|    Feb 27 Mon, 2017 10:22 am
FLASH NEWS

മുസ്‌ലിംവോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ മഹാസഖ്യത്തിന് എസ്പി

Published : 31st October 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംവോട്ടുകള്‍ ഭിന്നിക്കുന്നത് തടയാന്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി) ബിഹാര്‍ മാതൃകയില്‍ മഹാസഖ്യത്തിന്റെ സാധ്യത ആരായുന്നു.
എസ്പി നേതൃത്വത്തിലെ കലഹംമൂലം പ്രതിച്ഛായ പാടെ മങ്ങിപ്പോയ പാര്‍ട്ടിയെ കൈയൊഴിഞ്ഞ് മുസ്‌ലിംകള്‍ ബിഎസ്പിയോട് അടുക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് എസ്പി നേതാവ് ശിവപാല്‍ യാദവ് മഹാസഖ്യത്തിന്റെ സാധ്യത തേടുന്നത്. ജെഡിയു നേതാവ് ശരത് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരുമായി ശിവപാല്‍ ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ജെഡിയു, ആര്‍എല്‍ഡി കക്ഷികളുമായി കോണ്‍ഗ്രസ്സും ചര്‍ച്ചനടത്തിയിട്ടുണ്ട്. എന്നാല്‍, എസ്പി നേതാക്കളെ കോണ്‍ഗ്രസ് കണ്ടിട്ടില്ല. എസ്പി പിളരുന്നുവെങ്കില്‍ അഖിലേഷ് യാദവിനെ ആയിരിക്കും കോണ്‍ഗ്രസ് പിന്തുണയ്ക്കുക എന്നതാണ് സൂചന.
മഹാസഖ്യം യാഥാര്‍ഥ്യമായില്ലെങ്കില്‍ യാദവരും പാര്‍ട്ടിയില്‍ നിന്നകലുമെന്നാണ് എസ്പി ഭയപ്പെടുന്നത്. എസ്പി നേതൃത്വത്തിലെ കലഹം യാദവരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. അവര്‍ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് പോവുമെന്നാണ് ഒരു മുതിര്‍ന്ന എസ്പി നേതാവ് പറയുന്നത്. ദുര്‍ബലമായ എസ്പിയെ അവര്‍ കൈയൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, മഹാസഖ്യം യാഥാര്‍ഥ്യമാവുന്നുവെങ്കില്‍ മുസ്‌ലിം-യാദവ് വോട്ടുബാങ്ക് നിലനിര്‍ത്താനാവുമെന്നാണ് കണക്കുകൂട്ടല്‍.
എസ്പിയുടെ ദുര്‍ബലാവസ്ഥയില്‍നിന്ന് മുതലെടുക്കാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. യാദവരുടെ തട്ടകമായ ഇറ്റാവയില്‍ ഒക്ടോബര്‍ 27ന് സംഘടിപ്പിച്ച യോഗത്തില്‍ യാദവര്‍ ദേശീയവാദികളാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ നേട്ടം വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഇറ്റാവയിലെ റാലി വഴി യാദവര്‍ക്ക് ഭൂരിപക്ഷമുള്ള സമീപ മണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
മഹാസഖ്യത്തിന് ശിവപാല്‍ യാദവ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും അഖിലേഷ് അദ്ദേഹത്തിന്റെ കാര്‍ഡ് പുറത്തെടുത്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day