|    Apr 22 Sun, 2018 12:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക: പുതുമുഖങ്ങള്‍ക്കു സാധ്യതയേറേ

Published : 18th February 2016 | Posted By: SMR

മലപ്പുറം: മുസ്‌ലിം ലീഗ് നിയമസഭയിലേ—ക്കു പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയെച്ചൊല്ലി അനൗപചാരിക ചര്‍ച്ചകളാരംഭിച്ചു. നിലവിലെ എംഎല്‍എമാരില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, എം പി അബ്ദുസ്സമദ് സമദാനി, കെ മുഹമ്മദുണ്ണി ഹാജി, എം ഉമ്മര്‍, ടി എ അഹമ്മദ് കബീര്‍ എന്നിവര്‍ പട്ടികയിലുണ്ടാവില്ലെന്നാണ് പ്രാഥമിക വിവരം. കെ എന്‍ എ ഖാദര്‍, സി മമ്മുട്ടി എന്നിവര്‍ പുറത്തായേക്കുമെന്നും ശ്രുതിയുണ്ട്.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, വി കെ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍തന്നെ ജനവിധി തേടും. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കു മാറുമെന്ന് നേരത്തേ പറഞ്ഞുകേട്ടിരുന്നെങ്കിലും സാധ്യത കുറവാണെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ മലപ്പുറത്ത് പി ഉബൈദുല്ലതന്നെ മല്‍സരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് കോട്ടക്കല്‍ മണ്ഡലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വിജയസാധ്യത കുറയുമെന്നതിനാല്‍ പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യത കുറവാണത്രേ.
കൊണ്ടോട്ടിയില്‍ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി വി ഇബ്രാഹിം, മഞ്ചേരിയില്‍ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് യു എ ലത്തീഫ്, മങ്കടയില്‍ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പരിഗണനയിലുണ്ട്. തവനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സില്‍നിന്ന് ഏറ്റെടുത്ത് നൗഷാദ് മണ്ണിശ്ശേരി, കെ എം ഷാജി എന്നിവരെ മല്‍സരിപ്പിക്കണമെന്ന് മണ്ഡലം കമ്മിറ്റി ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഷാജി അഴീക്കോടുനിന്ന് മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിക്ക് ഇതിനോട് യോജിപ്പില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് തിരുവമ്പാടി വിട്ടുകൊടുക്കണമെന്നാണ് ഒരു നിര്‍ദേശം. എന്നാ ല്‍, ഉറപ്പുള്ള തിരുവമ്പാടി സീറ്റിനു പകരം തവനൂര്‍ സ്വീകരിക്കണമോയെന്നതില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
പി കെ ഫിറോസ്, യു സി രാമന്‍ (കുന്ദമംഗലം), സൂപ്പി നരിക്കാട്ടേരി, പി കെ കെ ബാവ, ടി ടി ഇസ്മായില്‍ (കുറ്റിയാടി), പി എം സാദിഖലി (ഗുരുവായൂര്‍) എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. കാസര്‍കോട് പി ബി അബ്ദുറസാഖും മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനും പരിഗണനയിലുണ്ട്. കാസര്‍കോട് എന്‍ എ നെല്ലിക്കുന്നിന് സീറ്റ് നിഷേധിക്കുന്ന പക്ഷം പി എം എ സലാമിനെ പരിഗണിച്ചേക്കും.
മണ്ണാര്‍ക്കാട് നിലവിലെ എംഎല്‍എ എന്‍ ഷംസുദ്ദീനെ തിരൂരിലേക്കു മാറ്റുന്നപക്ഷം മുന്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ സ്ഥാനാര്‍ഥിയായേക്കും. വി എം ഉമ്മറിനെ തിരുവമ്പാടിയിലേ—ക്കു മാറ്റി കൊടുവള്ളിയില്‍ ഉമ്മര്‍ പാണ്ടികശാലയെയോ മറ്റേതെങ്കിലും പുതുമുഖത്തെയോ പരീക്ഷിച്ചേക്കും. ഇരവിപുരം ആര്‍എസ്പിയിലെ എ എ അസീസിന് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാല്‍ പകരം ചടയമംഗലം സ്വീകരിച്ചേക്കും. ഇവിടെ മലബാറില്‍നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കുകയോ പൊതു സ്വതന്ത്രരെ പരീക്ഷിക്കുകയോ ചെയ്യാനാണ് തീരുമാനം. സമസ്ത പ്രതിനിധിയായ എം ഉമ്മര്‍ ഒഴിവാകുന്ന പക്ഷം നൗഷാദ് മണ്ണിശ്ശേരി, ജബ്ബാര്‍ ഹാജി എന്നിവരെ പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
അതേസമയം, സ്വന്തം പഞ്ചായത്തായ വാഴക്കാട് കോണ്‍ഗ്രസ് -സിപിഎം സഖ്യത്തെ ഭരണത്തിലേറ്റിയത് ജബ്ബാര്‍ ഹാജിക്ക് വിനയായേക്കും. വണ്ടൂര്‍ കോണ്‍ഗ്രസ്സില്‍നിന്ന് ഏറ്റെടുക്കുന്ന പക്ഷം ദലിത് ലീഗിലെ ആരെയെങ്കിലും പരിഗണിക്കും. ഏറനാട് പി കെ ബഷീര്‍ പ്രവര്‍ത്തകരില്‍ ചിലരുടെ എതിര്‍പ്പുമൂലം കൊണ്ടോട്ടിയിലേ—ക്കു മാറി ടി വി ഇബ്രാഹിം ഏറനാട് എത്തുമെന്നും പറയപ്പെടുന്നുണ്ട്.
ഇബ്രാഹിമിന്റെ പേര് വള്ളിക്കുന്ന് മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട്. ടി എ അഹമ്മദ് കബീര്‍, എം പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ ലോകസഭയിലേക്കോ രാജ്യസഭയിലേക്കോ പരിഗണിക്കണമെന്ന പക്ഷക്കാരാണ്. പി അബ്ദുല്‍ ഹമീദ് കോട്ടക്കല്‍, കൊണ്ടോട്ടി മണ്ഡലങ്ങളിലെയും പട്ടികയിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss