|    Jul 16 Mon, 2018 4:46 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മുസ്‌ലിംലീഗിലെ വോട്ടുചോര്‍ച്ച

Published : 10th August 2017 | Posted By: fsq

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ രണ്ട് എംപിമാര്‍ വോട്ട് ചെയ്തില്ല. ചെയ്യാതെപോയത് അവര്‍ വൈകി എത്തിയതുകൊണ്ടു മാത്രം. മുസ്‌ലിംലീഗ് നേതൃത്വം രാഷ്ട്രീയമായി മറുപടി പറയാന്‍ ബാധ്യസ്ഥമായ വലിയ വീഴ്ച. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കൂടി ലീഗിനുള്ള മൂന്നു വോട്ടുകളും ചെയ്യാതെപോയാലും ബിജെപി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷ വിജയത്തില്‍ മാറ്റം വരുമായിരുന്നില്ല. പക്ഷേ, മുസ്‌ലിംലീഗ് വൈകാരികമായി പോലും ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയുടെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനാണ് ഇതു തിരിച്ചടിയായത്. അതും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തന്നെ വീഴ്ച വരുത്തിയതില്‍. ഡല്‍ഹിയില്‍ വിമാനം എത്താന്‍ വൈകിയതുകൊണ്ടാണ് താമസിച്ചത് എന്നാണ് സാങ്കേതിക വിശദീകരണം. ഈ സാങ്കേതികത്വമല്ല, കടുത്ത രാഷ്ട്രീയ യാഥാര്‍ഥ്യമാണ് ഇപ്പോള്‍ മുസ്‌ലിംലീഗിനെ തുറിച്ചുനോക്കുന്നത്. ഇ അഹമ്മദിന്റെ ദുഃഖകരമായ വേര്‍പാടിനു ശേഷം മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവി പാര്‍ട്ടി ഏല്‍പിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയെയാണ്. 2017 ഫെബ്രുവരി 6ന് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നേതൃയോഗത്തില്‍ വച്ച് പാര്‍ട്ടി അധ്യക്ഷനായി തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ എംപി ഖാദര്‍ മൊയ്തീനെയും തിരഞ്ഞെടുത്തു. വന്‍ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് വിജയിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഒഴിവില്‍ നിന്നു പി കെ കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭയില്‍ എത്തിച്ചത് ദേശീയ തലസ്ഥാനത്തു നിന്ന് ഇ അഹമ്മദ് നിര്‍വഹിച്ച പാര്‍ട്ടിയുടെ രാഷ്ട്രീയ ദൗത്യം തുടരുന്നതിനുകൂടി ആയിരുന്നു. അതിനു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിലാണ് ഇ അഹമ്മദിന്റെ പിന്തുടര്‍ച്ചക്കാരന് ഈ രാഷ്ട്രീയ വീഴ്ച സംഭവിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മതനിരപേക്ഷ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം രാജ്യതലസ്ഥാനത്തെ നിത്യസാന്നിധ്യമായിരുന്നു ഇ അഹമ്മദ്. സ്വന്തം വോട്ട് മാത്രമല്ല, ഇതര പാര്‍ട്ടികളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ കൂടി ബിജെപി സ്ഥാനാര്‍ഥിക്കെതിരേ സ്വരൂപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഇ അഹമ്മദിനെപ്പോലെ കുഞ്ഞാലിക്കുട്ടിയും അവിടെ ഉണ്ടാകേണ്ടതായിരുന്നു. പകരം പി വി അബ്ദുല്‍ വഹാബ് എന്ന പാര്‍ട്ടിക്കാരനായ രാജ്യസഭാ എംപിയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. തലേന്നായിരുന്നു വിവാഹവും വിരുന്നും. കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 7 മണിക്ക് പുറപ്പെട്ട് 9.15നു രണ്ട് എംപിമാരും മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആ വിമാനം വൈകീട്ട് 3.15 വരെ പുറപ്പെടാന്‍ വൈകിയെന്നാണ് പറയുന്നത്. അതിനിടയില്‍ പല വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഉണ്ടായിരുന്നു. മനസ്സുവച്ചിരുന്നെങ്കില്‍ രണ്ടു പേര്‍ക്കും നേരത്തേ എത്തി വോട്ട് ചെയ്യാമായിരുന്നു. എയര്‍ഇന്ത്യയുടെ വാക്ക് വിശ്വസിച്ചതാണ് അബദ്ധമായതെന്ന വിശദീകരണം കുഞ്ഞാപ്പയുടെ ആരാധ്യ നേതാവായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പോലും വിഴുങ്ങുക പ്രയാസമാകും. രാഷ്ട്രീയ പക്ഷങ്ങള്‍ എന്തുതന്നെയായാലും മൂലധന താല്‍പര്യമുള്ളവര്‍ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ചിറകിനടിയിലേക്കു ചേക്കേറുന്ന പ്രതിഭാസമാണ് ദേശീയ രാഷ്ട്രീയത്തിലേത്. അതിന്റെ പരസ്യ കണക്കെടുപ്പായിരുന്നു രാഷ്ട്രപതി- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍. പി വി അബ്ദുല്‍ വഹാബിനെ പോലുള്ള ഒരു വ്യവസായി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥിക്കെതിരേ വോട്ട് ചെയ്യുന്നതിനു മുന്‍ഗണന നല്‍കിയില്ലെങ്കില്‍ അദ്ഭുതപ്പെടാനില്ല. ലീഗിന്റെ രാജ്യസഭാ അംഗത്തിലുള്ള വിശ്വാസമല്ല, മുസ്‌ലിംലീഗിന്റെ ദേശീയ-കേരള നേതൃത്വങ്ങളും പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിനു ന്യൂനപക്ഷങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയില്‍ അര്‍പ്പിച്ചിട്ടുള്ളത്. വഹാബിനൊപ്പം കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നത് അവരെ വേദനിപ്പിക്കും. ബിഹാറില്‍ നിതീഷ് കുമാറും ജെഡിയുവും ഗുജറാത്തില്‍ എന്‍സിപിയും ഒക്കെ സ്വീകരിച്ച ആര്‍എസ്എസ്-ബിജെപി നിലപാടിനൊപ്പം ഫലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും നിലയുറപ്പിച്ചു എന്നതാണ് അനുഭവം. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തന്നെ ഇതു തകര്‍ക്കുന്നു. ആര്‍എസ്എസ്-സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് വെല്ലുവിളിയെയും രാജ്യത്താകെ ഉയര്‍ത്തുന്ന ഭീതിയെയും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ലാഘവത്തോടെ കാണുന്നുവെന്ന ആശങ്ക പരന്നുകഴിഞ്ഞു. ഇത് മുസ്‌ലിംലീഗിലെ വോട്ടുചോര്‍ച്ചയായി കാണരുതെന്ന് നേതൃത്വം ബദ്ധപ്പെട്ട് വിശദീകരിച്ചാലും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയത്തിന്റെ ചോര്‍ച്ചയാണെന്ന് അവര്‍ക്കു സമ്മതിക്കേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss