|    Jan 21 Sat, 2017 8:54 pm
FLASH NEWS

മുസ്‌ലിം ലോകത്തിന് ഒരു പൊതുവേദി

Published : 17th April 2016 | Posted By: SMR

slug-ck-abdullaചരിത്രപ്രാധാന്യമുള്ള ഇസ്താംബൂള്‍ നഗരത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസിയുടെ 13ാം ഉച്ചകോടി ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടന്നു. ‘നീതിക്കും സമാധാനത്തിനും വേണ്ടി ഐക്യദാര്‍ഢ്യം’ എന്ന പേരാണ് ഉച്ചകോടിക്ക് കൊടുത്തിരുന്നത്. ഉച്ചകോടിയില്‍, ഭീകരതയുടെ കെടുതികളും സിറിയ, യെമന്‍, ഇറാഖ് രാഷ്ട്രീയ പ്രതിസന്ധികളും അസര്‍ബൈജാന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന നാഗൊര്‍നോ കര്‍ബാഖ് പ്രദേശത്തെ അര്‍മേനിയന്‍ അധിനിവേശവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്ന് ആതിഥേയരായ തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി മൗലൂദ് ജാവേഷ്ഒഗ്‌ലു ഉച്ചകോടിക്ക് മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു.
1967ലുണ്ടായ അറബ്-ഇസ്രായേല്‍ യുദ്ധത്തിനു ശേഷം ഇസ്രായേല്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മസ്ജിദുല്‍ അഖ്‌സയില്‍ അധിനിവേശം നടന്ന പശ്ചാത്തലത്തിലാണ് അന്നത്തെ സൗദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ശ്രമ ഫലമായി മുസ്‌ലിം രാജ്യങ്ങളുടെ പൊതുവേദിയായി ജിദ്ദ ആസ്ഥാനമായി 1969ല്‍ ഒഐസി രൂപീകരിക്കപ്പെടുന്നത്. ഒന്നിലധികം തവണ പേരുമാറ്റങ്ങള്‍ക്കു വിധേയമായ വേദിയുടെ നിലവിലെ പേരാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍. ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേദിയുടെ പ്രധാന ലക്ഷ്യമെന്ന പ്രഥമ പ്രഖ്യാപനം 13ാം ഉച്ചകോടിയിലും പ്രസക്തി മങ്ങാതെ നിലനില്‍ക്കുന്നു.
ആതിഥേയരായ തുര്‍ക്കിയും ഒഐസി ആസ്ഥാനരാജ്യമായ സൗദി അറേബ്യയും പരസ്പര സൗഹൃദം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടന്നത്. 20ാം നൂറ്റാണ്ടുവരെ നാമമാത്രമെങ്കിലും ഖിലാഫത്ത് എന്ന അഡ്രസ്സിന് കീഴില്‍ ഇസ്‌ലാമിക ലോകത്തെ ഒരുമിപ്പിച്ചിരുന്ന രാജ്യവും മുസ്‌ലിം ലോകത്തിന്റെ കേന്ദ്രബിന്ദുക്കളായ പുണ്യഗേഹങ്ങളുടെ രാജ്യവും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുന്നത് മുസ്‌ലിംലോകം ആശയോടെയും അധിനിവേശപ്രഭുക്കള്‍ ആശങ്കയോടെയും വീക്ഷിക്കുന്നു. ഇരുരാജ്യങ്ങളും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിയാദില്‍ വച്ച് രാഷ്ട്രീയതലത്തില്‍ സ്ട്രാറ്റജിക് കോ- ഓപറേഷന്‍ കൗണ്‍സിലും മറ്റുചില മുസ്‌ലിം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഭീകരതയെ ചെറുക്കാനെന്ന പേരില്‍ ഇസ്‌ലാമിക് അലയന്‍സ് എന്ന സൈനികസഖ്യവും രൂപീകരിച്ചത് മുസ്‌ലിം മുഖ്യധാര കൊണ്ടാടുന്നുണ്ട്. എന്നാല്‍, ലോക രാഷ്ട്രീയ മേധാവികളുടെ അനുമതിയാശിര്‍വാദങ്ങളോടെയാണ് ഈ പുതുവേദികള്‍ രൂപപ്പെടുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകേള്‍ക്കുന്നു.
ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ പൊതുവേദിയായ, 57 അംഗ രാഷ്ട്രങ്ങളുള്ള ഒഐസി ലോകജനസംഖ്യയുടെ നാലിലൊന്നു വരുന്ന 170 കോടി മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നു. ഇത്രയും വലിയൊരു ജനവിഭാഗത്തിന്റെ പൊതു അജണ്ടയും അവരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ക്രിയാത്മകമായ ഇടപെടലുകളും പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കലുമെല്ലാം സാധിക്കേണ്ട വേദിയാണിത്. സാമ്പത്തിക വിഭവങ്ങളുടെ കുറവ് ഈ വേദിക്ക് ഉണ്ടാവേണ്ടതില്ല. മനുഷ്യവിഭവങ്ങള്‍ക്കും കുറവില്ല. എന്നാല്‍, ഇടപെടാന്‍ ആവശ്യമായ ഇച്ഛാശക്തിയോ ഫലപ്രദമായ സംവിധാനങ്ങളോ വേദിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ ചില അംഗരാജ്യങ്ങളിലെ ജനത പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിത്താഴുമ്പോഴും മറ്റു ചിലവ അധിനിവേശപ്രഭുക്കള്‍ നിര്‍മിച്ചെടുത്ത ഭീകരതകളുടെയും ഇസ്‌ലാമോഫോബിയയുടെയും കെടുതികള്‍ അനുഭവിക്കുമ്പോഴും ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ ഒതുങ്ങിപ്പോവുന്നു വേദിയുടെ ദൗത്യം. സമാധാനം ലക്ഷ്യംവയ്ക്കുന്ന 200ലധികം പ്രമേയങ്ങള്‍ 13ാം ഉച്ചകോടിയിലും പാസാക്കിയെന്ന് സെക്രട്ടറി ജനറല്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതു കേട്ടു.
ഓരോ ഉച്ചകോടിയിലും സങ്കീര്‍ണ പ്രശ്‌നങ്ങള്‍ അജണ്ടയാവുകയാണ്. സ്ഥിരം അജണ്ടകളിലൊന്നാണ് ഫലസ്തീന്‍ പ്രശ്‌നം. അതുതന്നെയാണ് പ്രധാന അജണ്ടയെന്ന് ഈ ഉച്ചകോടിയിലും ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍, ഫലസ്തീനിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് പക്വതയും ഐക്യവും ആശിര്‍വദിച്ച് പ്രശ്‌നത്തിന്റെ കാതല്‍ ചര്‍ച്ചചെയ്യാതെ പിരിഞ്ഞ ഉച്ചകോടി നടക്കുന്ന പ്രൗഢഗംഭീരമായ ഇസ്താംബൂള്‍ വേദിയെ അഖ്‌സയിലെ ഇസ്രായേല്‍ അധിനിവേശവും ഗസയിലെ ഉപരോധവും തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഗസയിലെ ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന തുര്‍ക്കിയുടെ നിര്‍ദേശത്തിനു മുന്നില്‍ ഈജിപ്ത് വിലങ്ങുതടി തീര്‍ത്തതാണ് ഭൂതകാലാനുഭവം. ഗസയിലെ ഉപരോധമെന്ന കാര്‍ഡ് കൈവിട്ടുപോവുമെന്ന ആശങ്ക നിമിത്തം, നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുകൊണ്ടെങ്കിലും ഈജിപ്ത് റഫ അതിര്‍ത്തി തുറന്നിടണമെന്ന ആവശ്യംപോലും അവര്‍ തള്ളുകയായിരുന്നു. രാജ്യത്തെ ആദ്യ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് പ്രസിഡന്റ് അടക്കമുള്ളവരെ ജയിലിലിട്ട് തൂക്കുകയര്‍ വിധിച്ചിരിക്കുന്ന ഈജിപ്ത് സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. ഇതുകാരണമുള്ള കലിപ്പ് കഴിഞ്ഞ ഒഐസി ഉച്ചകോടിയുടെ ആതിഥേയരായിരുന്ന ഈജിപ്ത് ഇസ്താംബൂള്‍ വേദിയില്‍ പ്രകടിപ്പിച്ചു. ഈജിപ്തിനെ പ്രതിനിധീകരിച്ചുവന്ന സംഘത്തലവന്‍ വിദേശകാര്യമന്ത്രി സാമിഹ് ശുക്രി തന്റെ ആമുഖപ്രസംഗം ധൃതിയില്‍ വായിച്ചുതീര്‍ത്ത്, ആതിഥേയന്‍ തുര്‍ക്കി പ്രസിഡന്റ്‌റജബ് തയ്യിബ് ഉര്‍ദുഗാന്‍ വേദിയിലെത്തുന്നതിനു മുമ്പേ സ്ഥലംവിട്ടു. ആതിഥേയരെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയുമില്ല. ഉച്ചകോടിക്ക് രണ്ടുനാള്‍ മുമ്പേ തുര്‍ക്കിയില്‍ എത്തിയ സൗദി രാജാവ് ഈജിപ്ത് സന്ദര്‍ശിച്ച ശേഷമാണ് അങ്കാറയില്‍ എത്തിയത്. രണ്ടു പ്രബല രാജ്യങ്ങള്‍ക്കിടെ നിലനില്‍ക്കുന്ന പിണക്കം ഒഴിവാക്കാന്‍ തുനിഞ്ഞ സൗദിയുടെ ശ്രമം വിജയം കണ്ടിട്ടില്ല. ചുരുങ്ങിയപക്ഷം മുര്‍സി അടക്കമുള്ള രാഷ്ട്രീയനേതൃത്വത്തെ തുറന്നുവിടണമെന്ന തുര്‍ക്കി നിലപാട് ഈജിപ്തിന് സ്വീകാര്യമായിരുന്നില്ലെന്ന് മാധ്യമങ്ങള്‍.
ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും നല്ല സഹകരണബന്ധമാണ് ഇറാനുമായി ഉണ്ടാവേണ്ടതെന്നും ഉച്ചകോടിയിലെ ഒരു പ്രധാന പ്രമേയമായിരുന്നു. ഇറാന്‍ പിന്തുണയ്ക്കുന്ന ലബ്‌നാന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനം ഹിസ്ബുല്ലയെ ചില ഗള്‍ഫ് രാജ്യങ്ങള്‍ കുറച്ചു മുമ്പ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച് ‘ഭീകരസംഘടന ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍’ ഉച്ചകോടി അപലപിക്കുകയും ചെയ്തു. ഇതുകാരണം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സമാപന സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖ മുസ്‌ലിം രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്ര രക്ഷാസമിതി പുനസ്സംഘടിപ്പിക്കണമെന്നാണ് ഉച്ചകോടി ഉയര്‍ത്തിയ ഒരു പ്രധാന ആഹ്വാനം. ഒപ്പം അടുത്ത ഒരു പതിറ്റാണ്ടിനകം ഒഐസി കൈവരിക്കേണ്ട പ്രധാന പദ്ധതികള്‍ക്ക് പുതിയ അധ്യക്ഷന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്വന്തമായ മാധ്യമസംരംഭം, വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി ഒഐസിയുടെ ഒരു വനിതാ ഘടകം രൂപീകരിക്കല്‍, കെടുതികളില്‍ വലയുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ റെഡ്ക്രസന്റ് മാതൃകയില്‍ ദുരിതാശ്വാസ ഏജന്‍സി തുടങ്ങിയവയാണ് വേദിയുടെ പുരോഗതിക്കായി ഉര്‍ദുഗാന്‍ മുന്നോട്ടുവച്ച സുപ്രധാന പദ്ധതികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക