|    Jun 19 Tue, 2018 6:47 am
Home   >  National   >  

മുസ്‌ലിം നാടോടി ഗായകന്റെ കൊലപാതകം: ദന്താല്‍ ഗ്രാമത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ പലായനം ചെയ്യുന്നു

Published : 12th October 2017 | Posted By: shadina sdna


ന്യൂഡല്‍ഹി:  നവരാത്രിയില്‍ മുസ്‌ലിം നാടോടി ഗായകനെ അടിച്ചുകൊന്നതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ദന്താല്‍ ഗ്രാമത്തിനിന്നും ന്യൂനപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യുന്നു. ഇക്കഴിഞ്ഞ 27നാണ് നാടോടി ഗായകനായ അമാദ് ഖാനെ സവര്‍ണ ജാതിക്കാര്‍ അടിച്ചുകൊന്നത്. ജയ്‌സാല്‍മീറിലെ ദന്താല്‍ ഗ്രാമത്തിലാണ് സംഭവം. പലായനം ചെയത 200ഓളം പേര്‍ ജയ്‌സാല്‍മീറിനു സമീപത്തെ ബലദ് ഗ്രാമത്തില്‍ മതിയായ സൗകര്യങ്ങളില്ലാതെ അഭയം തേടിയ അവസ്ഥയിലാണെന്ന് രാജസ്ഥാന്‍ പോലിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
പാകിസ്താന്‍ അതിര്‍ത്തിക്ക് അടുത്ത പ്രദേശമാണ് ദന്താല്‍.  നവരാത്രിയോടനുബന്ധിച്ച് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടക്കുന്ന ഗാനവിരുന്നുകളില്‍ അമാദ് ഖാനും പാടുക പതിവാണ്. ഇത്തവണയും അമാദ് പാടിയിരുന്നു. എന്നാല്‍, പാട്ടിലൂടെ തന്റെ ശരീരത്തിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ലെന്നും, പാട്ടില്‍ തെറ്റുവരുത്തി ഹിന്ദു ദേവതയെ അപമാനിച്ചെന്ന് ആരോപിച്ച് ക്ഷേത്ര പുരോഹിതനായ രമേശും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയായിരുന്നു. വാദ്യോപകരണം കേടുവരുത്തുകയും ചെയ്തു. തുടര്‍ന്ന് അന്നു രാത്രി തന്നെ ഒരുസംഘം രജപുത്ര വിഭാഗക്കാര്‍ വീണ്ടും അമാദിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം  ഉണ്ടാവുമെന്ന് ഭീഷണിയുള്ളതിനാല്‍ ബന്ധുക്കള്‍ പരാതിപ്പെടാന്‍ തയ്യാറായതുമില്ല. എന്നാല്‍, പിന്നീട് പോലിസില്‍ പരാതിപ്പെട്ടതോടെ പ്രത്യാഘാതം ഭയന്നാണ് കൂട്ടപ്പലായനം തുടങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതു  സംബന്ധിച്ച്  പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കഴിഞ്ഞദിവസം ചില ദേശീയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ഏറ്റെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവം വര്‍ഗീയ പ്രശ്‌നമല്ലെന്നും ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും സാമൂഹികപ്രവര്‍ത്തകയും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) നേതാവുമായ കവിതാ ശ്രീവാസ്തവ പറഞ്ഞു.
സംഭവത്തില്‍ പോലിസിനു പരാതി നല്‍കിയതിനു പിന്നാലെ രജപുത്ര വിഭാഗക്കാര്‍ എത്തി മുസ്‌ലിംകളോട് ഗ്രാമം വിട്ടുപോവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമാദ് ഖാന്റെ സഹോദരന്‍ സൂജ് ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. എന്നാല്‍,  ആരോപണങ്ങള്‍ പ്രദേശത്തെ ഗ്രാമമുഖ്യന്‍ നിഷേധിച്ചു. ഹൃദയാഘാതം മൂലമാണ് അമാദിന്റെ മരണമെന്നും മര്‍ദനം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമാദിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതായി വ്യക്തമാണെന്ന് പോലിസ് പറഞ്ഞു. ഗ്രാമം വിട്ടവരെ തിരികെ കൊണ്ടുവരുമെന്നും ജയ്‌സാല്‍മീര്‍ ജില്ലാ പോലിസ് മേധാവി ഗൗരവ് യാദവ് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചുമത്തി രമേശിനെ ഈ മാസം അഞ്ചിന് പോലിസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. ആക്രമണത്തിനു മുന്നിലുണ്ടായിരുന്ന രണ്ടുപേര്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss