|    Dec 14 Fri, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുസ്‌ലിംകള്‍ കാത്തിരിക്കുന്നത് ജനാധിപത്യത്തിലും ജുഡീഷ്യറിയിലും വിശ്വാസമുള്ളതുകൊണ്ട്: ഇ എം

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യത്തിലും ജുഡീഷ്യറിയിലും വിശ്വാസമുള്ളതുകൊണ്ടാണ് ഹിന്ദുത്വസംഘടനകളുടെ പ്രകോപനപരമായ പ്രസ്താവനകളോട് രാജ്യത്തെ മുസ്‌ലിംകള്‍ അതേപടി മറുപടി പറയാത്തതെന്ന് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ എം അബ്ദുറഹ്്മാന്‍ പറഞ്ഞു. ബാബരി തകര്‍ത്തതിന്റെ 26ാം വാര്‍ഷികത്തോടനുബന്ധിച്ച് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശത്തര്‍ക്കം സംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കെ തന്നെയാണ് അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് സംഘപരിവാരം ആവശ്യപ്പെടുന്നത്. അതു കോടതിയലക്ഷ്യമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുകയെന്നതാണ് രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നീതിന്യായവ്യവസ്ഥയും ക്രമസമാധാനവും പുലരാന്‍ അനിവാര്യമായ വഴിയെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കുകയാണ്. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും 2019ലെ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് രാമക്ഷേത്രത്തിന്റെ പേരില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ബിജെപി. മോദി സര്‍ക്കാരിന്റെ അഴിമതിയും പരാജയവും മറച്ചുവയ്ക്കാന്‍ അവര്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു. ഹിന്ദു മതവികാരം വളര്‍ത്തി രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാമെന്ന പദ്ധതിയാണ് ഹിന്ദുത്വസംഘടനകള്‍ നടപ്പാക്കുന്നത്.
1992 ഡിസംബര്‍ 6ന് ബാബരി തകര്‍ത്തതിലൂടെ മുസ്്‌ലിംകളുടെ വെറുമൊരു ആരാധനാലയമല്ല, രാജ്യത്തിന്റെ ഭരണഘടനയുടെ മൂല്യങ്ങളാണു തകര്‍ത്തുകളഞ്ഞത്. ബാബരി മസ്ജിദ് അവിടെ പുനര്‍നിര്‍മിക്കുമെന്ന് രാജ്യത്തിന് അന്നത്തെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയതാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് എസ്ഡിപിഐ കരുതുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, എസ്എഎച്ച്ആര്‍ഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി നായര്‍, ജന്‍ സമ്മാന്‍ പാര്‍ട്ടി പ്രസിഡന്റ് അഡ്വ. അശോക് ഭാരതി, ഓള്‍ ഇന്ത്യ മുസ്്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവേദ് ഹാമിദ്, പ്രഫ. പി കോയ, എസ്ഡിപിഐ ദേശീയ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss