|    Apr 26 Thu, 2018 9:05 pm
FLASH NEWS

മുസ്‌ലിം പെണ്‍കുട്ടികള്‍ തെരുവിലിറങ്ങിയാല്‍

Published : 7th May 2016 | Posted By: mi.ptk

randam-pathi

സിബിഎസ്ഇ നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തിയതു സംബന്ധിച്ച ഹൈക്കോടതി വിധിയെയും പിന്നീടുണ്ടായ അവകാശവാദങ്ങളെയും കുറിച്ച് പറയാതെ പോവുന്നത് നീതികേടാണെന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്. നവമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് ഒരു വാര്‍ത്ത നല്‍കുന്നതിനേക്കാള്‍ സൂക്ഷ്മത പാലിക്കേണ്ട ഒന്നാണെന്ന് ഡ്രസ്‌കോഡ് വിഷയം ബോധ്യപ്പെടുത്തുന്നു. കാരണം കഴിഞ്ഞവര്‍ഷം ഇതേ വിഷയത്തില്‍ കോടതിയിലെത്തിയ തൃശൂര്‍ പാവറട്ടി സ്വദേശിനിയായ അമാന്‍ ബിന്‍ദ് ബഷീര്‍ എന്ന പെണ്‍കുട്ടിയും പിതാവുമാണ് ഈ കേസുമായി ഇത്തവണയും ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഏപ്രില്‍ 7, 8 തിയ്യതികളില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ വിശദമായ വാദം കേള്‍ക്കലുണ്ടായി. അഡ്വ. ഷമീം അഹമ്മദാണ് കേസില്‍ ഹാജരായത്.

randam-pathi-2

കഴിഞ്ഞ വര്‍ഷം ഇസ്‌ലാമികവസ്ത്രധാരണം അനുവദിച്ച് ഈ കുട്ടിക്ക് മാത്രമായി ഉത്തരവ് ലഭിച്ചതിനാലാണ് ഇത്തവണയും വീണ്ടും വരേണ്ടിവന്നതെന്നും ഇതൊരു പൊതു ഉത്തരവാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഖുര്‍ആന്റെയും  ഹദീസുകളുടെയും പിന്‍ബലത്തിലായിരുന്നു വാദം. ഇതിനായി സൗദിയിലേതടക്കമുള്ള പല പ്രാമാണിക ഗ്രന്ഥങ്ങളും ഹാജരാക്കുകയും ചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് മുന്‍കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്നത് ഹറാമാണെന്നും അതിനാല്‍ സിബിഎസ്ഇ ഡ്രസ്‌കോഡ് അനുവദിക്കരുതെന്നുമുള്ള ശക്തമായ വാദമാണ് ഉന്നയിച്ചത്. നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ഹൈക്കോടതിയിലെ പ്രശസ്തനായ ന്യായാധിപന്‍ തന്നെ ഈ  കേസില്‍ വിധിപ്രസ്താവവും നടത്തി. അതോടെ ഭരണഘടനാവിരുദ്ധവും മതവിരുദ്ധവുമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. സമാനമായ ചില ഹരജികളും ഇതേ വിഷയത്തില്‍ ചില സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വൈകി നല്‍കിയതിനാല്‍ ഈ ഹരജികളില്‍ വാദം കേട്ടിരുന്നില്ല. ഹരജിക്കാരിയായ പെണ്‍കുട്ടിയുടെ കേസില്‍ വിധി പറയുന്ന ദിവസം സംഘടനകള്‍ നല്‍കിയ ഹരജിയെക്കുറിച്ച് അവരുടെ അഭിഭാഷകന്‍ സൂചിപ്പിച്ചു. തുടര്‍ന്ന് ഈ ഉത്തരവ് സമാനമായ എല്ലാ ഹരജികള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വിധിക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ ഹരജിക്കാരിയായ പെണ്‍കുട്ടിയെയും അഭിഭാഷകനെയും അപ്രസക്തരാക്കി ചിലര്‍ വിഷയം ഏറ്റെടുത്തു. ഇത് ബോധ്യപ്പെടുത്തിയിട്ടും ബോധ്യപ്പെടാതെ ചിലര്‍ ആശയങ്ങള്‍ സംവദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ചര്‍ച്ചചെയ്യേണ്ട ഒരു സംഭവം പെണ്‍കുട്ടികള്‍ തെരുവില്‍ നടത്തിയ സമരമാണ്. സിബിഎസ്ഇ തലമറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ പോലും വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യംചെയ്യപ്പെടാവുന്നതാണ്. നിയന്ത്രണങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാവുമെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് ഇതു ചോദ്യംചെയ്യാനുള്ള അവകാശവുമുണ്ട്. തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ നടത്തിയ സമരത്തിന് വിവിധ മാനങ്ങളാണുള്ളത്. ഒന്ന് പെണ്‍കുട്ടികള്‍ അവള്‍ക്കുമേല്‍ ചെലുത്തുന്ന അധികാരത്തെ ചോദ്യംചെയ്തു തുടങ്ങിയിരിക്കുന്നുവെന്നതാണ്. അവള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിയിരിക്കുന്നു. മറ്റൊന്ന് പൊതുസമൂഹത്തിനു മുന്നില്‍ പ്രതികരിക്കാന്‍ മാത്രം മുസ്‌ലിം പെണ്‍കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞുവെന്നതാണ്. പുരുഷനിര്‍മിത അടിമബോധത്തില്‍ നിന്നാണ് കൂടുതല്‍ കൂടുതല്‍ ഒതുങ്ങുന്നതിനാണ് വസ്ത്രധാരണ വിഷയത്തില്‍ സ്ത്രീകള്‍ സമരത്തിനിറങ്ങിയതെന്ന് പറയുന്നവരുണ്ട്. എന്തു ബോധത്തില്‍ നിന്നായാലും നാളെ മറ്റു വിഷയങ്ങളിലും മുസ്‌ലിം സ്ത്രീസമൂഹം ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമെന്നതിന്റെ ഒരു സൂചനയായി ഇതിനെ കാണാവുന്നതാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുന്നത് അപരാധമായാണ് ഇപ്പോഴും സമൂഹം കാണുന്നത്. അപ്പോ പിന്നെ ന്യൂജനറേഷന്‍ കുട്ടികള്‍ ”ചങ്കാണ് ബ്രോ” എന്നു പറഞ്ഞ് കൂടി ഇറങ്ങിയാലോ? അത് ഏറ്റവും കൊടിയ പാപമായി കണക്കാക്കേണ്ടിവരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ന്യൂജറേഷന്‍ പദമെന്ന രീതിയില്‍ കണക്കാക്കിയാല്‍ ചങ്കും ബ്രോയുമൊന്നും അപമാനകരമല്ല. പെണ്‍കുട്ടികള്‍ ഏതു ജനറേഷനിലായാലും ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്ന അലിഖിതനിയമമുള്ളിടത്തോളം എല്ലാം പ്രശ്‌നം തന്നെ. തെരുവില്‍ ഇറങ്ങി സമരം നടത്താനും ന്യൂജനറേഷന്‍ റാലി നടത്താനും മുസ്‌ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയതിനുശേഷം പുരുഷമേധാവിത്വത്തിന്റെ ഭാവി അത്ര സുഖകരമല്ലെന്നു വേണം കരുതാന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss