|    Dec 17 Sun, 2017 11:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസ്‌ലിംകള്‍ക്കെതി രായ പരാമര്‍ശം : സെന്‍കുമാറിനെതിരേ അന്വേഷണം ആരംഭിച്ചു

Published : 16th July 2017 | Posted By: fsq

 

തിരുവനന്തപുരം: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ കേസെടുത്തതിനു പിന്നാലെ പോലിസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സിഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അന്വേഷണസംഘം സെന്‍കുമാറില്‍നിന്ന് ഉടന്‍ മൊഴിയെടുക്കും. ഇതോടൊപ്പം വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയുടെ പ്രസാധകരുടെയും സെന്‍കുമാറിനെതിരേ പരാതി നല്‍കിയ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെയും മൊഴി രേഖപ്പെടുത്തും. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153(എ), 153(ഐ), പോലിസ് ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് സെന്‍കുമാറിനെതിരേ സൈബര്‍ പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പായതിനാല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടില്ല. കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയാണ് അറസ്റ്റ് ഒഴിവാക്കാന്‍ സെന്‍കുമാറിന് മുമ്പിലുള്ള ഏക പോംവഴി. അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം. സെന്‍കുമാര്‍ നടത്തിയതായി പറയപ്പെടുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൂടി അന്വേഷണസംഘം പരിശോധിക്കും. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനെതിരായ ഓഡിയോ തെളിവുകള്‍ ഹാജരാക്കാമെന്ന് പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, കേസ് നിയമപരമായി നേരിടാനാണ് സെന്‍കുമാറിന്റെ നീക്കം. തനിക്കെതിരേയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്നും അതിനാല്‍ എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം.സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിംകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss