|    Jan 16 Mon, 2017 10:42 pm
FLASH NEWS

മുസ്‌ലിം സമൂഹം: പ്രതിസന്ധിയും പ്രതിവിധിയും

Published : 11th April 2016 | Posted By: sdq

US-RELIGION-ISLAM-RAMADAN-EID

ഡോ. മുസഫര്‍ ഇഖ്ബാല്‍

മുസ്‌ലിംകള്‍ എന്ന് സ്വയം വിളിക്കുന്ന നൂറ്റി അമ്പത് കോടി ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന്‌പോകുന്നത്. രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ ജീവിതത്തിന്റെ ഇന്നത്തെ തരിശ്ശാക്കപ്പെട്ട അവസ്ഥകള്‍ക്ക് നല്‍കപ്പെടുന്ന വിശദീകരണങ്ങള്‍, അവയെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന വീക്ഷണങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ആത്യന്തികമായി അവയെ രണ്ട് ഗണങ്ങളില്‍ വിഭജിക്കാം. പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇസ്‌ലാമില്‍ ആരോപിക്കുന്നതാണ് ആദ്യത്തെ വീക്ഷണം. രണ്ടാമത്തേത് ഉത്തരവാദിത്വം മുസ്‌ലിംകളില്‍ ആരോപിക്കുന്നു. ഒന്നാമത്തെ കാഴ്ചപ്പാട് വികസനത്തിനോട് പുറംതിരിഞ്ഞ്‌നില്‍ക്കുന്ന ജഡില സിദ്ധാന്തമായി ഇസ്‌ലാമിനെ കണക്കാക്കുന്നു. രണ്ടാമത്തേത് ഒരു ചലനാത്മക ജീവിത വ്യവസ്ഥയായി ഇസ്‌ലാമിനെ പരിഗണിക്കുന്നു. ആദ്യം ചൊന്ന കാഴ്ചപ്പാട് ഏകദേശം മുന്നൂറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് പടിഞ്ഞാറുനിന്നും ഉത്ഭവിച്ച് മുസ്‌ലിംലോകത്ത് ഊര്‍ന്നിറങ്ങിയതാണ്. മുസ്‌ലിംകളുടെ അധോഗതിക്കുള്ള കാരണം ഇസ്‌ലാമല്ല, ഇസ്‌ലാമിന്റെ ജഡില വ്യാഖ്യാനമാണ് എന്ന ഒരു പരിഷ്‌ക്കരിച്ച രൂപം ഈ വീക്ഷണം ഇന്ന് കൈവരിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ മുന്നോട്ട് വയ്ക്കുന്ന പ്രതിവിധി പുരോഗതിക്ക് തുല്യമായി ഗണിക്കപ്പെട്ടിട്ടുള്ള ആധുനികതയോട് സമഞ്ജസമായ ഇസ്‌ലാമിന്റെ ഒരു ‘പ്രബുദ്ധമായ’ പുനര്‍വ്യാഖ്യാനമാണ്. എന്തായാലും മുസ്‌ലിംകള്‍ കടുത്ത പ്രതിസന്ധി ഘട്ടത്തിലാണെന്നത് ഈ രണ്ടു വീക്ഷണങ്ങളും സമ്മതിക്കുന്നു. ഒരു പ്രത്യേക അര്‍ത്ഥത്തില്‍ ഇത് ശരിയാണെങ്കിലും ഈ കാഴ്ചപ്പാടുകള്‍ വിശദീകരണം അര്‍ഹിക്കുന്നു. മുസ്‌ലിംകളുടെ ഇന്നുള്ള അവസ്ഥയെ തിട്ടപ്പെടുത്താനുപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പരമമായവയല്ല, മറിച്ച് പടിഞ്ഞാറിന്റെ അവസ്ഥയുമായി തുലനം ചെയ്യുന്ന ആപേക്ഷികമായ പ്രമാണങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥയെ പടിഞ്ഞാറിന്റേതുമായി നടത്തുന്ന തുലനം ചില മാനദണ്ഡങ്ങളെ muslim samoohamഅടിസ്ഥാനപ്പെടുത്തിയാണ്. ഭാരത്തെ അളക്കുവാന്‍ തുലാസ് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നതുപോലെ സംസ്‌കാരങ്ങളുടെ പുരോഗതിയും അധോഗതിയും നിര്‍ണയിക്കുവാനും ചില മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. പുരോഗതി, സമൃദ്ധി, ജീവിത നിലവാരം തുടങ്ങിയ പ്രാഥമിക സംജ്ഞകളെ നിര്‍വചിക്കേണ്ടത് അപ്പോള്‍ അനിവാര്യമായിത്തീരുന്നു. അത്തരത്തിലുള്ള ഒരു താരതമ്യം ചില അടിസ്ഥാന മൂല്യങ്ങളെയും ജീവിത രീതികളെയും സാമൂഹിക സാമ്പത്തിക ഘടനകളെയും അതിന്റെ പ്രമാണരേഖയായി നിശ്ചയിക്കാറുണ്ട്. മറഞ്ഞിരിക്കുന്ന ഈ ഘടകങ്ങള്‍ താരതമ്യത്തിന് അങ്ങേയറ്റം പ്രധാനപ്പെട്ടവയാണ്. പടിഞ്ഞാറ് സൃഷ്ടിക്കപ്പെട്ട ഒരു അളവുകോല്‍ തീര്‍ച്ചയായും അവര്‍ക്ക് വിലപ്പെട്ടതിനെ മാത്രമേ വിലമതിക്കുകയുള്ളൂ. മുസ്‌ലിംകള്‍ പ്രധാനമെന്ന് കണക്കിലെടുക്കുന്നതും പടിഞ്ഞാറ് ഒരു മൂല്യവും കല്‍പ്പിക്കാത്തവയുമായ വസ്തുതകള്‍ക്ക് യാതൊരു വിലയും നല്‍കപ്പെടുകയില്ല.ഇസ്‌ലാമില്‍ മൗലികമായ സ്ഥാനം വഹിക്കുന്ന ‘ഗൃഹം’ എന്ന സങ്കല്‍പംതന്നെ ഒരു ഉദാഹരണമെടുക്കാം. അല്ലാഹുവിന്റെ സ്മരണയാല്‍ ധന്യമായ ഗൃഹത്തിലാണ് ഒരു പൈതലിന്റെ പ്രാഥമിക പരിപാലനം നടക്കുക. ഇസ്‌ലാമിന്റെ പ്രവാചകന്‍ പറയുകയുണ്ടായി: ‘ആകാശങ്ങളില്‍ അധിവസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീടുകള്‍ മിന്നിത്തിളങ്ങളുന്ന നക്ഷത്രങ്ങള്‍ പോലെയാണ്’. അതായത് നാം താരകങ്ങളെയെന്നപോലെ മലക്കുകള്‍ അത്തരം വീടുകളെ വീക്ഷിക്കുമെന്നര്‍ത്ഥം. ഇസ്‌ലാം അതുകൊണ്ടുതന്നെ ഗൃഹത്തിന് പ്രഥമ പരിഗണ നല്‍കും. പാശ്ചാത്യന്‍ അളവുകോല്‍ പ്രയോഗിക്കുമ്പോള്‍ അപ്രകാരമാവുകയില്ല എന്നത് വ്യക്തം. അങ്ങനെ നാം ഉപയോഗിക്കുന്ന അളവുകോല്‍ പ്രകാരം സമൂഹത്തിന്റെ അവസ്ഥയെ സംബന്ധിച്ച് വ്യത്യസ്തമായ നിഗമനങ്ങളില്‍ നാം എത്തിച്ചേരുന്നു. ‘ക്രമം’ എന്നതിനെ കുറിച്ച് പരിഗണിക്കാം. ഒരു സമൂഹത്തില്‍ ക്രമാനുസൃതമായി കണക്കാക്കപ്പെടുന്നത് മറ്റൊരു സമൂഹത്തില്‍ അങ്ങനെ ആകണമെന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ പടിഞ്ഞാറ് പല നവീന പ്രവണതകളും പ്രചരിച്ച് കഴിഞ്ഞിരിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവ ‘ക്രമാനുസൃതമായി’ ഗണിക്കപ്പെട്ടിട്ടുണ്ട്. വ്യതിയാനങ്ങളെ ക്രമാനുസൃതമാക്കലിന്റെ ഈ പ്രക്രിയ പല ദുരാചാരങ്ങളെയും സദാചാരങ്ങളായി മാറ്റിമറിച്ചിട്ടുണ്ട്. ഉദാഹരണമായി, വിവാഹമോചനം വിവാഹത്തിന്റെ ഒരു അനഭിലഷണീയമായ അനന്തരഫലമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അത് സ്വാഭാവികം എന്ന നിലയില്‍ muslim samooham1അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അമേരിക്കയില്‍ നടക്കുന്ന വിവാഹങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ഏഴുവര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമോചനത്തില്‍ കലാശിക്കുന്നു. എന്നാല്‍ വിവാഹത്തിന് പടിഞ്ഞാറ് മൂല്യശോഷണം സംഭവിച്ചതിനാല്‍ ഈ അവസ്ഥ ആശങ്കയുളവാക്കുന്ന കാര്യമായി ഗണിക്കപ്പെടാതെ പോയി. ആത്യന്തികമായി വിവാഹത്തിന്റെ പഴയ നിര്‍വചനംതന്നെ തിരുത്തപ്പെടുന്നതിലും കുത്തഴിഞ്ഞ ലൈംഗികബന്ധങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കുന്നതിലും ഇത് എത്തപ്പെടുകയുണ്ടായി. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തില്‍ നിരവധി മൂല്യങ്ങള്‍ പടിഞ്ഞാറ് തിരുത്തപ്പെടുകയുണ്ടായി. തല്‍ഫലമായി സദാചാരപരവും സന്മാര്‍ഗികവുമായ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത ഒരു സമൂഹം നിലവില്‍ വന്നു. കുടുംബത്തിന് നേരത്തെ ഉണ്ടായിരുന്ന നേതൃത്വം നഷ്ടപ്പെട്ടു. അവയില്‍ അധികവും സ്‌നേഹവും പരിചരണവും പ്രദാനം ചെയ്യുന്നതിന് പകരം അക്രമവും അപമാനവും അസഹ്യമായ ക്ലേശങ്ങളും നല്‍കുന്ന ഭയാനകങ്ങളായ കേന്ദ്രങ്ങളായി തീരുകയും ചെയ്തു. അറുനൂറ് ലക്ഷം വരുന്ന അമേരിക്കന്‍ കുട്ടികളില്‍ അമ്പത് ലക്ഷത്തോളം പേര്‍ ‘അപകട സാധ്യതകളില്‍ വസിക്കുന്നതായി’ കണക്കാക്കപ്പെടുന്നു.അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കാത്ത സ്‌നേഹം, പരിചരണം, വ്യക്തിബന്ധങ്ങള്‍, മൂല്യങ്ങള്‍, ഈശ്വരഭക്തി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥ അധോഗതിയാണെന്ന് പടിഞ്ഞാറിന്റെ വീക്ഷണപ്രകാരം വിധിയെഴുതാന്‍ കഴിയും. വികസനവും പുരോഗതിയും വളര്‍ച്ചയും അടയാളപ്പെടുത്തുന്നതിന് പാശ്ചാത്യര്‍ക്ക് ഇതര സംസ്‌കാരങ്ങളില്‍നിന്ന് വ്യത്യസ്തമായ അളവുകോലുകളാണുള്ളത്. ഉദാഹരണത്തിന് വിശാലവും സുദൃഢവുമായ കുടുംബ വ്യവസ്ഥ വലിയ ഒരളവോളം സാമ്പത്തിക സാഹചര്യങ്ങളെ മാറ്റി മറിക്കുന്നു. കുടുംബത്തിന്റെ പിന്തുണയില്ലാത്ത, പ്രതിമാസം ആയിരം ഡോളര്‍ സമ്പാദിക്കുന്ന ഒരമേരിക്കക്കാരനും കുടുംബത്തിന്റെ പരിലാളനയില്‍ ജീവിക്കുന്ന അത്രയും സംഖ്യ സമ്പാദിക്കുന്ന ഒരു മുസ്‌ലിമും സാമ്പത്തികമായി ഒരേ നിലയില്‍ ആവുകയില്ല. വികലമായ അളവുകോല്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മുസ്‌ലിം സമൂഹങ്ങള്‍ പട്ടികയിലെ അടിത്തട്ടില്‍ പ്രത്യക്ഷപ്പെടുന്നു. അവരുടെ പതിതാവസ്ഥയ്ക്ക് ഇസ്‌ലാമിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ ഭൗതികമായി പരിലസിച്ച ഒരു നാഗരികതയെ സൃഷ്ടിച്ച ഇസ്‌ലാം എങ്ങനെയാണ് ഭൗതിക പുരോഗതിക്ക് തടസ്സമാവുക എന്ന് മറുപടി നല്‍കുന്നതില്‍ ആരോപകര്‍ പരാജയപ്പെടുന്നു. ഇസ്‌ലാമും ശാസ്ത്രവും തമ്മില്‍ സമീകരണം സാദ്ധ്യമല്ലെന്ന് പല ഓറിയന്റലിസ്റ്റുകളും ആരോപിക്കാറുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ കീഴില്‍ ശാസ്ത്രവിപ്ലവം നടന്നിരിക്കാന്‍ ഇടയില്ലെന്ന് അവര്‍ പറയുന്നു. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാട് വെച്ച്പുലര്‍ത്തുന്നവര്‍ എന്തുകൊണ്ടാണ് മൂന്നൂറ് വര്‍ഷങ്ങള്‍ തഴച്ച്‌നിന്ന ഒരു ശാസ്ത്രീയ പൈതൃകത്തിന്റെ ഉത്ഭവത്തിന് ഇസ്‌ലാം പ്രേരകമായതെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നു.

മുസ്‌ലിം ഉമ്മത്തിന്റെ സങ്കടകരമായ അവസ്ഥയെ നിഷേധിക്കാനല്ല. മറിച്ച്, ശരിയായ പരിപ്രേക്ഷ്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തിരുത്ത് ഇവിടെ സമര്‍പ്പിക്കുന്നത്. ഈ തിരുത്തിന്റെ അഭാവത്തില്‍ ജീര്‍ണതയെ മുസ്‌ലിം സമൂഹങ്ങളുടെ പര്യായമായി പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് പല അടിസ്ഥാന മൂല്യങ്ങളെയും അവമതിക്കുന്നതിന് തുല്യമാണ്. മുസ്‌ലിം സമൂഹങ്ങളുടെ പുനരുദ്ധാരണമെന്ന കര്‍ത്തവ്യം എവിടെയാണ് കേന്ദ്രീകരിക്കേണ്ടതെന്ന് ഈ തിരുത്തിയ കാഴ്ചപ്പാടിന് നിശ്ചയിക്കാനും കഴിയും. കാരണം, ഏതൊരു പുനര്‍നിര്‍മാണവും നടക്കുന്നതിന്മുമ്പ് ആകുലതയുടെ യഥാര്‍ത്ഥ സ്വഭാവത്തെ മനസ്സിലാക്കുന്നതും നഷ്ടങ്ങളുടെ വ്യാപ്തിയെ തിട്ടപ്പെടുത്തുന്നതും ആവശ്യമാണ്. എന്നാല്‍ ഇതിന് പാശ്ചാത്യന്‍ മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ല. അത്തരമൊരു വിശകലനം അല്ലാഹുവിന്റെ സുന്നത്ത് സുസ്ഥിരമായതാണെന്ന് പഠിപ്പിക്കുന്ന ഖുര്‍ആനില്‍ ആയിരിക്കണം വേരൂന്നേണ്ടത്.’അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.’ (അല്‍ അഹ്‌സാബ്: 62)ഖുര്‍ആനിക നിയമങ്ങള്‍നുസരിച്ചാണ് രാഷ്ട്രങ്ങളുടെ ഉത്ഥാനപതനങ്ങള്‍ എന്നും സംഭവിച്ചിട്ടുള്ളത്. മാനവരാശി ശൂന്യാകാശ നൗകകളും ക്രൂയിസ് മിസൈലുകളും വികസിപ്പിച്ചിരിക്കുന്നു എന്നതിനാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഖുര്‍ആനിക നിയമങ്ങള്‍ക്ക് മാറ്റം സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ കാരണമാകുന്നില്ല. മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥയുടെ ശരിയായ വിശകലനത്തിന് ഖുര്‍ആനെ മാത്രമേ അടിസ്ഥാനപ്പെടുത്താനാവൂ. കരാണം മറ്റെല്ലാ വിശകലനങ്ങളും യാഥാര്‍ത്ഥ്യത്തോട് ബന്ധം പുലര്‍ത്താത്ത അര്‍ദ്ധ സത്യങ്ങളോ ഭാവനാ വിലാസങ്ങളോ മാത്രമാണ്.

സാമൂഹികാവസ്ഥയെ മനസ്സിലാക്കാനുള്ള ഖുര്‍ആനിക ശൈലിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഒരു സമൂഹം ഉള്‍ക്കൊള്ളുന്ന സ്ത്രീ പുരുഷന്മാരുടെ വ്യക്തിഗത അവസ്ഥയെ പരിശോധിക്കുക എന്നത്. വ്യക്തിക്ക് നല്‍കുന്ന ഈ ഊന്നല്‍ ധര്‍മ്മ ബോധമുള്ള സമൂഹങ്ങളെ നിര്‍മ്മിക്കാനുള്ള ഖുര്‍ആന്റെ പാത കൂടിയാണ്. അങ്ങനെ മുസ്‌ലിം സമൂഹങ്ങളില്‍ എന്തെങ്കിലും മാറ്റം സാധ്യമാകണമെങ്കില്‍ വ്യക്തികളുടെ സദാചാരപരവും ആത്മീയവും ഭൗതീകവുമായ അവസ്ഥയില്‍ ഒരു മാറ്റമാണ് സംഭവിക്കേണ്ടത്. അപ്പോള്‍ മുസ്‌ലിംലോകം ഇന്ന് ക്ഷയോന്മുഖമാണ് എന്ന് പറഞ്ഞാല്‍ യതാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് മുസ്‌ലിംകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ജീര്‍ണിച്ച അവസ്ഥയിലാണുള്ളതെന്നത്രെ. ഇതിന് കാരണം ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ എന്ന പദവിയിലേക്ക് മുസ്‌ലിംകളെ നയിച്ച ഖുര്‍ആനും നബിചര്യയും മുസ്‌ലിംകള്‍ കൈവെടിഞ്ഞു എന്നതല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥ മുസ്‌ലിം ഒരിക്കലും ജീര്‍ണിച്ച അവസ്ഥയില്‍ ആയിരിക്കുകയില്ല, മുസ്‌ലിംകള്‍ ഇസ്‌ലാമിനെ പിന്‍പറ്റിയപ്പോഴെല്ലാം അവര്‍ക്ക് ഉത്തമ സമൂഹങ്ങളെ സ്ഥാപിക്കാനായിട്ടുണ്ട് എന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്.ഒരു ജീവിത രീതിയെന്ന നിലയില്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കൈയൊഴിഞ്ഞത് കൂടാതെ പാശ്ചാത്യന്‍ ജീവിതരീതിയെ ഒരു ബദല്‍ ആയി കണ്ടെത്തുകകൂടി ചെയ്തു.

ഈ സ്ഥാനഭ്രംശം മുസ്‌ലിം ലോകത്ത് ആകുലതകള്‍ സൃഷ്ടിച്ചു. മൂല്യങ്ങള്‍ മാറ്റി മറിയ്ക്കപ്പെട്ടു. പടിഞ്ഞാറിന്റെ കൃത്രിമ തിളക്കങ്ങള്‍ സ്വേഛാധിപതികളയും പട്ടാള ജനറല്‍മാരെയും മയക്കി. ജീവിത ശൈലികളില്‍ പൂര്‍ണ്ണമായും അവര്‍ പടിഞ്ഞാറിനെ അന്ധമായി അനുകരിച്ചു. പൊതുജനം ഈ തെറ്റായ മാതൃകകള്‍ പിന്‍പറ്റാന്‍ തുടങ്ങിയപ്പോള്‍ സമൂഹത്തില്‍ എമ്പാടും രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു.മുസ്‌ലിം ബുദ്ധിജീവികളുടെ മുന്നില്‍ ഇന്നുള്ള ഏറ്റവും അടിയന്തിരമായ വെല്ലുവിളി പാശ്ചാത്യവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ വഴികള്‍ കണ്ടെത്തുക എന്നതാണ്. പാശ്ചാത്യന്‍ മാതൃകകളുടെ അപര്യാപ്തതകളെ അവര്‍ തുറന്ന്കാട്ടേണ്ടിവരും. മുസ്‌ലിംസമൂഹങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇസ്‌ലാമില്‍ കണ്ടെത്താനാവുമെന്ന് അവര്‍ സമര്‍ത്ഥിക്കേണ്ടിവരും. വ്യക്തികളാണ് പുനര്‍നിര്‍മാണപ്രക്രിയയിലെ ശ്രദ്ധാബിന്ദുക്കളെന്ന് നാം മനസ്സിലാക്കിയതിനാല്‍ സമൂഹത്തില്‍ വ്യക്തിപരമായ ജീവിതങ്ങളെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന സ്വാധീനങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഒരു വ്യക്തിയെ ബുദ്ധിശക്തിയുള്ള, സജീവ മുസ്‌ലിമായി സൃഷ്ടിക്കുന്നത് ഏതെല്ലാം ഘടകങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടിയും വരും.ഒരു കുട്ടിയെ ഏറ്റവും അധികം സ്വാധീനിക്കുന്നത് വീടും വിദ്യാലയവുമാണ്. വിദ്യാഭ്യാസത്തിന്റെ ആദ്യനാളുകളില്‍തന്നെ അവരില്‍ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ലോക വീക്ഷണം കരുപ്പിടിപ്പിക്കാനും സ്ഥായിയായ ശീലങ്ങള്‍ സൃഷ്ടിക്കാനും കഴിയും. അതുകൊണ്ടായിരുന്നു മുസ്‌ലിം ലോകത്തിലെ എല്ലാ കുട്ടികളും പഠിച്ചിരുന്ന ഒന്നാമത്തെയും സര്‍വ്വപ്രധാനവുമായ ഗ്രന്ഥം പരിശുദ്ധ ഖുര്‍ആന്‍ ആയത്. ഖുര്‍ആനില്‍നിന്നും ലഭിച്ചിരുന്ന പ്രാരംഭ പാഠങ്ങള്‍തന്നെ ജീവിതങ്ങളെ വാര്‍ത്തെടുത്തിരുന്നു. ഖുര്‍ആനിലൂടെ ചില അടിസ്ഥാന ബോധന നൈപുണ്യങ്ങളും കുട്ടികള്‍ ആര്‍ജിച്ചിരുന്നു. എന്നാല്‍ ഇന്ന് അധികം മുസ്‌ലിംകള്‍ക്കും ഖുര്‍ആന്‍ മനസ്സിലാകുന്നില്ല. ഖുര്‍ആന്‍ പാരായണം എന്നത് ഒരു നിഷ്‌ക്രിയ ആരാധനയല്ലെന്നും വ്യക്തികളുടെ ജിവിതം സമൂലമായി മാറ്റി മറിക്കാന്‍ ശക്തിയുള്ള ഒരു പ്രക്രിയയാണെന്നും തിരിച്ചറിയപ്പെടാതെ പോയി. ഖുര്‍ആനായിരുന്നു മുസ്‌ലിം സമൂഹങ്ങളില്‍ ഒരേസമയം ഇഹലോക സങ്കീര്‍ണതകളെ മനസ്സിലാക്കാനും പരലോകത്തിലേക്കുള്ള നേരായ മാര്‍ഗം കണ്ടെത്താനും കഴിവുള്ള ഊര്‍ജസ്വലരായ നേതൃത്വത്തെ പ്രദാനം ചെയ്തിരുന്നത്.

എന്നാല്‍, സമകാലികരായ അധികം മുസ്‌ലിംകളുടെയും ലോകവീക്ഷണം രൂപപ്പെടുത്തിയിട്ടുള്ളത് ഖുര്‍ആനല്ല, മറിച്ച് ഇസ്‌ലാമിനെകുറിച്ചുള്ള അല്‍പജ്ഞാനം തുണ്ടം തുണ്ടമായ രീതിയില്‍ പഠിപ്പിക്കപ്പെടുന്ന മതേതര വിദ്യാഭ്യാസമാണ്. മുസ്‌ലിംകളുടെമേല്‍ വന്ന് പതിച്ച സര്‍വ ദുരന്തങ്ങള്‍ക്കും മൂലകാരണം ഇതാണ്. മുസ്‌ലിംലോകത്തെ തുരങ്കം വയ്ക്കാനായി ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ വേരുകള്‍തന്നെ മുറിച്ച് മാറ്റണമെന്ന് കോളനിശക്തികള്‍ മനസ്സലാക്കിയിരുന്നു. അവര്‍ വഖ്ഫുകള്‍ കണ്ടുകെട്ടുകയും സ്വത്തുകള്‍ പിടിച്ചെടുക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൗതിക വിഭവങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന പഴത്തോട്ടങ്ങളേയും കൃഷിഭൂമികളേയും നശിപ്പിക്കുകയും പകരം അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നട്ടുപിടിപ്പിക്കുകയും ചെയ്തു. കാലക്രമത്തില്‍ വച്ചുപിടിപ്പിക്കപ്പെട്ട പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിന്റെ ഹാസ്യാനുകരണങ്ങള്‍ മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ സമൂലമായി പകരംവെക്കുകയും തങ്ങളുടെ ആത്മീയവും ബൗദ്ധികവുമായ അടിസ്ഥാനങ്ങളില്‍നിന്നും പിഴുതുമാറ്റപ്പെട്ട മുസ്‌ലിംകളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി തങ്ങളുടെ ദീനിനെയും അതിന്റെ പണ്ഡിത പാരമ്പര്യത്തെയും സംബന്ധിച്ച് അപര്യാപ്തമായ ധാരണകള്‍ മാത്രമേ ഇന്നത്തെ മുസ്‌ലിംകള്‍ക്കുള്ളൂ.ഇന്ന് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെയും അതിന്റെ ബൃഹത്തായ ബൗദ്ധിക പാരമ്പര്യത്തെയും മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും രണ്ടാംകിട പദവിയിലേക്ക് തരംതാഴ്ത്തിയിരിക്കുന്നു. മതേതര വിദ്യാഭ്യാസത്തിന് മതേതര മുസ്‌ലിംകളെ മാത്രമേ ഉല്‍പ്പാദിപ്പിക്കാനാവൂ. പരലോകവുമായി ബന്ധപ്പെടുത്തുന്ന ഇസ്‌ലാമിനെ ഒരു ഉള്ളറയിലും, ഇഹലോകത്തെ മറ്റൊന്നിലും സൂക്ഷിക്കുന്ന വ്യക്തികള്‍. ഈ വ്യാധി എത്രത്തോളം പടര്‍ന്നിട്ടുണ്ടെന്നാല്‍ വിദ്യാഭ്യാസം സിദ്ധിച്ച മുസ്‌ലിംകളില്‍ ഫക്രുദ്ദീന്‍ അന്‍സാരി, അബൂഹാമിദ് അല്‍ ഗസ്സാലി, ഇബ്‌നു ഖയ്യീം അല്‍ ജവ്‌സി പോലുള്ളവരുടേയോ മറ്റ് നൂറുകണക്കായ പണ്ഡിതന്മാരുടെയോ രചനകളെപറ്റി എന്തെങ്കിലും അറിവുള്ളവര്‍ വളരെ വിരളമാണ്.

വിദ്യാസമ്പന്നരെന്ന് വിളിക്കപ്പെടുന്ന അധികം മുസ്‌ലിംകളും മേല്‍ചൊന്ന ബൃഹത്തായ പാണ്ഡിത്യത്തെ അപ്രസക്തമായും ചവറ്റുകൊട്ടയില്‍ തള്ളാന്‍മാത്രം കാലഹരണപ്പെട്ട മദ്ധ്യകാല ഗ്രന്ഥങ്ങളായും പരിഗണിക്കുന്നു. തങ്ങള്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ഈ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിലെ ഒരു താളുപോലും മറിച്ച് നോക്കാതെയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.’വിദ്യാസമ്പന്നരായ’ മുസ്‌ലിംകളുടെ അവസ്ഥ ഇതത്രെ. എന്നാല്‍ മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാതിരുന്നവര്‍ മറ്റൊരു രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു. അവരുടെ മദ്‌റസകള്‍ സമകാലിക ലോകത്തേപറ്റി പരാമര്‍ശിക്കപ്പെടുന്ന ബൃഹത്തായ പാണ്ഡിത്യത്തിന് യാതൊരു ശ്രദ്ധയും നല്‍കാത്തവയും മതപരമായ പാഠ്യപദ്ധതിയെ ചുരുക്കം ചില ഗ്രന്ഥങ്ങളില്‍ മാത്രം തളച്ചിടുകയും ചെയ്തവയായിരുന്നു. ഈ ‘മതപഠന’ സ്ഥാപനങ്ങളില്‍ പ്രകൃതി ശാസ്ത്രമോ ഗണിതമോ പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ സമൂഹത്തില്‍ നേതൃത്വപദവികള്‍ കൈയാളാന്‍ കഴിവുള്ള സ്ത്രീപുരുഷന്മാരെ സൃഷ്ടിക്കുന്നതില്‍ അവ പരാജയപ്പെടുകയും രാഷ്ട്രത്തിന്റെയും ഭരണത്തിന്റെയും കര്‍ത്തവ്യ നിര്‍വഹണം പാശ്ചാത്ത്യരാല്‍ നല്‍കപ്പെട്ട മാതൃകയെ അടിസ്ഥാനപ്പെടുത്തി പരിശീലനം നേടിയ മതേതരവത്കരിക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് കൈമാറുകയും ചെയ്തു, ഇത് മുസ്‌ലിം സമൂഹങ്ങളില്‍ വളരെ ആഴത്തിലുള്ള വിടവാണ് സൃഷ്ടിച്ചത്. ബഹുഭൂരിപക്ഷവും മതേതര വിദ്യാഭ്യാസം കരസ്ഥമാക്കുമ്പോള്‍ ഒരു ന്യൂനപക്ഷം മതപരമായ വിദ്യാഭ്യാസം നേടുകയും വ്യത്യസ്ത ദിശകളിലുള്ള ലോകവീക്ഷണങ്ങളാല്‍ അവര്‍ എന്നെന്നും അന്യോന്യം എതിര്‍ക്കുന്നവരായി സമൂഹത്തില്‍ സംഘര്‍ഷവും സംഘട്ടനങ്ങളും സൃഷ്ടിക്കുകയും ചെയ്തു.

ഇതിന് അപവാദങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. തങ്ങളുടെ മാത്രം മുന്‍കൈയാല്‍ ഇരുലോകത്തെ സംബന്ധിച്ചും അറിവ് നേടിയെടുത്ത വ്യക്തികള്‍, എന്നാല്‍ അത്തരം അപവാദങ്ങള്‍ വളരെ വിരളമാണ്.നിലനില്‍ക്കാന്‍ കഴിവുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന് അസ്ഥിവാരം ഇടാനായി മുസ്‌ലിം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും, പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയില്‍ വ്യാപകവും അടിസ്ഥാനപരവുമായ മാറ്റങ്ങള്‍ അത്യാവശ്യമാണ്. അധിക മുസ്‌ലിംകളും ഈ ആവശ്യത്തെപറ്റി ബോധവാന്മാരാണ്. എങ്കിലും സമകാലിക ലോകത്തെ മനസ്സിലാക്കാന്‍ ആവശ്യമായ പ്രാവീണ്യവും പരിശീലനവും പ്രദാനം ചെയ്യുന്ന ഖുര്‍ആന്റെ ലോക വീക്ഷണത്തില്‍ കെട്ടിപ്പടുത്ത വിഭവങ്ങളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങള്‍ ഇന്നും വിരളമാണ്. ശാസ്ത്രീയ പാഠ്യപദ്ധതിയുടെ അഭാവത്തില്‍ മുസ്‌ലിം കുട്ടികള്‍ മതേതര സ്ഥാപനങ്ങളില്‍ അധ്യയനം തുടരുകയും ഖുര്‍ആനിക ലോകവീക്ഷണത്തില്‍ നിന്നും മുസ്‌ലിം സമൂഹങ്ങള്‍ അകലുന്നത് തുടരുകയും ചെയ്യും. ഇത് സ്വയമേവ പടിഞ്ഞാറിനോടുള്ള വിധേയത്വം ഉണ്ടാക്കുകയും ചെയ്യും. കാരണം, അതാണല്ലോ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥിതി രഹസ്യമായി യുവമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നത്.ഇത് തീര്‍ച്ചയായും ദീര്‍ഘകാല പ്രക്രിയയാണ്. ഉമ്മത്തിന്റെ ആകുലതയ്ക്ക് പരിഹാരമായി ഒരു കുറുക്കുവഴിയും ഇല്ല. ഇസ്‌ലാമികവും വിമോചനപരവുമായ വിദ്യാഭ്യാസം സാദ്ധ്യമാക്കുന്ന സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുണ്ടാവണം. ഈ പ്രക്രിയക്ക് മാത്രമേ ഇസ്‌ലാമിന്റെ വീക്ഷണങ്ങളില്‍ വേരൂന്നിക്കൊണ്ടുള്ള, ആധുനിക വെല്ലുവിളകളെ നേരിടാന്‍ കഴിവുള്ള പ്രബുദ്ധമായ മുസ്‌ലിം നേതൃത്വത്തെ അടുത്ത തലമുറയിലെങ്കിലും ജന്മം നല്‍കാനാവൂ.

(കടപ്പാട്: ക്രസന്റ് ഇന്റര്‍നാഷണല്‍, മെയ് 2005)  വിവ: അന്‍വര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 859 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക