|    Oct 21 Sat, 2017 9:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വ തിരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍

Published : 6th October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: യൂത്ത്‌ലീഗിന്റെ പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമം പ്രതിസന്ധിയില്‍. സമസ്തയ്ക്ക് അനഭിമതരായവരെ നേതൃത്വത്തില്‍ കൊണ്ടുവരാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് കാരണം. നിലവിലുള്ള യൂത്ത്‌ലീഗ് ജോ. സെക്രട്ടറി പി കെ ഫിറോസിനെയും മലപ്പുറം ജില്ലാഭാരവാഹി ടി പി അഷ്‌റഫലിയെയും പുതിയ കമ്മിറ്റിയില്‍ ഭാരവാഹികളാക്കണമെന്ന് ലീഗിലെ ഒരു വിഭാഗത്തിനു നിര്‍ബന്ധമുണ്ട്. എന്നാല്‍, ഒരു കാരണവശാലും ഈ നീക്കം അനുവദിക്കുകയില്ലെന്ന് സമസ്തയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി തീര്‍ന്നിട്ട് വര്‍ഷം രണ്ടായി. ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ്  സംസ്ഥാന സമ്മേളനവും തിരഞ്ഞെടുപ്പും അടുത്ത മാസത്തേക്ക് നീട്ടിവച്ചത്. പി കെ ഫിറോസോ നജീബ് കാന്തപുരമോ സംസ്ഥാന പ്രസിഡന്റായി വരുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ.കുഞ്ഞാലിക്കുട്ടിയുമായി ഇരുവര്‍ക്കുമുള്ള അടുപ്പമാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള അധിക യോഗ്യത.
നജീബ് കാന്തപുരം നിലവില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. കൊല്ലം, എറണാകുളം, വയനാട് ജില്ലാ തിരഞ്ഞെടുപ്പുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. യൂത്ത്‌ലീഗിന്റെ പ്രധാന ഭാരവാഹികള്‍ക്കു 40 വയസ്സ് പൂര്‍ത്തിയായതിനാല്‍ നേതൃത്വത്തില്‍ തുടരാനാവില്ല. എംഎസ്എഫ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ മലപ്പുറം ജില്ലക്കാര്‍ക്ക് ലഭിക്കാത്തതിനാല്‍ ജില്ലയ്ക്ക് മുന്തിയ പരിഗണനയും ലഭിക്കേണ്ടതുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശം വിവാദമായിട്ടുണ്ട്. നജീബും ഫിറോസും യോഗ്യരല്ലെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്റേത്.
മുനവ്വറലി തങ്ങളെ ഭാരവാഹി സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കണമെന്ന ആഗ്രഹം ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, കെ എം ഷാജി, എന്നിവരടങ്ങിയ സമിതി ഭാരവാഹികളെ സമവായത്തോടുകൂടി കണ്ടെത്തുമെന്ന് ഉന്നത നതാവ് തേജസിനോടു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക