|    Jun 18 Mon, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനം; കാന്തപുരം, മടവൂര്‍ വിഭാഗങ്ങള്‍ക്ക് രോഷം

Published : 20th April 2016 | Posted By: SMR

risaala cover photo

മന്ത്രിമാര്‍ക്കെതിരേ രിസാല
തൃശൂര്‍: മുസ്‌ലിംലീഗിന് രൂക്ഷ വിമര്‍ശനവുമായി എപി വിഭാഗം എസ്എസ്എഫ് മുഖപത്രം രിസാല. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, പി കെ അബ്ദുറബ് എന്നിവര്‍ക്കെതിരേയും വിമര്‍ശനമുണ്ട്. ‘വിലപ്പെട്ട വോട്ട് ചോദിക്കാന്‍ ആര്‍ക്കുണ്ടിവിടെ അര്‍ഹത’ എന്ന ശീര്‍ഷകത്തില്‍ ശാഹിദ് എഴുതിയ കവര്‍ സ്‌റ്റോറിയിലാണ് കടുത്ത വിമര്‍ശനം.
കുഞ്ഞാലിക്കുട്ടിക്കെതിരേ ലേഖകന്‍: മെത്രാന്‍ കായലും മൂന്നാര്‍ ഏലം തോട്ടവുമൊക്കെ സ്വന്തക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പലതവണ മന്ത്രിസഭ യോഗങ്ങള്‍ ചേര്‍ന്നു. കത്തുന്ന മോന്തായത്തില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കാനുള്ള തത്രപ്പാടില്‍ പള്ളിയച്ഛന്‍മാരും എന്‍എസ്എസ്- എസ്എന്‍ഡിപി തലവന്‍മാരുമൊക്കെ പരമാവധി കൈക്കലാക്കി. കുഞ്ഞാലിക്കുട്ടിയുടെ സമുദായത്തിനു മാത്രം ഒന്നും കിട്ടിയില്ല. അഞ്ചു വര്‍ഷത്തിനിടെ വ്യവസായവകുപ്പ് കേരളത്തില്‍ തുടങ്ങിയ ഒരു നല്ല പദ്ധതി ചൂണ്ടിക്കാണിക്കാന്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പറ്റുമോ?
മന്ത്രി മുനീറിനെതിരെയുള്ള വിമര്‍ശനം ഇങ്ങനെ: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിജിലന്‍സ് അന്വേഷണം നേരിടാത്ത ഏതെങ്കിലും മന്ത്രിയുണ്ടോ? അഴിമതി ആരോപണത്തിന്റെ കറ പുരളാത്ത ഒരാളെ ചൂണ്ടിക്കാട്ടാന്‍ പറ്റുമോ? ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസുള്ളത് നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിന് ശേഷവും കടക്കാരനായി മരിച്ച സി എച്ച് കോയയുടെ പ്രിയപുത്രന്റെ പേരിലാണെന്നത് ആകസ്മികമല്ല, സ്വയംകൃതാനര്‍ഥങ്ങളുടെ ഫലമാണ്.
വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച്: അബ്ദുറബ്ബ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് പത്തിരുന്നൂറോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും എയ്ഡസ് പദവി നല്‍കിയപ്പോഴും പാതിരിമാരുടെയും നായന്‍മാരുടെയും സ്ഥാപനങ്ങളുടെ പേരുകളേ ഇതില്‍ പൊന്തിവന്നുള്ളൂ.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രി ബാബുവിനെയും വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷം കടമ നിര്‍വഹിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനെ മാത്രമാണ് രിസാല പ്രകീര്‍ത്തിക്കുന്നത്.

പിന്‍സീറ്റ് ഡ്രൈവിനെതിരേ ശബാബ്

shabab varika

തൃശൂര്‍: മുസ്‌ലിംലീഗിനെ സമസ്ത ഹൈജാക്ക് ചെയ്യുന്നെന്ന വിമര്‍ശനവുമായി മുജാഹിദ് (മടവൂര്‍) വിഭാഗം ഐഎസ്എം മുഖപത്രം ശബാബ്. നദ്‌വത്ത് സംസ്ഥാന ട്രഷറര്‍ എ അസ്ഗറലിയുടെ സാമുദായിക രാഷ്ട്രീയം പിന്‍സീറ്റ് ഡ്രൈവ് പിടിമുറുക്കുന്നു എന്ന ലേഖനത്തിലാണ് ലീഗിനെതിരേ കടുത്ത പരാമര്‍ശങ്ങള്‍. സമസ്തയുടെ ഭീഷണി ഭയന്നാണ് മുജാഹിദുകള്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കാത്തതെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്ന ലേഖനം വേണ്ടിവന്നാല്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
ആദ്യകാല മുജാഹിദ് നേതാക്കളുടെ ശക്തമായ ഇടപെടലുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയം ഇന്നത്തെ സ്ഥിതിയിലെത്തുന്നതിനു കാരണമെന്ന് ലേഖനം അവകാശപ്പെടുന്നു. ഈ നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കിന്ന് എംഎല്‍എയോ എംപിയോ ആവണമെങ്കില്‍ പിന്‍സീറ്റ് ഡ്രൈവര്‍മാരെ സ്വാധീനിച്ചും തൃപ്തിപ്പെടുത്തിയും മുന്നോട്ടുപോവണമെന്നത് അപമാനകരമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയോജകമണ്ഡലങ്ങളില്‍ ലീഗിന് ലഭിക്കുന്ന വോട്ടിന്റെ പകുതിയും മുജാഹിദുകളുടേതാണ്. ഇത് മറുപാളയത്തിലേക്ക് എത്തിയാല്‍ ലീഗിന്റെ എതിരാളികള്‍ ജയിക്കുമെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
മുസ്‌ലിം സ്ത്രീകളില്‍ കഴിവും യോഗ്യതയുമുള്ളവര്‍ ഇല്ലാത്തത്‌കൊണ്ടല്ല; മറിച്ച് സമസ്തയുടെ എതിര്‍പ്പ് മൂലമാണ് വനിതകള്‍ തഴയപ്പെടുന്നത്.
ലീഗ്‌രാഷ്ട്രീയം വിജയിക്കണമെങ്കില്‍ ‘സമസ്ത’യുടെ പിന്തുണ അനിവാര്യമാണെന്ന വസ്തുത മനസ്സിലാക്കാം. ഉന്നത ഉദ്യോഗങ്ങളില്‍ അര്‍ഹതയുടെ പേരില്‍ ലഭിക്കുന്ന സ്ഥാനത്ത് മുജാഹിദ് ആശയക്കാര്‍ വരുന്നതിനെ തടയുന്ന പ്രവണതപോലും ശക്തിപ്പെട്ടുവരുകയാണ്. ഇതൊക്കെ വിവേകമുള്ളവര്‍ തിരിച്ചറിയുന്നുണ്ട്.
മുസ്‌ലിംകളില്‍ തന്നെ നിരവധി ചെറിയ പാര്‍ട്ടികള്‍ ഉടലെടുത്ത് വരുകയാണ്. വെല്‍െഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ തുടങ്ങിയവ. പല കാര്യങ്ങളിലും വിയോജിപ്പുകള്‍ ഉണ്ടാവാമെങ്കില്‍പോലും മുസ്‌ലിം പൊതുപ്രശ്‌നങ്ങളില്‍ ഇവര്‍ക്കെല്ലാം ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ വരാനാവണം. അപ്പോഴാണ് ന്യൂനപക്ഷരാഷ്ട്രീയം ശക്തമാവുക. മുജാഹിദുകള്‍ ഇക്കാലമത്രയും ആര്‍ക്ക് വോട്ട് ചെയ്യണം, ആര്‍ക്ക് വോട്ട് ചെേയ്യണ്ട എന്ന് പറയാറില്ല. എന്നാല്‍, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
ഇടതുപക്ഷം എന്നും മുജാഹിദുകളോട് സൗഹാര്‍ദ്ദപരമായിട്ടാണ് പെരുമാറുന്നത്. മുജാഹിദ് നിലപാടുകളോട് ഇടതുപക്ഷം ആത്മാര്‍ഥമായ സഹകരണം വാഗ്ദാനം ചെയ്യുന്നു. ഈ അനുകൂല മനോഭാവവും ചിലരുടെ അസഹിഷ്ണുതാ മനോഭാവവും മുജാഹിദുകളുടെ മനസ്സുകളില്‍ സ്വാധീനം നേടുംവിധമായാല്‍ അതിന്റെ നഷ്ടം ലീഗിനായിരിക്കുമെന്ന ഓര്‍മപ്പെടുത്തലോടെയാണ് ലേഖനം അവസാനിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss