|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മുസ്‌ലിംവിരുദ്ധതയുടെ ആഴങ്ങള്‍

Published : 1st December 2018 | Posted By: kasim kzm

വെറുപ്പിന്റെ രാഷ്ട്രീയത്തിനു പിന്നില്‍- 2 കെ കെ ബാബുരാജ്
വര്‍ഗം എന്നത് ജാതിപോലെയുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഏര്‍പ്പാടാണെന്ന് കീഴാളരില്‍ നിന്നു ചോദ്യം ഉയര്‍ന്നുവന്നു. അപ്പോള്‍ അവര്‍ പതുക്കെ വര്‍ഗത്തിന്റെ ആധികാരികത കൈയൊഴിഞ്ഞു. അതിനുശേഷം അവര്‍ മതേതരത്വത്തിന്റെ പിറകെയായി. കഴിഞ്ഞ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന മുഴുവന്‍ സമ്മേളനങ്ങളിലും മതേതരത്വത്തിന്റെ മഹത്വമാണ് ഉയര്‍ന്നുവന്നത്.
വര്‍ഗസിദ്ധാന്തത്തിന്റെ ആധികാരികത നിലനിന്നപ്പോഴും മതേതരത്വത്തിന്റെ ആധികാരികത നിലനിന്നപ്പോഴും തുടര്‍ന്നുപോയ ഒരു കാര്യമാണ് മാറ്റിനിര്‍ത്തല്‍ അഥവാ എക്‌സ്‌ക്ലൂഷന്‍. അങ്ങനെ മുസ്‌ലിം സംഘടനകളെയും മുസ്‌ലിം ബുദ്ധിജീവികളെയും മുസ്‌ലിം സ്ത്രീകളെയും വൈവിധ്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ദലിതരെയും അവര്‍ മാറ്റിനിര്‍ത്തി. ചില ദലിതരെ ഈ വേദികളില്‍ കാണാം. സ്വന്തം പീഡനങ്ങളെപ്പറ്റി പറയുന്ന ദലിതരെ എല്ലാവര്‍ക്കും എപ്പോഴും ഇഷ്ടമാണ്. പീഡനത്തെക്കുറിച്ച് പറയുന്ന ദലിതരെ എല്ലാ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും ഇഷ്ടമാണ്. കാരണം, അതില്‍ നിന്ന് പ്രത്യേക രാഷ്ട്രീയമൊന്നും ഉല്‍പാദിപ്പിക്കാന്‍ പോകുന്നില്ല. മാത്രമല്ല, സവര്‍ണര്‍ക്ക് ഭയങ്കര സന്തോഷമാണ് അതു കേള്‍ക്കാന്‍. കാരണം, ഇത്രയും വര്‍ഷമായിട്ട് ഇവര്‍ ഒരുതരത്തിലും മാറിയിട്ടില്ലല്ലോ എന്ന സന്തോഷമാണ് ഈ പറച്ചില്‍ നല്‍കുക.
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു ആധികാരികതയാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞദിവസം നടന്ന ഒരു സമ്മേളനത്തില്‍ ആരൊക്കെയാണ് വന്നത്? ആനന്ദ് ആണ് അവിടെ വന്നത്. 20 വര്‍ഷം മുമ്പ് കേരളത്തില്‍ വളരെ ശക്തമായി ചോദ്യംചെയ്യപ്പെട്ടവരാണ് ഈ ആനന്ദിനെപ്പോലെയുള്ളവര്‍. അല്ലെങ്കില്‍ ഇവര്‍ വിളിക്കുക എം എന്‍ കാരശ്ശേരിയെയാണ്. ഇവരുടെയൊക്കെ മുസ്‌ലിംവിരുദ്ധതയുടെ ആഴമെന്താണ്?
അതുപോലെ സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട് തുടങ്ങിയവരെ മാത്രം വച്ച് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു. ഇവരാണ് ജനാധിപത്യത്തെപ്പറ്റി പറയുന്നത്. ജനാധിപത്യ പ്ലാറ്റ്‌ഫോം എന്നു പറഞ്ഞുകഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. നോക്കൂ, ദേശാഭിമാനിയില്‍ സുനില്‍ പി ഇളയിടത്തിന്റെ അഭിമുഖമുണ്ട്. അതില്‍ സുനില്‍ പറയുന്നുണ്ട്, പൊളിറ്റിക്കല്‍ ഇസ്‌ലാമിന് ജനാധിപത്യമില്ലെന്ന്.
അപ്പോള്‍ ജനാധിപത്യമുള്ളവര്‍ ആരാണ്? ജനാധിപത്യത്തിന്റെ ആള്‍ക്കാരാണോ കമ്മ്യൂണിസ്റ്റുകള്‍? സത്യംപറഞ്ഞാല്‍ മാര്‍ക്‌സിസം എന്നു പറഞ്ഞാല്‍ ജനാധിപത്യത്തിനു വിരുദ്ധമാണ്. ജനാധിപത്യത്തെ തന്ത്രമായി മാത്രമേ അവര്‍ കണക്കാക്കുന്നുള്ളൂ. ജനാധിപത്യവാദികളുമായി സംവദിക്കാന്‍ അവര്‍ക്കൊരു അര്‍ഹതയുമില്ല. മറിച്ചെന്താണ്? അവര്‍ ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നത് അവരുടെ മോറല്‍ സുപ്രിമസി പറയാനാണ്. ധാര്‍മികമായി തങ്ങളാണ് ശ്രേഷ്ഠര്‍ എന്നു വരുത്താന്‍ വേണ്ടി മാത്രമാണ് സുനില്‍ പി ഇളയിടം ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നത്.
അതുകൊണ്ടാണ്, ബൗദ്ധികരംഗത്തും രാഷ്ട്രീയരംഗത്തും കൃത്യമായ മുസ്‌ലിംവിരുദ്ധ സ്വഭാവമുള്ളവര്‍, അതു മാത്രം പറഞ്ഞിട്ടുള്ള ചില ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും ജനാധിപത്യ കണ്‍വന്‍ഷനുകളിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നത്. ആത്മാഭിമാനമുള്ള മനുഷ്യര്‍ക്ക് ഇവരെയൊക്കെ നിഷേധിക്കാന്‍ കഴിയേണ്ടതുണ്ട്. എന്റെയൊക്കെ ചെറുപ്പത്തില്‍ പട്ടത്തുവിളയുടെ ഒരു കഥ പറയുമായിരുന്നു. പണ്ടൊക്കെ ചെറുപ്പക്കാര്‍ എന്നാല്‍ പുരോഗമനവാദികളും പ്രായമായവര്‍ എന്നാല്‍ യാഥാസ്ഥിതികരും എന്നാണല്ലോ സങ്കല്‍പം. പട്ടത്തുവിളയുടെ കഥ ഒരു തിരിച്ചിടലാണ്. ചെറുപ്പക്കാരായ പിള്ളേര്‍ പഴയ രാഷ്ട്രീയമൊക്കെ പറഞ്ഞുവരുന്നു. അതു കാണുന്ന വൃദ്ധനായ അച്ഛന്‍ കാലിന്റെ ഒരു രോമം പറിച്ചെടുത്ത് മകനു നേരെ നീട്ടി പറയുന്നുണ്ട്, ഞങ്ങളൊക്കെ പണ്ട് പറിച്ചെറിഞ്ഞ വിഗ്രഹങ്ങളാണിത് എന്ന്.
അതുപോലെ, കേരളത്തില്‍ സെക്കുലറിസത്തിന്റെ പഴകിയ ലോകത്ത് ജീവിച്ച, ഈ കുഴപ്പംപിടിച്ച കാലത്ത് ഒരു ചിന്താശേഷിയും പ്രകടിപ്പിക്കാത്ത, കേരളത്തിലെ വൈവിധ്യങ്ങളെപ്പറ്റി ഒന്നും അറിയാത്ത, വെറും യാഥാസ്ഥിതിക ഫെമിനിസത്തിന്റെയും യാഥാസ്ഥിതിക മതേതരത്വത്തിന്റെയും യാഥാസ്ഥിതിക മാര്‍ക്‌സിസത്തിന്റെയും യാഥാസ്ഥിതിക ദലിത്‌വാദത്തിന്റെയും വക്താക്കളെയൊക്കെ വീണ്ടും വീണ്ടും ജനാധിപത്യ കണ്‍വന്‍ഷനുകളായി നമുക്കു മുന്നില്‍ കൊണ്ടുവരുന്നു. ഇതിലൂടെ എന്തു സംവാദമാണ് നടത്തുന്നത്? എന്തു പൊളിച്ചെഴുത്താണ് നടത്തുന്നത്? ഇവിടെ ഇവര്‍ക്ക് പ്രസക്തി വീണ്ടും വീണ്ടും കിട്ടുന്നതിലുള്ള കാരണമെന്താണ്?
കാരണം, ഒരു മുസ്‌ലിംവിരുദ്ധ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ ഇന്‍സ്റ്റിറ്റിയൂഷന്‍ ഒരുതരം വെറുപ്പ് സ്ഥാപിച്ചെടുക്കുന്നുണ്ട്. ഈ വെറുപ്പിനെ പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ വൈവിധ്യങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടിവരും. വ്യത്യാസം എന്നു പറയുന്നത് പ്രധാനമാണ്.
എന്തുകൊണ്ട് മുസ്‌ലിമിനോട് ശത്രുതയുണ്ടാവുന്നു? കാരണം, മതമല്ല മറിച്ച്, ദേശം എന്നു പറയുന്ന ഐഡന്റിറ്റിയാണ് ഇന്ത്യയിലെ ഹൈന്ദവതയുടെ സ്വഭാവം. മതമല്ല അതിന്റെ ഐഡന്റിറ്റി. മതരാഷ്ട്രവാദമല്ല അവര്‍ പറയുന്നത്. ദേശത്തെപ്പറ്റിയുള്ള ഒരു സവിശേഷമായ സങ്കല്‍പമാണ് അവര്‍ പറയുന്നത്. ദേശം ഒരു മാതാവിന്റെ രൂപത്തില്‍, ലാളന തരുന്ന, ഒരു ജൈവപിണ്ഡമായി അവര്‍ സങ്കല്‍പിച്ചിരിക്കുന്നു. ഈ ജൈവപിണ്ഡത്തില്‍ കൊള്ളാന്‍ കഴിയാത്ത അശുഭരാണ് വ്യത്യസ്താഭിപ്രായമുള്ളവര്‍.
പക്ഷേ, ഈ വ്യത്യസ്തതകളില്‍ മുസ്‌ലിം മുഖ്യമായി വരുന്നതെന്തുകൊണ്ടാണ്? വ്യത്യസ്തരെല്ലാം ഈ ജൈവപിണ്ഡത്തെ അലങ്കോലപ്പെടുത്തുന്നവരോ അതിന്റെ ഏകാഗ്രതയെ നഷ്ടപ്പെടുത്തുന്നവരോ അതിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തകര്‍ക്കുന്നവരോ ആണ്. പക്ഷേ, ഇന്നു മുസ്‌ലിം മാത്രമാണ് പ്രധാനപ്പെട്ട ശത്രുവാകുന്നത്. രണ്ടാംഘട്ടത്തില്‍ ക്രിസ്ത്യാനി ഇതിലേക്ക് വരും. ഇങ്ങനെ വരുന്നതിനു കാരണമെന്താണ്? ഇവിടെയാണ് വ്യത്യാസം എന്നു പറയുന്നത്. മതത്തിലും സവിശേഷമായ ജീവിതചര്യകളിലുമാണ് വ്യത്യാസമുണ്ടായിരിക്കുന്നത്.
നേരത്തേ സൂചിപ്പിച്ച ജൂതന്‍മാരുടെ പ്രശ്‌നമെന്തായിരുന്നു? ജൂതന്‍മാര്‍ യൂറോപ്പിലെ സമ്പന്നരായിരുന്നു; വലിയ പ്രത്യേകതകളുള്ളവരായിരുന്നു. പക്ഷേ, അവരോട് ജര്‍മന്‍ ജനത കടപ്പെട്ടവരായിരുന്നു. ജര്‍മനിയുടെ കുഴപ്പങ്ങളിലും പ്രതിസന്ധികളിലും അവര്‍ കൂടെ നിന്നു. പക്ഷേ, ഒന്നാം ലോകയുദ്ധത്തിലൂടെ കടന്നുപോയ ജര്‍മന്‍ ജനത ഒരു ജൈവസ്വഭാവത്തില്‍ ദേശീയമായി ഏകീകരിക്കപ്പെടണമെങ്കില്‍, ആത്മീയമായി അവര്‍ക്ക് ഉന്നതിയില്‍ പ്രവേശിക്കണമെങ്കില്‍, യഥാര്‍ഥ വ്യത്യാസമായ ജൂതന്മാരെ കൊന്നൊടുക്കണം. അവരെ അങ്ങനെ ഗ്യാസ് ചേംബറിലിട്ട് ഇല്ലാതാക്കി.
ഇതുപോലെ, ഇവിടെ ഹിന്ദു ഏകീകരിക്കപ്പെടണമെങ്കില്‍ വ്യത്യസ്തരായി നിലനില്‍ക്കുന്ന, സെമിറ്റിക് മതങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നവരും അതിന്റെ വ്യത്യസ്തതകളിലൂടെ ജീവിക്കുന്നവരും അതിന്റെ സദാചാര വ്യവസ്ഥകള്‍ അനുസരിച്ച് ജീവിക്കുന്നവരുമായ മുസ്‌ലിംകള്‍ക്കെതിരേയും ഇസ്‌ലാമിനെതിരേയുമുള്ള ശത്രുത ഉല്‍പ്പാദിപ്പിക്കേണ്ടിവരും. ദേശം എന്നു പറയുന്ന ഒരു വ്യവഹാരത്തിന്റെ ഐക്യത്തിന് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ് മുസ്‌ലിം.
മുസ്‌ലിമിനെ അകറ്റിനിര്‍ത്തിക്കൊണ്ട്, മുസ്‌ലിം ശബ്ദങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട്, മുസ്‌ലിം സംഘടനകളെ ഇല്ലാതാക്കിക്കൊണ്ട്, അവരോട് കണ്‍വേ ചെയ്യില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ കപടനാട്യങ്ങള്‍ മാത്രമാണ് ഇന്നത്തെ ജനാധിപത്യ കണ്‍വന്‍ഷനുകള്‍. അതിനോടു സമരം ചെയ്യാന്‍ നമുക്കാവണം. വ്യത്യാസങ്ങള്‍ എന്നു പറയുന്ന ഒരു പുതിയ രാഷ്ട്രീയപ്രമേയവുമായി ബന്ധപ്പെട്ടാണ് ഹിന്ദുത്വത്തിനെതിരേയുള്ള രാഷ്ട്രീയസമരങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടത്. അതു തീര്‍ച്ചയായും ഹൈന്ദവേതരരായ മതവിഭാഗങ്ങളുടെയും ഹൈന്ദവേതരരായ ജാതിവിഭാഗങ്ങളുടെയും അനേകം തരത്തിലുള്ള വൈവിധ്യങ്ങളുടെയും പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ി

(അവസാനിച്ചു)

(‘യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്’ നവംബര്‍ 23ന് എറണാകുളത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം.)

കടപ്പാട്: ഉത്തരകാലം.കോം

മധ്യമാര്‍ഗം പരമു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss