|    Sep 22 Sat, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുസ്‌ലിംലീഗ് ഓഫിസില്‍ സ്‌ഫോടനം; ആയുധശേഖരം പിടികൂടി

Published : 29th August 2018 | Posted By: kasim kzm

ഇരിട്ടി: ഇരിട്ടി പുതിയ ബസ്സ്റ്റാന്റിലെ മുസ്ലിംലീഗ് ഓഫിസായ സിഎച്ച് സ്മാരക സൗധത്തില്‍ വന്‍ സ്‌ഫോടനം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഓഫിസിന്റെ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തു നിന്ന് ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടികൂടി. ഉഗ്രശേഷിയുള്ള മൂന്നു നാടന്‍ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പുദണ്ഡുകളും രണ്ടു മരദണ്ഡുകളുമാണ് കണ്ടെടുത്തതെന്നു പോലിസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ വിദഗ്ധ പരിശോധനയില്‍ സ്‌ഫോടനം നടന്നത് സിഎച്ച് സൗധത്തില്‍ നിന്നാണെന്നു സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു ഇരിട്ടി നഗരത്തെ നടുക്കിയ സ്‌ഫോടനം. പുതിയ സ്റ്റാന്റിനു സമീപം മൂന്നുനില കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മൂന്നു കെട്ടിടങ്ങള്‍ക്കു കനത്ത നാശമുണ്ടായി. സമീപത്തുണ്ടായിരുന്ന നാലു കാറുകള്‍ ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി.
സ്‌ഫോടന ശബ്ദം കേട്ടു കെട്ടിടത്തിനുള്ളിലുള്ളവരും ബസ്സ്റ്റാന്റിലുള്ളവരും ചിതറിയോടി. ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പോലിസും ഫയര്‍ഫോഴ്‌സും നടത്തിയ പ്രാഥമിക പരിശോധനയില്‍ എയര്‍കണ്ടീഷനറിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു നിഗമനം. തുടര്‍പരിശോധനയിലാണ് കെട്ടിടത്തിനുള്ളില്‍ വന്‍ വിള്ളല്‍ കണ്ടെത്തിയത്.
കോണ്‍ഫറന്‍സ് ഹാളിന്റെ ഭിത്തിയുടെ ഒരുഭാഗവും ഓഫിസിലെ കസേരകളും ചിന്നിച്ചിതറി. കൂറ്റന്‍ സിമന്റ് കട്ടകള്‍ മീറ്ററോളം അകലെ തെറിച്ചുവീണു. സിമന്റ് കട്ടകള്‍ പതിച്ചാണ് കാറുകള്‍ തകര്‍ന്നത്.
സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നു സ്ഥിരീകരിച്ചതോടെ കെട്ടിടം പോലിസ് അടച്ചു. വൈകീട്ട് അഞ്ചോടെ നടത്തിയ പരിശോധനയിലാണ് ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നു തെളിഞ്ഞതെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു. ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനിടെ ഓഫിസിന്റെ ഗോവണിക്കു മുകളില്‍ കൂട്ടിയിട്ട സാധനങ്ങള്‍ക്കിടയില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങളും മൂന്നു നാടന്‍ ബോംബുകളും കണ്ടെത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തില്‍ പോലിസ് കേസെടുത്തു. മട്ടന്നൂര്‍ സിഐ ജോഷി ജോസ്, ഇരിട്ടി എസ്‌ഐ പി സുനില്‍കുമാര്‍, ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss