|    Nov 21 Wed, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസ്‌ലിംകള്‍ കൊല്ലപ്പെടുമ്പോള്‍ സിപിഎം ആര്‍എസ്എസ് പക്ഷത്ത് ചേരുന്നു

Published : 20th May 2017 | Posted By: shins

കോഴിക്കോട്: മുസ്‌ലിംകള്‍ കൊല്ലപ്പെടുന്ന കേസുകളില്‍ സിപിഎം ഭരണത്തിലും ആര്‍എസ്എസ് പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് റിയാസ് മൗലവി വധത്തിലും ആവര്‍ത്തിക്കുന്നതെന്ന് അബ്ദുല്‍ മജീദ് ഫൈസി. സി പി എമ്മിന്റെ ആര്‍എസ്എസ് വിരോധം സ്വന്തം അണികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് പ്രകടമാകുന്നത്. വ്യാപകമായ കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഇര മാത്രമായിരുന്നു റിയാസ് മൗലവിയെന്ന്  മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതല്ലാതെ രണ്ട് മാസം പിന്നിട്ടിട്ടും കലാപത്തിന് കോപ്പ് കൂട്ടിയവരെ നിയമത്തിന് മുമ്പാകെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പയ്യന്നൂരിലെ  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് സിപിഎമ്മുകാരെ ഒരാഴ്ചക്കകം  പിടികൂടുന്നതിന് പോലീസ് കാണിച്ച ഉല്‍സാഹത്തിന്റെ നൂറിലൊന്ന് പോലും റിയാസ് മൗലവിയുടെ കാര്യത്തിലുണ്ടാകാത്തതെന്ത് കൊണ്ടാണ്.  കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ ബിജെപി കേരള പോലീസിനെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ കുപ്പായം ഊരി വെച്ച് വനവാസത്തിന് പോകുന്നതാണ് പിണറായി വിജയന് നല്ലത്. ഇല്ലെങ്കില്‍ പൂര്‍ണ്ണ നഗ്‌നനനായി അധികാരത്തില്‍ നിന്ന്  ഇറങ്ങിപ്പോകേണ്ടി വരുമെന്നും മജീദ് ഫൈസി മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ് പഴയ ചൂരി ജുമാ മസ്ജിദ് ജീവനക്കാരനായ മതപണ്ഡിതന്‍ റിയാസ് മൗലവിയുടെ കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്ഡിപിഐ നടത്തിയ എഡിജിപി ഓഫീസ് മാര്‍ച്ച്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളാണ് പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതെന്ന് സിപിഎം മറന്ന് പോകരുത്. ഈ ഭരണത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരും അസ്വസ്ഥരുമായി കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് ഭീകരതയില്‍ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുസ്‌ലിംകള്‍ സ്വയം ഏറ്റെടുക്കണോയെന്ന് അധികാരികള്‍ വ്യക്തമാക്കണം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. റിയാസ് മൗലവി വധവും കൊടിഞ്ഞി ഫൈസല്‍ വധവും മഞ്ചേരി സത്യസരണിയിലേക്കും തിരുവനന്തപുരത്ത് സലഫി സെന്ററിലേക്കും നടത്തിയ മാര്‍ച്ചുമെല്ലാം ഇതിനുള്ള ബഹുമുഖ പദ്ധതികളുടെ ഭാഗമാണെന്ന ബോധം മുസ്‌ലിംകള്‍ക്കുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തി വശത്താക്കുന്ന ഉത്തരേന്ത്യന്‍ പരീക്ഷണം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും കേരള ജനത മതേതരത്വത്തില്‍ ഊന്നി നിന്ന് കൊണ്ട് തന്നെ ഇത്തരം ആര്‍എസ്എസ് അജണ്ടകളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് തുളസിധരന്‍ പള്ളിക്കല്‍, സംഘാടക സമിതി കണ്‍വീനര്‍ പി അബ്ദുല്‍ ഹമീദ്, സലീം കാരാടി  സംസാരിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറി റോയി അറക്കല്‍ സംസ്ഥാന സമിതി അംഗങ്ങളായ ഇ.എസ് കാജാ ഹുസൈന്‍, എം ഫാറുഖ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എം.എ സലീം തുടങ്ങി ജില്ലാ ഭാരവാഹികളും പ്രതിഷേധ മാര്‍ച്ചിന് നേതൃതം നല്‍കി.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss