|    Jan 17 Tue, 2017 8:17 am
FLASH NEWS

മുസ്‌ലിം വ്യക്തിനിയമത്തില്‍ സുപ്രിംകോടതി ഇടപെടരുത്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: നിലവില്‍ സുപ്രിംകോടതി പരിഗണിക്കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമനിര്‍മാണത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ കോടതി ഇടപെട്ടാല്‍ അത് ജുഡീഷ്യറി നിയമനിര്‍മാണം നടത്തുന്നതിനു തുല്യമാവുമെന്നും  ബോര്‍ഡ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നിയമം നിര്‍മിക്കാനും ഭേദഗതി വരുത്താനും പാര്‍ലമെന്റിനു മാത്രമെ അധികാരമുള്ളൂ. ഏകീകൃത വ്യക്തിനിയമത്തെ കുറിച്ചു ഭരണഘടനയില്‍ പറയുന്നത് അതു നിര്‍ദേശക തത്വമാണെന്നും നിര്‍ബന്ധസ്വഭാവമുള്ളതല്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഏക സിവില്‍ കോഡ് സംബന്ധിച്ച് ജനാഭിപ്രായം തേടാനായി വെബ്‌സൈറ്റില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ച ദേശീയ നിയമ കമ്മീഷന്‍ നടപടിയെയും സത്യവാങ്മൂലം ചോദ്യം ചെയ്യുന്നു. സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തിനിയമങ്ങള്‍ മാറ്റിയെഴുതാനാവില്ല. വിശുദ്ധ ഗ്രന്ധങ്ങളിലെ നിയമത്തില്‍ മാറ്റംവരുത്തണമെന്നു പറയാന്‍ കോടതിക്കു കഴിയുകയില്ലെന്നും ബോര്‍ഡ് സെക്രട്ടറി മുഹമ്മദ് ഫസലുര്‍റഹീം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമനിര്‍മാണത്തിന് കോടതിക്ക് അധികാരമില്ല. മതനിയമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതരത്വം, തുല്യസമത്വം എന്നിവയ്ക്ക് എതിരാണെന്ന വാദം തെറ്റാണ്. വ്യക്തിനിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 25, 26, 29 എന്നീ അനുച്ഛേദങ്ങള്‍ക്ക് എതിരാണെന്നും ബോര്‍ഡ് വിശദീകരിച്ചു.
മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാനും ഇടപെടാനും നിലവില്‍ ഗാര്‍ഹിക പീഡനം തടയല്‍ നിയമം (വിവാഹമോചനത്തിനുള്ള അവകാശം സംരക്ഷിക്കല്‍) ധാരാളം മതി. വ്യക്തിനിയമം  ഖുര്‍ആനും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ളതാണ്. അവ രാജ്യത്തെ ഏതെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ നിര്‍മിച്ചവയല്ല. അതിനാല്‍ ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദപ്രകാരം അവ മാറ്റംവരുത്താന്‍ കഴിയില്ല. മുസ്‌ലിം വ്യക്തിനിയമം എന്നതു വിവാഹം, വിവാഹമോചനം എന്നിവയെ കുറിച്ചു മാത്രം പരാമര്‍ശിക്കുന്നതല്ല. അത് സാമൂഹികം, സാംസ്‌കാരികം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളെയും പരാമര്‍ശിക്കുന്നവയാണ്. വിവാഹം പോലുള്ള നിയമങ്ങള്‍ എല്ലാ മതത്തിലും വ്യത്യസ്തമാണ്.
വിവാഹമോചനം പോലുള്ള കേസുകള്‍ കൂടി കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതു ജുഡീഷ്യറിയുടെ ഭാരം വര്‍ധിക്കുകയേയുള്ളൂ. ബഹുഭാര്യത്വം ഇസ്‌ലാമില്‍ അനുവദനീയമാണെങ്കിലും അതു നിര്‍ബന്ധമായി ചെയ്യേണ്ട ഒരു അനുഷ്ഠാനമല്ല. അനിവാര്യമാണെങ്കില്‍ ഉപാധികളോടെ ഒന്നിലധികം ഭാര്യമാര്‍ ആവാം എന്നാണ് വ്യക്തിനിയമത്തില്‍ പറയുന്നതെന്നും സത്യവാങ്മൂലം വിശദീകരിച്ചു. മുത്വലാഖും ബഹുഭാര്യത്വവും പോലുള്ള നിയമങ്ങള്‍ മതേതരരാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് ബോര്‍ഡ് രണ്ടാമതും സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക