|    May 28 Sun, 2017 10:17 pm
FLASH NEWS

മുസ്‌ലിം സ്ത്രീകളെ മര്‍ദിച്ച കേസ്: നാലുപേര്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

മാന്‍ഡ്‌സൗര്‍ (മധ്യപ്രദേശ്): ഗോമാംസം കൈവശംവച്ചെന്ന് സംശയിച്ച് തങ്ങളെ ആക്രമിച്ചത് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചാണെന്ന് മര്‍ദ്ദനമേറ്റ മുസ്‌ലിം സ്ത്രീകള്‍ പറഞ്ഞു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ മാന്‍ഡ് സൗറിലെത്തിയപ്പോള്‍ കൈയിലെന്താണെന്നു ചോദിച്ച് ഏതാനും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ സല്‍മ പറഞ്ഞു. കൈവശം പോത്തിറച്ചിയാണെന്നു പറഞ്ഞത് അവര്‍ കേട്ടില്ല. മൃഗഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാന്‍ പറഞ്ഞതും ശ്രദ്ധിച്ചില്ലെന്ന് സല്‍മ ആരോപിച്ചു. മര്‍ദ്ദനം തടയാനെത്തിയ പോലിസുകാരെ അവര്‍ ഭീഷണിപ്പെടുത്തിയതായും സല്‍മ പറഞ്ഞു.
സല്‍മ മേവതി (35), ഷമിം അക്തര്‍ ഹുസയിന്‍ (30) എന്നിവരെയാണ് കഴിഞ്ഞദിവസം ഗോരക്ഷകര്‍ എന്നു സ്വയം വിശേഷിപ്പിച്ച ചിലര്‍ മര്‍ദ്ദിച്ചത്. ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് ഇവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന മാംസം പോത്തിറച്ചിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് പോലിസ് കേസ് പിന്‍വലിച്ചു. പ്രാദേശിക കോടതി അവര്‍ക്ക് ജാമ്യം നല്‍കി. തങ്ങളെ ആക്രമിച്ചവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് സല്‍മ ആവശ്യപ്പെട്ടു.
മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഗോവിന്ദ് റാവു ചൗഹാന്‍, ദിലീപ് ദേവ്ത, സ്വദേശ് ചാനാല്‍, വികാസ് ആഹിര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍ റെയില്‍വേ പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് ഡി ആര്‍ എസ് ചൗഹാന്‍ അറിയിച്ചു. അക്രമികളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day