുര്‍ആനിക നിയമങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ സുരക്ഷിതരും സംതൃപ്തരുമാണ്. ഇതിനു വിരുദ്ധമായി എന്തെങ്കിലും മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ അതു തിരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം മുസ്‌ലിം സമൂഹത്തിനു മാത്രമാണ്. ഇതില്‍ കപട ഇടപെടലുകള്‍ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.
എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജസീല മാഹി പ്രമേയം അവതരിപ്പിച്ചു. എംജിഎം കണ്ണൂ ര്‍ ജില്ലാ പ്രസിഡന്റ് ഖൈറുന്നിസ ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം നഫീസത്തുല്‍ മിസ്‌രിയ, കണ്ണൂര്‍ ജില്ലാ റിട്ട. ട്രഷറി ഓഫിസര്‍ ഖൈറുന്നിസ, വിമന്‍സ് ഇന്ത്യാ മൂവ്‌മെ ന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത്, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കവിത, ജില്ലാ പ്രസിഡന്റ് റജീന സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക