|    Apr 21 Sat, 2018 11:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മുസ്‌ലിം പരിഷ്‌കരണത്തിന് പിന്നില്‍

Published : 5th October 2016 | Posted By: SMR

ഒ അബ്ദുല്ല

ആ ദിവസങ്ങളില്‍ ദോഹ സിറ്റിയില്‍ ഓടിക്കൊണ്ടിരുന്ന വാട്ടര്‍ ടാങ്കറുകളുടെ പിന്‍ഭാഗത്ത് മുഴുവന്‍ ഉര്‍ദു ലിപിയില്‍ ചുവന്ന നിറത്തിലുള്ള എഴുത്ത്- ‘സണ്‍ഡക് ഫോര്‍ മണ്‍ഡക്.’ ആര്‍ക്കും അതിന്റെ അര്‍ഥം മനസ്സിലായില്ല. ഏതോ ബലൂചികള്‍ തമാശയ്ക്കുവേണ്ടി എഴുതിവിട്ടതാവുമെന്നാണ് തുടക്കത്തില്‍ തോന്നിയത്. എന്നാല്‍, എല്ലാ വെള്ളംവണ്ടിയിലും അത്തരം എഴുത്ത് കണ്ടപ്പോള്‍ അധികൃതര്‍ക്ക് ആശങ്കയായി. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിവിധ വംശീയരും ഭാഷക്കാരും ഉപവംശീയരും ഉപഭാഷക്കാരും നിറഞ്ഞുതാമസിക്കുന്ന നഗരം. അതിനിടയില്‍ ഇവന്‍, ഈ സണ്‍ഡക് ഫോര്‍ മണ്‍ഡക് ആര്? ഇനി വല്ല അട്ടിമറിക്കുമുള്ള ആഹ്വാനമോ മറ്റോ ആയിരിക്കുമോ അത്? ഒരു പ്രഭാതത്തില്‍ മുഴുവന്‍ വണ്ടികളില്‍ നിന്നും അവ അപ്രത്യക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മലബാറിലെ മുസ്‌ലിം ഹൃദയഭാഗത്തു ചവിട്ടിനിന്ന് മുസ്‌ലിംകളെ ‘പരിഷ്‌കാര്‍ കര്‍ ദോ’ എന്ന് അലറിയപ്പോള്‍ ആ സണ്‍ഡക് ഫോര്‍ മണ്‍ഡക്കിന്റെ അര്‍ഥം പോലെ പലരും പലവിധത്തിലാണു മനസ്സിലാക്കിയത്. ഒട്ടുമിക്ക ഹിന്ദി പദങ്ങളുടെ കാര്യത്തിലെന്നപോലെ സ്വാദാ മുസ്‌ലിംകളെ പരിഷ്‌കരിക്കലായിരിക്കും പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് കരുതി ആശ്വസിച്ചു പലരും. കാരണം, ന്യായമായ കാരണങ്ങളാല്‍ അവരെ ഒരുപാട് പരിഷ്‌കരിക്കേണ്ടതുണ്ടല്ലോ. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ജീവിതത്തിന്റെ അരികിലേക്കു തള്ളപ്പെട്ട അവര്‍ ഏറെ ദുഷ്‌കരവും ദുരന്തപൂര്‍ണവുമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കു സ്വപ്‌നങ്ങളില്ല. അതിനാല്‍ തന്നെ അവരുടെ കണ്ണുകളില്‍ പ്രകാശമില്ല.
വടക്കേ ഇന്ത്യയില്‍ അവരുടെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ല. കാരണം, ബംഗാളിലാവട്ടെ ബിഹാറിലാവട്ടെ ജാര്‍ഖണ്ഡിലാവട്ടെ അവരുടെ ജീവിതപരിസരത്തൊന്നും പാഠശാലകളില്ല. അതുകൊണ്ടാണല്ലോ തീര്‍ത്തും അന്യവും തികച്ചും അപരിചിതവുമായ കേരളത്തിലെ ഓണംകേറാമൂലകളില്‍ വിശപ്പടക്കുകയും ഒപ്പം വിദ്യ അഭ്യസിക്കുകയും ചെയ്യുക എന്ന ഏകലക്ഷ്യവുമായി അവര്‍ അകലങ്ങളില്‍നിന്ന് പറക്കമുറ്റുംമുമ്പ് പറന്നണയാന്‍ ശ്രമിക്കുന്നത്. (ബാലാവകാശക്കാരുടെ അമിതോല്‍സാഹം മൂലം അവര്‍ക്ക് ആ അവസരവും നിഷേധിക്കപ്പെട്ടുകഴിഞ്ഞു).
വടക്കേ ഇന്ത്യയില്‍ അവര്‍ക്കു വിദ്യാലയങ്ങള്‍ മാത്രമല്ല ഇല്ലാത്തത്. അവരുടെ ജീവിതപരിസരങ്ങള്‍ ആരംഭിക്കുന്നിടത്ത് വൈദ്യുതി ലൈന്‍ തനിയെ അറ്റ് ഇല്ലാതാവുന്നു. അവര്‍ സമ്പൂര്‍ണ അന്ധകാരത്തിലാണ്. പരിഷ്‌കൃത ജീവിതത്തിനൊത്തു നീന്താനോ അതിന്റെ ഒഴുക്കിന്റെ ഭാഗമായി ഒഴുകാനോ കഴിയാത്ത അവര്‍ ഇന്ത്യയില്‍ സച്ചാര്‍ കമ്മിറ്റി എടുത്തുകാട്ടിയപോലെ ദലിത്-ആദിവാസി വിഭാഗങ്ങളെ മുമ്പിലേക്കു തള്ളിക്കൊണ്ട് പതിത്വത്തിന്റെ പടുകുഴിയിലേക്ക് മുതലക്കൂപ്പ് നടത്തിയിരിക്കുകയാണ്.
അതിനാല്‍ തന്നെ അവരുടെ വേഷം മുഷിഞ്ഞതത്രേ. അവരുടെ ഉടയാടകള്‍ അലക്കിത്തേച്ചതല്ല. അവരുടെ ശരീരത്തില്‍ നിന്ന് അടിച്ചുവീശുന്നത് ദുര്‍ഗന്ധത്തിന്റെ ഈര്‍പ്പമുള്ള വിയര്‍പ്പാണ്. അവര്‍ കൃത്യമായി മുഖക്ഷൗരം ചെയ്യുകയോ ഭംഗിയായി മുടി ഒതുക്കിവയ്ക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും തൊഴിലിലേര്‍പ്പെട്ടു ജീവിതം പച്ചപിടിച്ചുവരുമ്പോള്‍ കൃത്യവും ആസൂത്രിതവുമായ കണക്കുകൂട്ടലുകളിലൂടെ ചില തല്‍പരകക്ഷികള്‍ അവരുടെ പച്ചപ്പിനു മേല്‍ ചാടിവീണ് സകലതും കൊള്ളചെയ്യുകയോ കവര്‍ന്നെടുക്കുകയോ ചുട്ടുകരിക്കുകയോ ചെയ്യുന്നു. തുടര്‍ന്ന് അവരുടെ അധിവാസം അഭയാര്‍ഥിക്യാംപുകളിലേക്കു മാറുന്നു. അഹ്മദാബാദിലും ക്രോക്കജാറിലും ഒടുവിലായി മുസഫര്‍ നഗറിലും അനവധി പേരുണ്ട് ഇത്തരം അഭയാര്‍ഥികളായി. പുനരധിവസിപ്പിക്കപ്പെടാന്‍ അവര്‍ കശ്മീരി പണ്ഡിറ്റുകളുമല്ല. സ്‌പെഷ്യല്‍ സോണ്‍ പോവട്ടെ, കത്തിക്കരിഞ്ഞ ആ പഴയ കൂരകളിലേക്ക് തിരിച്ചുപോവാനുള്ള സംരക്ഷണം പോലും അവര്‍ക്കില്ല. ഇനി ആ ധിക്കാരത്തിനു മുതിര്‍ന്നാല്‍ അവര്‍ പിന്തുടരപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരമൊരു ജനവിഭാഗത്തെ പരിഷ്‌കരിച്ച് ആധുനികജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരണമെന്ന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുമ്പോള്‍ ആരാണ് ഹര്‍ഷപുളകിതരാവാത്തത്? ബ്രാവോ പിഎം!
എന്നാല്‍ പരിഷ്‌കാര്‍ എന്ന സണ്‍ഡക് ഫോര്‍ മണ്‍ഡക്കിന്റെ അര്‍ഥം പരിഷ്‌കരിക്കലോ സമുദ്ധരിക്കലോ ഒന്നുമല്ലത്രേ. മറിച്ച്, അവരെ പണ്ട് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്ന പണ്ഡിതന്‍ തുടങ്ങിവച്ച ശുദ്ധീകരിക്കലാണുപോലും. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വല്ല കുളത്തിലോ തോട്ടിലോ തെളിച്ചിറക്കി കഴുകി അലക്കി വൃത്തിയാക്കുന്നതിനു പകരം അവരെ വിശ്വാസപരിസരത്തു നിന്ന്, ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ അവരുടെ മനസ്സുകളില്‍ നിന്ന് ഏകദൈവവിശ്വാസവും പാരത്രികവിശ്വാസവും പാടെ കഴുകിക്കളഞ്ഞ് അവരെ ബഹുദൈവവിശ്വാസത്തിലേക്ക് മാര്‍ക്കംകൂട്ടലാണ്. അന്നു ദയാനന്ദസ്വരസ്വതി ആവിഷ്‌കരിച്ച ശുദ്ധ ഘര്‍വാപസി ഇല്ലേ, അതുതന്നെ.
ഇംഗ്ലീഷിലെ പ്യൂരിഫിക്കേഷന്‍ ആണത്രേ ദീന്‍ദയാല്‍ജിയുടെ പരിഷ്‌കാര്‍ എന്ന പദത്തിനര്‍ഥം. കൊല്‍ക്കത്തയില്‍ നിന്ന് ഇറങ്ങുന്ന ടെലഗ്രാഫ് പത്രമടക്കമുള്ളവര്‍ അങ്ങനെയാണതിന് മഅ്‌ന വച്ചിരിക്കുന്നത്. അതായത്, നരേന്ദ്ര മോദിയും കൂട്ടരും ചെയ്യാന്‍ പോവുന്നത് മുസ്‌ലിംകളുടെ കാര്യത്തില്‍ പ്യൂരിഫിക്കേഷനാണ്. 2020 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളെയും ഘര്‍വാപസിക്ക് വിധേയരാക്കുമെന്ന് ഏതോ മഹാനായ സാക്ഷി സാക്ഷ്യപ്പെടുത്തിയിരുന്നല്ലോ. മറ്റൊരു ബിജെപി എംപി പ്രഖ്യാപിച്ചിരിക്കുന്നത് മുസ്‌ലിംകളുമായി തുറന്ന യുദ്ധത്തിനു സമയമായി എന്നാണ്. അവര്‍ക്കു വോട്ടവകാശം നിഷേധിച്ചുകൊണ്ടും അവരെ ഷണ്ഡീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അവരുടെ ബിരിയാണിപ്പാത്രങ്ങളില്‍ കൈവിരലുകളിട്ട് ഇളക്കിക്കൊണ്ടും ഫ്രിജുകളില്‍ സൂക്ഷിച്ച മാംസത്തെ മുന്‍നിര്‍ത്തി ഗൃഹനാഥനെ തല്ലിക്കൊന്നുമൊക്കെയുള്ള അപ്രഖ്യാപിത യുദ്ധം ഇപ്പറഞ്ഞതിന്റെ ഭാഗമായാണ്.
ബലാല്‍ക്കാരങ്ങള്‍ വഴിയും മസില്‍പവര്‍ കാണിച്ചും മല്‍പ്പിടിത്തം നടത്തിയും ഒരു ജനതയെ അവരുടെ വിശ്വാസപ്രമാണങ്ങളില്‍ നിന്നും വിശ്വാസപ്രതിബദ്ധതയില്‍ നിന്നും മാറ്റിയെടുക്കുക സാധ്യമാണോ? അതിനു നേതൃത്വം നല്‍കുന്നത് ആരായിരുന്നാലും ആ നീക്കം വിജയിക്കുമോ?
അന്നു ക്രൂരരില്‍ ക്രൂരനായ യജമാനന്റെ അതിരുകളില്ലാത്ത പീഡനങ്ങള്‍ക്കു മുമ്പില്‍ ആകാശഭൂമികളെ വരെ അമ്പരപ്പിച്ചുകൊണ്ട് പര്‍വതസമാനം ഉറച്ചുനിന്ന ബിലാലിനെയും ഖബ്ബാബിനെയും പോലുള്ളവര്‍ മക്കാ മരുഭൂമിയിലെ തീ തുപ്പുന്ന ചൂടിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് തീയില്‍ നട്ടുവളര്‍ത്തിയ ഒരു വിശ്വാസപ്രമാണം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ചിലര്‍ കാട്ടിക്കൂട്ടുന്ന അല്‍പത്തരങ്ങള്‍ക്കു മുമ്പില്‍ വാടിക്കരിഞ്ഞില്ലാതാവുമോ? പ്രയാസമാണ്. ആഗോളാടിസ്ഥാനത്തില്‍ ഉമ്മത്തുമുസ്‌ലിമ വേട്ടയാടപ്പെടുന്നു. മ്യാന്‍മറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് കടലില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും അഭയമന്വേഷിച്ച് യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കവെ മധ്യധരണ്യാഴിയുടെ ആഴത്തിലേക്കു  ആപതിക്കുന്ന മുസ്‌ലിംകളെയും ഒരു കാര്യം ശ്രദ്ധിച്ചോ- ആ ആപദ്ഘട്ടങ്ങളിലും സ്വന്തം മതത്തെ തള്ളിപ്പറയുകയോ അതിന്റെ ചുറ്റുവട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പല്‍കൊള്ളുകയോ ചെയ്യുന്നില്ല അവര്‍. അവസാനശ്വാസം വരെയും അവര്‍ ആ വിശ്വാസത്തെ മുറുകെപ്പിടിക്കുകയും ആ മഹദ് വിശ്വാസത്തിന്റെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം സിദ്ധിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
അതായത്, മറ്റേതൊരു വിശ്വാസത്തേക്കാളും തങ്ങളുടെ മതം ശരിയും യുക്തിഭദ്രവും സര്‍വോപരി ദൈവികവുമാണെന്ന് അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു. അവരുടെ അചഞ്ചലമായ ഈ വിശ്വാസമാണ് ആ ആപദ്ഘട്ടങ്ങളിലെ അവരുടെ ഉറച്ച നിലപാടിനാധാരം.
ഏകനായ ദൈവം, അവനാണു പ്രപഞ്ചത്തെയും സകലമാന അണ്ഡകടാഹങ്ങളെയും അതിലെ ഒടുവിലത്തെ ഒച്ചിനെ വരെയും സൃഷ്ടിച്ചതെന്നും അതിനാല്‍ തന്നെ പരകോടി ദൈവിക സങ്കല്‍പങ്ങള്‍ക്കു പകരം സൃഷ്ടികര്‍ത്താവായ ദൈവത്തെ തന്നെയാണ് വണങ്ങേണ്ടതെന്നും അവര്‍ പലതവണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അതാവാം. പക്ഷേ, അവര്‍ മറ്റുള്ളവരെ തങ്ങളുടെ വിഗ്രഹക്കുറ്റിയില്‍ കുറുക്കിക്കെട്ടാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് ഒരു ഭരണകൂടമായാല്‍ പോലും അതു ലക്ഷ്യംകാണാന്‍ പോവുന്നില്ല. അതിനാല്‍ തന്നെ ഏതോ ബലൂചി അവരുടെ വെള്ളപ്പാത്രത്തിന്റെ മുകളില്‍ സണ്‍ഡക് ഫോര്‍ മണ്‍ഡക് എന്ന് എഴുതിയതുകൊണ്ടൊന്നും അവര്‍ ഭയപ്പെടാനും പോവുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss