|    Nov 19 Mon, 2018 5:02 pm
FLASH NEWS
Home   >  Big stories   >  

മുസ്‌ലിം രാഷ്ട്രീയത്തിന്റെ കര്‍മഭൂപടം

Published : 21st August 2015 | Posted By: admin

.
jama-masjid

ടി. മുഹമ്മദ് വേളം
ഇന്ത്യയിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി പരാജയപ്പെട്ട ഒരു സമൂഹമാണ്. മറ്റൊരുപാട് പരാജയങ്ങളുടെ സ്വാഭാവിക പ്രതിഫലനം ആയിരിക്കാമത്. പക്ഷേ, മറ്റു പരാധീനതകള്‍ക്കുള്ള പരിഹാരമായിരുന്നു രാഷ്ട്രീയം. ദുരന്തങ്ങളെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മൂലധനമാക്കാന്‍ കഴിയാതെപോയതാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗര്‍ഭാഗ്യം. ദുരന്തങ്ങളെ രാഷ്ട്രീയ മൂലധനമാക്കി മാറ്റിയാണ് ലോകത്തെ നിരവധി ന്യൂനപക്ഷ സമൂഹങ്ങള്‍ അവരുടെ രാഷ്ട്രീയമുന്നേറ്റങ്ങള്‍ നടത്തിയത്. ആന്റിസെമിറ്റിസത്തെയും ഹോളകാസ്റ്റിനെയും രാഷ്ട്രീയ മൂലധനമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് സയണിസം അതിന്റെ വിജയങ്ങള്‍ നേടിയത്. സയണിസവും ഇസ്രായേല്‍ രാഷ്ട്രവും തീര്‍ച്ചയായും ഒരു ചീത്ത മാതൃകയാണ്.

പക്ഷേ, ദുരന്തങ്ങളെ രാഷ്ട്രീയ മൂലധനമാക്കി മാറ്റാന്‍ കഴിയുമെന്ന കാര്യത്തില്‍ സയണിസം ഒരു ദൃഷ്ടാന്തമാണ്. ഇന്ത്യയില്‍ മുസ്‌ലിംകളെപ്പോലെയോ അവരേക്കാളുമോ അധഃസ്ഥിതരായ ദലിതുകള്‍ക്ക് ഒരു പരിധിവരെയെങ്കിലും ഇതു സാധിച്ചിട്ടുണ്ട്. ബി.എസ്.പി. അത്തരമൊരു രാഷ്ട്രീയനീക്കമായിരുന്നു. മണ്ഡല്‍ റിപോര്‍ട്ടിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പുകളെ രാഷ്ട്രീയ ഊര്‍ജമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഉത്തരേന്ത്യയിലെ പിന്നാക്കസമുദായങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളോ ബാബരി മസ്ജിദിന്റെ തകര്‍ച്ചയോ ഇന്ന് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയമായി ഒരു നേട്ടവും നല്‍കിയിട്ടില്ല. കോട്ടങ്ങള്‍ നല്‍കി എന്നതായിരിക്കും കുറേക്കൂടി ശരി. സാധ്യതകളുള്ള അല്ലെങ്കില്‍ താല്‍പ്പര്യമുള്ള മുസ്‌ലിംകള്‍ പല തരം രാഷ്ട്രീയ പങ്കാളിത്തങ്ങള്‍ നിര്‍വഹിച്ചുപോന്നിട്ടുണ്ട്. അതിനൊന്നും മുസ്‌ലിം സമൂഹത്തിന്റെ മുന്‍കൈയുണ്ടായിരുന്നില്ല, പ്രാതിനിധ്യം മാത്രമാണുണ്ടായിരുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നപരിഹാരത്തിന് ഈ പ്രാതിനിധ്യങ്ങള്‍ എത്ര അളവില്‍ ഉപകരിച്ചുവെന്നത് പരിശോധിക്കാന്‍ അവരുടെ നിലവിലുള്ള അവസ്ഥയിലേക്കു കണ്ണോടിച്ചാല്‍ മാത്രം മതിയാവും. ഒന്നും നേടിയില്ല എന്നു പറയുന്നത് ചരിത്രവിരുദ്ധമായിരിക്കും. നേട്ടങ്ങള്‍ ഒട്ടും പര്യാപ്തമല്ലെന്നത് തര്‍ക്കരഹിതമാണ്.

h39_10707545-copy

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു മുസ്‌ലിം മതേതര-രാഷ്ട്രീയ നേതാവുണ്ടോ എന്നതുതന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ശരീഅത്ത് വിവാദകാലത്തെ കോണ്‍ഗ്രസ് നേതാവ് അന്‍സാരി, സയ്യിദ് ശഹാബുദ്ദീന്‍ എന്നിവരൊക്കെ മുസ്‌ലിം മതേതര-രാഷ്ട്രീയനേതൃത്വത്തിന്റെ ഉദാഹരണമായിരുന്നു. പക്ഷേ, സമുദായ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചവര്‍ എത്ര അളവില്‍ അവരുടെ പാര്‍ട്ടികളാല്‍ വിജയിച്ചിട്ടുണ്ട്? പാര്‍ട്ടികളാല്‍ വിജയിച്ച മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ സമുദായത്തിന്റെ ന്യായമായ പ്രശ്‌നങ്ങളോട് എത്ര പ്രതിബദ്ധത കാണിച്ചിട്ടുണ്ട്? മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിസന്ധി ഇതുതന്നെയാണ്. ഒരു പാര്‍ട്ടി മുഖ്യധാരയില്‍ വിജയിച്ചാല്‍ സമുദായപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധത ഇല്ലാതാവും. പ്രതിബദ്ധത മുറുകെപ്പിടിച്ചാല്‍ മുഖ്യധാര സ്വീകരിക്കില്ല. മുസ്‌ലിം പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് ബാബരി ഇഷ്യൂ ശക്തമായി ഉന്നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടി എന്ന ഒറ്റക്കാരണത്താലാണ് 20 കൊല്ലമായിട്ടും ഐ.എന്‍.എല്‍. കേരളത്തില്‍ ഇടതുമുന്നണിയില്‍ ഇടംകിട്ടാതെ പുറത്തുനില്‍ക്കുന്നത്. പിണറായി വിജയന്‍ ചിലരോടൊക്കെ ചോദിച്ചപോലെ ‘എന്തൊക്കെയായാലും പള്ളിയുടെ പേരിലുണ്ടായ പാര്‍ട്ടിയല്ലേ’ എന്നതാണിതിനു കാരണം.

മുഖ്യധാരയില്‍ ഇടംനേടിയ മുസ്‌ലിംലീഗ് അതിനു വിലയായി കൊടുത്തത് സമുദായപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയാണ്. അതുകൊണ്ടാണ് സ്വന്തം അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിനെ അവര്‍ക്ക് പുറംതള്ളേണ്ടിവന്നത്. രണ്ടു പതിറ്റാണ്ടുകളായി കെ.ടി. ജലീലിനെപ്പോലുള്ള വ്യക്തികളിലൂടെ ഇടതുപക്ഷത്തിനകത്തു മതപ്രതിബദ്ധതയുള്ള മുസ്‌ലിം നേതാക്കന്‍മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന അന്വേഷണവും പ്രസക്തമാണ്. അവര്‍ സവര്‍ണ ഹിന്ദുത്വത്തോടൊപ്പം നിലകൊള്ളുകയാണ് ചെയ്തത്. നിലവിളക്ക് വിഷയത്തില്‍ കെ.ടി. ജലീലും ഹുസൈന്‍ രണ്ടത്താണിയും വാശിയോടെ സ്വീകരിച്ച നിലപാട് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാംസ്‌കാരികമായി സവര്‍ണ ഹിന്ദുവായിക്കൊണ്ടല്ലാതെ ഒരു മതപ്രതിബദ്ധതയുള്ള മുസ്‌ലിമിനു പോലും ഇടതുപക്ഷത്തിനകത്തു നില്‍ക്കാന്‍ കഴിയില്ല എന്നതാണ് കെ.ടി. ജലീലും ഹുസൈന്‍ രണ്ടത്താണിയും തെളിയിച്ചത്. ഇടതുപക്ഷ മുസ്‌ലിം എന്നതിന് മുഖ്യധാരാ ഇടതുപക്ഷത്തിനകത്ത് ഒരു സാധ്യതയുമില്ല.

10muslim5

ഒരുപാട് ചര്‍ച്ചകളും അന്വേഷണങ്ങളും നടന്ന ഇസ്‌ലാം-ഇടതുപക്ഷ സഹകരണത്തിന്റെ പരിണതി കേരള മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരു ട്രാജഡിയായിരുന്നു. ഈ ട്രാജഡിയെയാണ് കെ.ടി. ജലീലും ഹുസൈന്‍ രണ്ടത്താണിയും ‘മുഖ്യധാര’യുമൊക്കെ പ്രതിനിധീകരിക്കുന്നത്. മുസ്‌ലിം പ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധത കൈവെടിഞ്ഞുകൊണ്ടു മാത്രമേ മുഖ്യധാരയാവാന്‍ കഴിയൂ എന്നത് മുസ്‌ലിംലീഗിന്റെയോ ഐ.എന്‍.എല്ലിന്റെയോ കെ.ടി. ജലീലിന്റെയോ മാത്രമായ ഒരു പ്രശ്‌നമല്ല. ഇതൊരു സാമൂഹികാവസ്ഥയാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നതാണ് ഇന്ത്യയിലെ, കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയിലെ സുപ്രധാനമായ ചോദ്യം. വളരെ പ്രതികൂലമായ ഒരു ചരിത്രഘട്ടത്തിലാണ് മുസ്‌ലിം രാഷ്ട്രീയത്തിന് എഴുന്നേറ്റ് ഇപ്പോള്‍ നില്‍ക്കേണ്ടിവരുന്നത്. മുസ്‌ലിംകള്‍ ഒരു കുറ്റവാളി ഗോത്രമാണെന്ന ധാരണ മുഖ്യധാരയില്‍ പ്രബലമാണ്. അതിന് അയവു വരുകയല്ല, കൂടുതല്‍ പ്രബലപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന, കേവല വൈകാരികത മാറ്റിവച്ചുകൊണ്ടുള്ള ആലോചനയാണ് ചരിത്രസന്ദര്‍ഭം ആവശ്യപ്പെടുന്നത്. രാജ്യത്ത് പ്രശ്‌നം അനുഭവിക്കുന്ന എല്ലാ തരം ജനവിഭാഗങ്ങളുടെയും പ്രതിസന്ധികള്‍ ഏറ്റെടുക്കുന്ന, അവരെയെല്ലാം അണിനിരത്തുന്ന രാഷ്ട്രീയപ്രസ്ഥാനം വളര്‍ന്നുവരുകയാണ് വേണ്ടത്.

zsss

ഇത്തരം പാര്‍ട്ടികള്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ പൊതുപ്രശ്‌നങ്ങളായി ശക്തമായി ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്; പ്രശ്‌നങ്ങളില്‍ മുസ്‌ലിം ഐഡന്റിറ്റി ഉന്നയിക്കേണ്ട ഘട്ടങ്ങളില്‍ ഉന്നയിച്ചുകൊണ്ടുതന്നെ. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായമായ അറസ്റ്റ് പൊതുമനുഷ്യാവകാശ പ്രശ്‌നമായിരിക്കെത്തന്നെ മുസ്‌ലിം പ്രശ്‌നം കൂടിയാണ്. മുസ്‌ലിമായതുകൊണ്ടാണ് മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടത്. അത് മുസ്‌ലിം പ്രശ്‌നമായിരിക്കെത്തന്നെ പൊതുപ്രശ്‌നമാണ്. ഇതു ബോധ്യപ്പെടുത്തേണ്ടത് മുസ്‌ലിം സമൂഹത്തെ മാത്രമല്ല, പൊതുസമൂഹത്തെയാണ്. അതു പരിഹരിക്കേണ്ടത് പൊതുസമൂഹത്തിനകത്തുവച്ചാണ്. മുസ്‌ലിമിനോട് നീതി ചെയ്യുന്ന പൊതുപാര്‍ട്ടിയാണ് ഇന്ത്യയിലെ മുസ്‌ലിമിന് ആവശ്യം. രാജ്യത്തെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പല തരം ജനവിഭാഗങ്ങളുടെ എല്ലാ തരം പ്രശ്‌നങ്ങളും എടുത്തു മുന്നോട്ടുപോയാല്‍ മുഖ്യധാരയ്‌ക്കെതിരേ പ്രതിധാര സൃഷ്ടിക്കാന്‍ ഇത്തരം മുന്‍കൈകള്‍ക്കു കഴിയും. ധാരാളം പ്രശ്‌നങ്ങളുള്ള, സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ടായിട്ടും ദാരിദ്ര്യവും ജാതിവിവേചനവും കൊടികുത്തിവാഴുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ‘ധാരാളം പ്രശ്‌നങ്ങളുള്ള ജനാധിപത്യ രാജ്യം’ എന്ന യാഥാര്‍ഥ്യത്തിലെ രണ്ടു തലത്തെയും പ്രശ്‌നങ്ങളെയും ജനാധിപത്യത്തെയും കൂട്ടിച്ചേര്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് മുസ്‌ലിം രാഷ്ട്രീയത്തിനു മുന്നിലുള്ള സാധ്യത. കേവല മുസ്‌ലിം രാഷ്ട്രീയത്തിന്റെ രചനാത്മകമായ സാധ്യതകള്‍ ഇന്ത്യയില്‍ അവസാനിച്ചുവെന്നാണ് തോന്നുന്നത്. മുസ്‌ലിം മുന്‍കൈയിലുള്ള പുതിയ പാര്‍ട്ടികളെല്ലാം ബഹുജന വിഭാഗങ്ങളുടെ സാധ്യതകളാണ് പരീക്ഷിക്കുന്നത്. ഇതു കീഴടങ്ങലും ഒത്തുതീര്‍പ്പുമാണെന്നു പാരമ്പര്യ രാഷ്ട്രീയത്തിനു പുതുതലമുറ രാഷ്ട്രീയപ്രസ്ഥാനങ്ങളോട് പറയാനാവും. അവര്‍ സ്വകാര്യമായെങ്കിലും അങ്ങനെ പറയാറുണ്ട്. മുസ്‌ലിംലീഗ് ഇപ്പോഴും മുസ്‌ലിംലീഗാണ്, പച്ചക്കൊടിയാണ്. തങ്ങളും തലപ്പാവും തക്ബീറും സമൃദ്ധമാണ്.

Voters show their voter identity cards as they wait for their turn to cast their ballot during the Madhya Pradesh state assembly election, at a polling booth in Bhopal November 27, 2008. REUTERS/Raj Patidar (INDIA)

തീര്‍ച്ചയായും ലീഗിന്റെ പേരിലും കുറിയിലുമുള്ള പച്ചമുദ്ര സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ലീഗിനുണ്ട്. മുഖ്യധാരയിലൂടെ ഇത്രയും സഞ്ചരിച്ചുകഴിഞ്ഞിട്ടും ലീഗ് അത് അനുഭവിക്കുന്നുണ്ട്. പച്ച ബോര്‍ഡ്, പച്ച ബ്ലൗസ് വിവാദങ്ങളും എസ്.എസ്.എല്‍.സി. റിസല്‍ട്ടും നിലവിളക്കും വരെ ഇതിന്റെ ഉദാഹരണങ്ങളാണ്. മുസ്‌ലിം പ്രതിബദ്ധതയില്‍ പരമാവധി ഒത്തുതീര്‍പ്പു നടത്തിയാണ് ലീഗ് ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ചോദ്യമിതാണ്: മുസ്‌ലിംകള്‍ക്കു വേണ്ടത് പേരിലും കുറിയിലും മാത്രം മുസ്‌ലിമുള്ള, പ്രശ്‌നങ്ങളിലെല്ലാം കീഴടങ്ങുന്ന പാര്‍ട്ടിയാണോ, അതല്ല, പേരിലും കുറിയിലും മുസ്‌ലിമില്ലാത്ത, എന്നാല്‍ മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളിലും നീതിയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന പാര്‍ട്ടിയാണോ? ഇത് ലീഗ് സുഹൃത്തുക്കള്‍ രഹസ്യമായി പരിഹസിക്കുന്നപോലെ കീഴടങ്ങലല്ല; ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന മനുഷ്യവിവേചന രാഷ്ട്രീയത്തിന്റെ പ്രയോഗവല്‍ക്കരണമാണ്. മദീനയില്‍ പ്രവാചകന്‍ പ്രയോഗിച്ച ബഹുമത-ബഹുവംശ രാഷ്ട്രീയത്തിന്റെ പുതിയ പതിപ്പാണ്. കേരളത്തില്‍ നൂറ്റാണ്ടുകളോളം ശ്രേഷ്ഠരായ മുസ്‌ലിം പണ്ഡിതന്മാര്‍ നേതൃത്വം നല്‍കിയ ഇസ്‌ലാമിക മാനവവിമോചന രാഷ്ട്രീയത്തിന്റെ സമകാലിക രൂപമാണ്. മുസ്‌ലിം സമുദായത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിലൂടെയോ സായുധവല്‍ക്കരണത്തിലൂടെയോ മുസ്‌ലിംകളുടെയോ രാജ്യത്തിന്റെയോ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ല.ഫാഷിസത്തിന്റെ കാര്യത്തില്‍ സംഘപരിവാരത്തോട് മത്സരിക്കുന്നത് ധാര്‍മികമായും രാഷ്ട്രീയമായും അബദ്ധമാണ്. കാരണം, അവരേക്കാള്‍ കാര്യക്ഷമതയുള്ള ഫാഷിസ്റ്റാവാന്‍ ഒരു ശരിയായ മുസ്‌ലിമിന് ഒരിക്കലും കഴിയില്ല. അവരേക്കാള്‍ കുറഞ്ഞ ഫാഷിസ്റ്റാവാനും കഴിയില്ല. രാജ്യത്തിന്റെ ജനാധിപത്യത്തെയും ബഹുസ്വരതയെയും പല തരത്തിലുള്ള മര്‍ദ്ദിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളെയും എങ്ങനെ ശക്തിപ്പെടുത്താം എന്നതാവണം മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആലോചനാവിഷയം.

തേജസ് ദൈ്വവാരിക ഓഗസ്റ്റ് 1

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss