|    Jan 20 Fri, 2017 11:25 am
FLASH NEWS

മുസ്‌ലിം വോട്ടിന്റെ സ്ഥിരതയില്ലായ്മ

Published : 1st June 2016 | Posted By: SMR

പി കെ നൗഫല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റത്തിനു സഹായകമായ രാഷ്ട്രീയമാറ്റത്തില്‍ ഇക്കുറി നിര്‍ണായകമായത് മുസ്‌ലിം വോട്ടുകള്‍ തന്നെയാണ്. മലബാറിലും മധ്യകേരളത്തിലും മുന്നേറ്റം നടത്താന്‍ ഇടതുപക്ഷത്തിന് സഹായകരമായതും മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയാണ്. ഈ പിന്തുണ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായിരുന്നു. കേരളത്തിലെ മുസ്‌ലിം വോട്ടിന്റെ ദിശയില്‍ കുറച്ചു വര്‍ഷങ്ങളായി പ്രകടമാവുന്ന സ്ഥിരതയില്ലായ്മയുടെ തുടര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പിലും പ്രകടമായത്.
ബാബരി ധ്വംസനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്കുമിടയിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുന്നതില്‍ മുസ്‌ലിം പൊതുബോധത്തിന്റെ പിന്തുണ വലിയ പങ്കുവഹിച്ചു. മുസ്‌ലിം വോട്ട്ബാങ്ക് എത്രമാത്രം നിര്‍ണായകമാണ് ഇരുമുന്നണികളുടെയും വിജയത്തിനെന്ന് വ്യക്തമായത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലായിരുന്നു. മുസ്‌ലിം ലീഗ് എംഎല്‍എ പി എം അബൂബക്കര്‍ രാജിവച്ച ഒഴിവിലേക്ക് ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലുമാണ് ഈ സ്വാധീനം കൂടുതല്‍ പ്രകടമായത്. ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമെതിരേയുള്ള വിധിയെഴുത്തില്‍ മുസ്‌ലിം ലീഗിന്റെ കുത്തകമണ്ഡലം ചരിത്രത്തിലാദ്യമായി ലീഗിന് നഷ്ടപ്പെട്ടു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയെ തറപറ്റിച്ച് ഇടതുപക്ഷം അധികാരത്തില്‍ വന്നു. 2001ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ വീണ്ടും ഐക്യജനാധിപത്യമുന്നണിയിലേക്ക് തിരിച്ചെത്തി. 2006ല്‍ മുസ്‌ലിം വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷത്തേക്കു ചാഞ്ഞു. 2011ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത വെല്ലുവിളിയെ തരണംചെയ്ത് ചുരുങ്ങിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യമുന്നണിക്ക് ഭരണം ലഭിച്ചതിലും നിര്‍ണായകമായത് മുസ്‌ലിം വോട്ടുകള്‍.
1991 വരെ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷത്തിന്റെ ലോക്‌സഭാ വിഹിതം ആകെയുള്ള 20 സീറ്റില്‍ മൂന്നോ നാലോ ആയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഹിതം അതിവേഗം കുതിച്ചുയര്‍ന്നു. 1984ലെയും 1989ലെയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റുകളില്‍ ഇടതുപക്ഷത്തിനു ലഭിച്ചത് വെറൂം മൂന്നെണ്ണം മാത്രം. 1991ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് വര്‍ധിച്ച് നാലായി. ബാബരി ധ്വംസനത്തിനുശേഷം നടന്ന 1996ലെ തിരഞ്ഞെടുപ്പില്‍ 10 സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. 2004ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 സീറ്റിലും വിജയിക്കാന്‍ സാധിച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റ്‌കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. 2014ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വെറും ഏഴ് സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്.
മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട ബിജെപി പേടി ഇടതുപക്ഷം സമര്‍ഥമായി ഉപയോഗിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ കാണിച്ച് ന്യൂനപക്ഷങ്ങളില്‍ ഭീതിയുണ്ടാക്കി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വിജയിച്ച കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലും ആ തന്ത്രം വിനിയോഗിക്കാന്‍ ശ്രമിച്ചു. പക്ഷേ, ദാരുണമായി പരാജയപ്പെട്ടു.
വോട്ടുകള്‍ ഭിന്നിച്ച് ബിജെപിയുടെ കടന്നുവരവിനു കാരണമാവരുതെന്ന ഭീതികലര്‍ന്ന അമിതസൂക്ഷ്മതയും വോട്ടുകള്‍ ഏതെങ്കിലും ഒരുവശത്തേക്ക് ഏകപക്ഷീയമായി കേന്ദ്രീകരിക്കപ്പെടാന്‍ കാരണമാവുന്നു.
അസംതൃപ്തിക്കും ഭീതിക്കുമിടയില്‍ രൂപപ്പെട്ട മുസ്‌ലിം പൊതുബോധത്തിന്റെ നെഗറ്റീവ് വോട്ടുകള്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വിജയപരാജയം നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ബാബരി ധ്വംസനത്തെ തുടര്‍ന്ന് അകന്നുപോയ മുസ്‌ലിം മനസ്സ് പിന്നീട് പലതവണ കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിച്ചിന്തിച്ചിട്ടും കോണ്‍ഗ്രസ്സിന്റെയും സഖ്യകക്ഷികളുടെയും നിലപാട് എന്തായിരുന്നു എന്നതൊക്കെ വിലയിരുത്തപ്പെടേണ്ടതാണ്. എതിര്‍പാര്‍ട്ടിയോടുള്ള പ്രതിഷേധം, അതല്ലെങ്കില്‍ ബിജെപി കടന്നുവരുമെന്ന ഭയം ഇതിന്റെ പിന്‍ബലമില്ലാതെ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണ എന്തുകൊണ്ട് ഇടത്-വലത് മുന്നണികള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല?
ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുക, ഒപ്പം ബിജെപി പേടി കടത്തിവിടുക- മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ മുന്നണികള്‍ ചെയ്യുന്നത് ഇത്രമാത്രം. ഈ ഓളത്തിനനുസരിച്ച് നിന്നുകൊടുക്കുന്നു മുസ്‌ലിം സമൂഹം. ചില രാഷ്ട്രീയ അജ്ഞതകളാണ് ഇടത്-വലത് മുന്നണികളുടെ വിജയത്തില്‍ വലിയ പങ്കുവഹിക്കുന്നത്.
കീഴാളരാഷ്ട്രീയ ശാക്തീകരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മുസ്‌ലിം സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ക്രിയാത്മകവും ഉല്‍പാദനക്ഷമവുമായ രാഷ്ട്രീയബോധം സമൂഹത്തിനു പകര്‍ന്നുനല്‍കുന്നതില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഭരണവിരുദ്ധ വികാരത്തിലും ബിജെപി പേടിയിലും വിറച്ചുപോവുന്നതാണോ സ്വന്തം സ്വാധീനമേഖലകള്‍ എന്ന് ഈ പാര്‍ട്ടിനേതൃത്വങ്ങളുടെ പ്രഥമ പരിഗണനയിലേക്കു വരേണ്ടതുണ്ട്. നിരന്തരം നടക്കുന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയപ്രചാരണങ്ങള്‍ക്കും അപ്പുറമാണ് മുസ്‌ലിം പൊതുബോധത്തിന്റെ മനസ്സ് എന്ന് നവരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 214 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക