|    Sep 21 Thu, 2017 7:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുസ്‌ലിം വിരുദ്ധ ജല്‍പനങ്ങള്‍ക്കു പുറമേ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ; സെന്‍കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ലേഖകന്‍

Published : 15th July 2017 | Posted By: fsq

തിരുവനന്തപുരം: മുസ്‌ലിംകള്‍ക്കെതിരേ ഗുരുതര വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആക്രമിക്കപ്പെട്ട നടി ഉള്‍െപ്പടെ പീഡനക്കേസുകളിലെ ഇരകള്‍ക്കെതിരേ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. സെന്‍കുമാറിന്റെ വിവാദ അഭിമുഖം തയ്യാറാക്കിയ ലേഖകന്‍ ഇതു പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പിലാണ് മുന്‍ ഡിജിപിക്കെതിരായ ആരോപണങ്ങള്‍ നിരത്തുന്നത്. ലേഖകന്റെ കത്തിന്റെ പകര്‍പ്പ് അഭിമുഖം പ്രസിദ്ധീകരിച്ച  വാരികയുടെ എഡിറ്റര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. താനുമായുള്ള അഭിമുഖത്തിനിടെ വന്ന ഫോണ്‍കോളിനുള്ള മറുപടിയിലാണ് സെന്‍കുമാര്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ സ്വഭാവഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ പറഞ്ഞതെന്ന് ലേഖകന്‍ കത്തില്‍ വ്യക്തമാക്കുന്നു. അവരുടെ മൊത്തം വിലയിടാനും അദ്ദേഹം തയ്യാറായി. നടിയുടെ വസ്ത്രത്തിലെ ശുക്ലത്തിന്റെ അംശത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ‘ഞാനീ പറയുന്നത് കേട്ടാല്‍ കേരളത്തിലെ സ്ത്രീകളെല്ലാം കൂടി പ്രശ്‌നമുണ്ടാക്കും’ എന്നും സെന്‍കുമാര്‍ പറഞ്ഞതായി ലേഖകന്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സ്ത്രീപീഡന പരാതിക്കാരായ സ്ത്രീകളില്‍ 25 ശതമാനവും കള്ളികളാണെന്ന് സെന്‍കുമാര്‍ പറഞ്ഞതായും ലേഖകന്‍ ആരോപിക്കുന്നു. ഇക്കാര്യം വാരിക പ്രസിദ്ധീകരിച്ചു. എന്നാല്‍, കള്ളികള്‍ എന്നതു പരിഷ്‌കരിച്ച് തങ്ങള്‍ കള്ളത്തരമെന്നാക്കി മാറ്റുകയായിരുന്നു. അഭിമുഖത്തിനിടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ജേക്കബ് തോമസ്, മുന്‍ ചീഫ് സെക്രട്ടറി എം വിജയനുണ്ണി, മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരെക്കുറിച്ച് കടുത്ത പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയതത്രേ. ഉയര്‍ന്ന ധാര്‍മികത കൊണ്ട് തങ്ങള്‍ അതൊക്കെ ഒഴിവാക്കി സത്യത്തില്‍ സെന്‍കുമാറിനെ വലിയ കുഴപ്പത്തില്‍ നിന്നു രക്ഷിക്കുകയായിരുന്നുവെന്നും ലേഖകന്‍ അവകാശപ്പെടുന്നു. തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഓഡിയോ തെളിവുകള്‍  കൈവശമുണ്ടെന്നും ധാര്‍മികതയുടെ വിഷയമായതിനാലാണ് അതു പുറത്തുവിടാത്തതെന്നും കത്തില്‍ ലേഖകന്‍ പറയുന്നു. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ പോലിസ് സേനയിലെ ഉന്നതരായ ചിലര്‍ ഇടപെട്ടെന്ന വാദങ്ങള്‍ക്ക് ബലമേകുന്നതാണ് ലേഖകന്റെ വെളിപ്പെടുത്തലുകള്‍. നേരത്തേ കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഐജി ദിനേന്ദ്ര കശ്യപിനെതിരേ വിമര്‍ശനവുമായി ഡിജിപി സ്ഥാനത്തിരിക്കെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ദീലിപിനെ 12 മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്തതിനെതിരായ സെന്‍കുമാറിന്റെ  നിലപാട് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അട്ടിമറിശ്രമത്തിനു കൂടുതല്‍ ബലം നല്‍കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക