|    Jan 20 Fri, 2017 9:22 am
FLASH NEWS

മുസ്‌ലിം വ്യക്തിനിയമമാണോ പ്രശ്‌നം?

Published : 13th March 2016 | Posted By: SMR

അഡ്വ. കെ പി ഇബ്രാഹീം

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി കെമാല്‍പാഷ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വച്ച് മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ നാമെല്ലാം കേള്‍ക്കുകയും വായിക്കുകയുമുണ്ടായി. 1937ല്‍ ബ്രിട്ടിഷ് സര്‍ക്കാരുണ്ടാക്കിയ മുസ്‌ലിം വ്യക്തിനിയമമാണല്ലോ നാമെല്ലാം ഇന്നും പിന്തുടരുന്നത്. പരിശുദ്ധ ഖുര്‍ആനും സുന്നത്തും ഇജ്മാഉം ആണ് ഈ നിയമത്തിന്റെ അടിസ്ഥാനം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വസിയ്യത്ത്, വഖ്ഫ് എന്നു തിരിച്ചുള്ള വകുപ്പുകളടങ്ങിയതല്ല മേല്‍നിയമം. അവയെക്കുറിച്ച് ഖുര്‍ആനും സുന്നത്തും എന്തു പറയുന്നു എന്നു പരിശോധിക്കാനും ഇവ രണ്ടിലും പരാമര്‍ശമില്ലെങ്കില്‍ ഇജ്മാഅ്(പണ്ഡിതരുടെ സമവായം) നോക്കി മുസ്‌ലിംകള്‍ക്ക് വ്യക്തിജീവിതം ക്രമപ്പെടുത്താം എന്നു മാത്രമാണ് ആക്റ്റ് പറയുന്നത്.
പുത്രിക്കു കിട്ടുന്നതിന്റെ ഇരട്ടി പുത്രനുണ്ടെന്നോ ആകെ സ്വത്തിന്റെ മൂന്നിലൊന്നു മാത്രമേ വസിയത്ത് ചെയ്യാവൂ എന്നോ ഒന്നും തന്നെ 1937ലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ നോക്കിയാല്‍ കാണാന്‍ കഴിയില്ല.
1937ലെ മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് ഒരു പുസ്തകം എഴുതുകയാണ് പാഴ്‌സിയായ മുല്ല ചെയ്തത്. അല്ലാതെ 1937ല്‍ അദ്ദേഹം നിയമമുണ്ടാക്കിയതല്ല. മുല്ല തന്റെ പുസ്തകത്തില്‍ സെക്ഷനുകള്‍ ഏതെന്നു പറയുന്നു. അഭിഭാഷകര്‍ മുസ്‌ലിം വ്യക്തിനിയമം ഇന്ന സെക്ഷന്‍ പ്രകാരം എന്നു കോടതിയില്‍ പറയുകയോ ജഡ്ജിമാര്‍ ഉത്തരവുകളിന്‍മേല്‍ സെക്ഷനുകള്‍ എഴുതിച്ചേര്‍ക്കുകയോ ചെയ്യുന്നു. അല്ലാതെ മുസ്‌ലിം വ്യക്തിനിയമത്തിലെ വകുപ്പുകളല്ല കോടതികള്‍പോലും ഇന്നും ഉപയോഗിക്കാറ്.
നമുക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ഓരോന്നായി നോക്കാം. പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാര്‍ ഉള്ളതുപോലെ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടെ എന്നതാണ് ജഡ്ജിയുടെ പരമപ്രധാനമായ പരാമര്‍ശം. സാമൂഹികമായും ജീവശാസ്ത്രപരമായും പ്രായോഗികമല്ലാത്ത ഒരു നിലപാടാണത്. നാലു ഭര്‍ത്താക്കന്‍മാര്‍ ഉള്ള സ്ത്രീ പ്രസവിക്കുന്ന കുട്ടിയുടെ പിതാവ് ആരെന്ന് എങ്ങനെ കണ്ടെത്തും? കുട്ടിയുടെ സംരക്ഷണം, അനന്തരാവകാശം തുടങ്ങിയവയിലും കുട്ടി മരിച്ചാല്‍ അവന്റെ അവകാശികളെക്കുറിച്ചും മറ്റും എങ്ങനെയാണ് ജഡ്ജിമാര്‍ വിധിയെഴുതുക. ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രം പിതാവിനെ കണ്ടുപിടിക്കണമെന്നു തീരുമാനിക്കാമോ?
രണ്ടാമതായി പറയുന്ന വിഷയം പുരുഷന് സ്ത്രീയെ ഏതു സമയത്തും ത്വലാഖ് ചൊല്ലി ഒഴിവാക്കാമെന്നതാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഇജ്മാഉം അനുസരിച്ച് പുരുഷന് തോന്നുമ്പോള്‍ ഭാര്യയെ ഒഴിവാക്കാന്‍ കഴിയില്ല. മുസ്‌ലിം വ്യക്തിനിയമവും അതു പറയുന്നുണ്ട്.
വേര്‍പിരിയുന്നതിന് ഉചിതമായ കാരണം ഉണ്ടാവണമെന്നും രണ്ടുപേരുടെയും ഭാഗത്തുനിന്നു നിയോഗിക്കുന്ന രണ്ടു മധ്യസ്ഥര്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കണമെന്നും വേര്‍പിരിയുന്നതാണ് കൂടുതല്‍ നല്ലതെന്നു കണ്ടെത്തിയാല്‍ മാത്രമേ ത്വലാഖ് നടത്താവൂ എന്നുമാണ് ഖുര്‍ആന്‍ പറയുന്നത്. അതുതന്നെയാണ് നിലവിലെ വ്യക്തിനിയമം പറയുന്നതും സുപ്രിംകോടതി വ്യക്തമാക്കിയതും. ജസ്റ്റിസ് കെമാല്‍പാഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്നപ്പോള്‍ ആലുവ മജിസ്‌ട്രേറ്റ് മുമ്പാകെ ഒരു അഡ്വക്കറ്റ് ഈ തര്‍ക്കം ഉന്നയിച്ചിരുന്നു. ഖുര്‍ആന്‍ സ്ത്രീക്ക് വിവാഹമോചനം അനുവദിച്ചുവെങ്കിലും ഇന്ത്യയില്‍ 1939ലെ നിയമം വഴിയാണ് മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് അനുമതി ലഭിച്ചത്. വിശുദ്ധ ഖുര്‍ആന്‍ സ്ത്രീക്ക് വിവാഹമോചന അനുമതി നല്‍കുന്നുവെങ്കില്‍ വ്യക്തിനിയമം അനുസരിച്ചും ആയതിനു കഴിയും. ഇന്നും കോടതിയില്‍ 1939ലെ നിയമം പിന്തുടരുന്നു എന്നുമാത്രം. ചരിത്രത്തില്‍ ഫസ്ഖ് ചെയ്യാനുള്ള സ്ത്രീയുടെ അധികാരം ഇടയ്ക്ക് നിയന്ത്രിക്കപ്പെടുന്നുണ്ട്. ഫസ്ഖ് ദുരുപയോഗം ചെയ്യുന്നുവെന്നു മനസ്സിലാക്കിയ രണ്ടാം ഖലീഫ ഉമര്‍ തന്റെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്തു ഫസ്ഖ് കോടതിവഴിയേ പാടുള്ളൂ എന്നു തീരുമാനിക്കുകയായിരുന്നു.
ജസ്റ്റിസ് സ്ത്രീധനത്തെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. മുസ്‌ലിം സമുദായത്തില്‍ മാത്രമുള്ള വിഷയമാണോ ഇത്? ഇസ്‌ലാമിക ശരീഅത്തും നിലവിലെ മുസ്‌ലിം വ്യക്തിനിയമവും അനുസരിച്ച് പുരുഷന്‍ സ്ത്രീക്ക് ‘മഹര്‍’ ആയി അങ്ങോട്ടു നല്‍കുകയാണു വേണ്ടത്. നമ്മുടെ നാട്ടില്‍ സ്ത്രീധന നിരോധന നിയമമുണ്ടല്ലോ. എന്നാല്‍, പലരും സ്ത്രീധനം വാങ്ങുന്നു, കൊടുക്കുന്നു. സ്ത്രീധനമായി ലഭിക്കുന്ന സംഖ്യയില്‍നിന്ന് ‘മഹര്‍’ നല്‍കുന്ന വീരന്‍മാരുണ്ട്. ഇവിടെ മുസ്‌ലിം വ്യക്തിനിയമമോ ഇസ്‌ലാമിക ശരീഅത്തോ പിഴച്ചോ? നിയമം ഉള്ളതുകൊണ്ടുമാത്രം രക്ഷയില്ലെന്നു നമുക്ക് പലപല നിയമങ്ങളിലൂടെ അറിയുന്നതാണല്ലോ? പൊതുസ്ഥലത്ത് പുകവലി, മദ്യപാനം, സ്ത്രീപീഡനം, റിസര്‍വേഷന്‍, ഹെല്‍മറ്റ് ധാരണം അങ്ങനെ എന്തെല്ലാം നിയമങ്ങള്‍ കാറ്റില്‍പ്പറക്കുന്നു.
നിയമത്തിലല്ല, നടപ്പാക്കുന്നവരിലാണ് മാറ്റം വരേണ്ടത്. ചില കാര്യങ്ങള്‍ പണ്ഡിതരും നേതാക്കളും നിയമം നടപ്പാക്കുന്നവരും ശ്രദ്ധിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രഥമവും ഇന്ന് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നതും ത്വലാഖ് ആണ്. വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക ശരീഅത്തും നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമവും അനുശാസിക്കുന്ന രീതിയില്‍ ത്വലാഖ് ചെയ്താല്‍ മാത്രമേ അംഗീകരിക്കൂ എന്ന് മതപണ്ഡിതരും നേതാക്കളും കൂടി തീരുമാനമെടുത്താല്‍ നന്നാവും. മഹല്ല് റിക്കാര്‍ഡുകളില്‍ യഥാര്‍ഥ രീതിയില്‍ നടത്തുന്ന ത്വലാഖ് മാത്രം രജിസ്റ്റര്‍ ചെയ്യുക, അത്തരം വ്യക്തികള്‍ക്ക് മറ്റൊരു വിവാഹത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ത്വലാഖ് യഥാര്‍ഥ രീതിയില്‍ നടന്നെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ നിലവില്‍ ഭാര്യയുണ്ടെന്നു രേഖപ്പെടുത്തുക. ഈ കാര്യത്തില്‍ മഹല്ല് നേതൃത്വം ആവശ്യമായ ശ്രദ്ധപതിപ്പിക്കണം. നിയമാനുസൃതമുള്ളതല്ലാതെ നടത്തുന്ന ത്വലാഖിലൂടെ ഒഴിവാക്കപ്പെടുന്ന ഭാര്യയുടെ പൂര്‍ണ സംരക്ഷണച്ചുമതല ‘മുന്‍ ഭര്‍ത്താവില്‍’ തന്നെ തുടരുക. തന്റെ അവകാശങ്ങള്‍ ലഭിക്കാന്‍ നിയമാനുസൃതമല്ലാത്ത ത്വലാഖ് ചൊല്ലി ഒഴിവാക്കിയ ഭാര്യക്ക് കോടതിയെ സമീപിക്കാന്‍ അധികാരം നല്‍കുകയും കോടതികള്‍ ആ രീതിയില്‍ തീരുമാനമെടുക്കുകയും ചെയ്യുക.
ഇത്തരം കാര്യങ്ങളില്‍ മതപണ്ഡിതരും സമുദായനേതൃത്വവും ഒന്നിച്ചിറങ്ങിത്തിരിച്ചാല്‍ നമ്മുടെ നാട്ടില്‍ നിയമാനുസൃത ത്വലാഖ് മാത്രം ബലത്തില്‍ വരും. നിയമപാലകര്‍ക്ക് നിയമാനുസൃതമല്ലാത്ത ത്വലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്നവര്‍ക്കെതിരേ മാനസിക പീഡനം നടത്തിയെന്ന കുറ്റം ചുമത്തി നിയമനടപടികള്‍ സ്വീകരിക്കാം. ഒരു പടികൂടെ കടന്ന്, പണ്ഡിതന്മാര്‍ ചര്‍ച്ച നടത്തി മഹാനായ ഉമര്‍ ചെയ്തപോലെ ഫസ്ഖ് കോടതി വഴിയേ പാടുള്ളൂ എന്നു പറഞ്ഞ രീതിയില്‍ ത്വലാഖും കോടതി വഴിയാക്കാം. സ്ത്രീധനത്തിനെതിരേ വന്‍തോതില്‍ പ്രചാരണം നടക്കേണ്ടതുണ്ട്. ചില സംഘടനകള്‍ അക്കാര്യത്തില്‍ ശ്രദ്ധേയമായ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മതപണ്ഡിതരും നേതാക്കളും ജനങ്ങളെ കൂടുതലായി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. പുരുഷന്‍മാരോടൊപ്പം സ്ത്രീകളെയും ഈ വിഷയകമായി ബോധവല്‍ക്കരിക്കണം. കാരണം, തന്റെ മകന്, സഹോദരന് ഇത്ര സ്ത്രീധനം ലഭിക്കണമെന്നു വാദിക്കുന്ന സ്ത്രീകളുണ്ട്.
സ്ത്രീപുരുഷ സമത്വം പ്രധാന ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നു. സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ വ്യത്യസ്തമായ പങ്കാണുള്ളത്. അതിന് അടിവരയിടുന്ന നിയമങ്ങളാണു നാട്ടിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 198 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക